Top

ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും ഒന്നിച്ചെത്തും; ‘വലിമൈ’ പുതിയ റിപ്പോർട്ടുകൾ

ഇതിനെക്കുറിച്ചുള്ള നിർമ്മാതാവ് ബോണി കപൂറിന്റെയും മറ്റു അണിയറപ്രവർത്തകരുടെയും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് അജിത്ത് ആരാധകർ.

1 July 2021 3:44 AM GMT
ഫിൽമി റിപ്പോർട്ടർ

ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും ഒന്നിച്ചെത്തും; ‘വലിമൈ’ പുതിയ റിപ്പോർട്ടുകൾ
X

അജിത്ത് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷൻ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഒന്നിച്ച് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട്.

വലിമൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഉടൻ തന്നെ പുറത്തുവിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെക്കുറിച്ചുള്ള നിർമ്മാതാവ് ബോണി കപൂറിന്റെയും മറ്റു അണിയറപ്രവർത്തകരുടെയും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് അജിത്ത് ആരാധകർ.

നേരത്തെ വലിമൈയിൽ അജിത്ത് ഒരു സിബി സിഐഡി ഉദ്യോഗസ്ഥനായാണ് എത്തുന്നത് എന്നും കഥാപാത്രത്തിന്റെ പേര് ഈശ്വരമൂർത്തി എന്നാണെന്നും വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റേതായി ഒരു അപ്ഡേറ്റും ഇതുവരെ പുറത്തുവന്നിട്ടില്ല. താരത്തിന്റെ ലുക്കോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പങ്കുവെക്കാത്തതിൽ അജിത് ആരാധകർ അമർഷത്തിലാണ്.

വലിമൈയുടെ ഫസ്റ്റ് ലുക്ക് മെയ് ഒന്നിന് പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം വർധിച്ച സാഹചര്യത്തിൽ ഫസ്റ്റ് ലുക്ക് റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂർ ട്വിറ്ററിലൂടെയായിരുന്നു തീരുമാനം പങ്കുവെച്ചത്.

വലിമൈയുടെ ചിത്രീകരണത്തിനിടയിൽ അജിത്തിന് പരിക്കേറ്റത് വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരുക്ക് പറ്റിയത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

Next Story