നായികയും നായകനും വില്ലനുമെല്ലാം നായ്ക്കൾ; ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിന്റെ പതിനഞ്ചാമത് ചിത്രം ‘വാലാട്ടിയുടെ’ ചിത്രീകരണം കഴിഞ്ഞു. നിർമാതാവ് വിജയ് ബാബു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി‌ശേഷം പങ്കുവെച്ചത്.നായകനും, നായികയും വില്ലനുമെല്ലാം നായ്ക്കൾ എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

ഞങ്ങൾ നിർമിച്ചിട്ടുള്ളതിൽ തന്നെ ഏറ്റവും വെല്ലുവിളികൾ നേരിട്ടിട്ടുള്ള ചിത്രം. ഇതൊരു ചരിത്രമാണ്. 9 നായ്ക്കൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം ദേവൻ, വിനയ് ബാബു, ഷിബു ജി സുശീലൻ ഉൾപ്പെടുന്ന കുഞ്ഞു താരനിരയും

വിജയ് ബാബു

ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി നായകനും നായികയും വില്ലനുമടക്കം ഭൂരിഭാഗം അഭിനേതാക്കളും നായകളാവുന്ന ചിത്രമായിരിക്കും വാലാട്ടി. നായകളുടെ ലോകത്ത് നടക്കുന്ന ഒരു പ്രണയ കഥയാണ് ‘വാലാട്ടി’ പറയുന്നതെന്ന് സംവിധായകൻ ദേവൻ പറഞ്ഞു. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോട് വീലര്‍, നാടന്‍ നായ ഇനങ്ങളിൽ പെട്ട നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നിങ്ങനെയാണ് ചിത്രത്തിൽ ഇവരുടെ കഥാപാത്രങ്ങള്‍ക്ക് പേര് നൽകിയിരിക്കുന്നത്.

വിഎഫ്എക്‌സ് പിന്തുണയില്ലാതെ പൂര്‍ണമായും നായക്കളെ ഉപയോഗിച്ചാണ് വാലാട്ടി ചിത്രീകരിച്ചത്. വിഷ്ണു പണിക്കര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിങ് അയൂബ് ഖാനാണ്. ചിത്രീകരണത്തിനായി കഴിഞ്ഞ ഒന്നരവര്‍ഷത്തോളം നായ കഥാപാത്രങ്ങളുടെ പരിശീലനം നടത്തിയിരുന്നു.

Latest News