Top

വൈഗ കൊലക്കേസ്; ആത്മഹത്യാശ്രമം നടത്തിയെന്ന മൊഴി കള്ളം, നിര്‍ണായക തെളിവുകള്‍ കാറ് കഴുകിയതോടെ നഷ്ടപ്പെട്ടെന്ന് സംശയം

കങ്ങരപ്പടിയിലുള്ള ഫ്‌ളാറ്റില്‍ വച്ച് വൈഗയെ കൊന്ന് മുട്ടാര്‍ പുഴയില്‍ ഒഴുക്കിയെന്ന മൊഴിയടക്കം മുഖവിലക്കെടുക്കാനാവില്ലന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

24 April 2021 11:29 PM GMT

വൈഗ കൊലക്കേസ്; ആത്മഹത്യാശ്രമം നടത്തിയെന്ന മൊഴി കള്ളം, നിര്‍ണായക തെളിവുകള്‍ കാറ് കഴുകിയതോടെ നഷ്ടപ്പെട്ടെന്ന് സംശയം
X

വൈഗയെ കൊലപ്പെടുത്തിയതിന് കാരണം സാമ്പത്തിക ബാധ്യതയാണെന്നും, മകളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നുമുള്ള പിതാവ് സനു മോഹന്റെ മൊഴി തെറ്റാണെന്ന് പൊലീസ്. കുട്ടിയെ കൊലപ്പെടുത്തി ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതിയെന്നും പൊലീസ് കണ്ടെത്തി.

കങ്ങരപ്പടിയിലുള്ള ഫ്‌ളാറ്റില്‍ വച്ച് വൈഗയെ കൊന്ന് മുട്ടാര്‍ പുഴയില്‍ ഒഴുക്കിയെന്ന മൊഴിയടക്കം മുഖവിലക്കെടുക്കാനാവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സനു മോഹന് രഹസ്യകാമുകി ഉണ്ടായിരുന്നതായും പോലീസിന് സംശയമുണ്ട്.

ഗോവയില്‍ വെച്ചടക്കം ആത്മഹത്യാശ്രമം നടത്തിയെന്ന സനു മോഹന്റെ മൊഴി തള്ളുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഗോവയില്‍ എത്തിയശേഷം ചൂതാട്ട കേന്ദ്രങ്ങളിലും, മാളുകളിലും, തിയേറ്ററുകളിലും ആയി പ്രതി കറങ്ങി നടക്കുകയായിരുന്നു. ഈ സ്ഥലങ്ങളില്‍ സനു മോഹനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

അതേസമയം, വൈഗ കൊലപാതകക്കേസിലെ നിര്‍ണായക തെളിവായ സനു മോഹന്റെ കാറിലെ രക്തക്കറ കാര്‍ കഴുകിയതോടെ നഷ്ടമായെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രതി സനു മോഹന്‍ കോയമ്പത്തൂരില്‍ വിറ്റ കാര്‍ കഴുകിയതോടെ രക്തക്കറ നഷ്ടപ്പെട്ടെന്നാണ് സംശയം. എന്നാല്‍ കാറിന്റെ സീറ്റിലൊരു ഭാഗത്ത് രക്തക്കറയുടേതെന്ന് തോന്നുന്ന അടയാളം കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് കണ്ടെടുത്ത കാര്‍ തൃക്കാക്കരയിലെത്തിച്ചാണ് പരിശോധന നടത്തിയത്.

അബോധാവസ്ഥയിലായിരുന്ന വൈഗയെ മുട്ടാര്‍ പുഴയില്‍ തള്ളാന്‍ കൊണ്ടുപോയത് കാറിന്റെ പിന്‍സീറ്റില്‍ കിടത്തിയാണ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വൈഗയുടെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്നിരുന്നു. ഈ രക്തക്കറയും, മുടിനാരുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ തേടിയാണ് പോലീസും, ഫോറന്‍സിക് വിദഗ്ധരും കാര്‍ പരിശോധിച്ചത്. എന്നാല്‍ കാര്‍ വാങ്ങിയവര്‍ ഷാംമ്പുവാഷ് ചെയ്തതാണ് തെളിവുകള്‍ കാര്യമായി അവശേഷിക്കാതിരിക്കാന്‍ കാരണം.

സഗോവ, കൊല്ലൂര്‍,കാര്‍വാര്‍, കാര്‍വാര്‍ ബീച്ച് എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ സംഘം സനു മോഹനുമായി കേരളത്തിലേക്ക് തിരിച്ചെത്തും. തുടര്‍ന്ന് സനു മോഹനെ ആലപ്പുഴയിലെ ബന്ധുവീടുകളിലുള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും. ഇതിന് ശേഷം സനുവിനെയും, ഭാര്യയേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. പ്രതിയെ മനോരോഗ വിദഗ്ധന്റെ സാന്നിധ്യത്തിലും ചോദ്യം ചെയ്യും.

വ്യാഴാഴ്ച വൈകീട്ട് നാലു വരെയാണ് കോടതി സനുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പൂനെ പോലീസും സനുവിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കും. പൂനെയിലെ സ്റ്റീല്‍ കമ്പനിക്ക് സനു മോഹന്‍ മൂന്ന് കോടി നല്‍കാനുണ്ട്. പൂനെയില്‍ ഇയാള്‍ക്കെതിരെ രണ്ട് കേസുകളുണ്ട്.

Also Read: ‘ചങ്ങല കൊണ്ട് കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്‌; കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കുടുംബം

Next Story

Popular Stories