Top

‘കേന്ദ്രമന്ത്രിയാണെങ്കിലും ഞാന്‍ ബിജെപി നേതാവ്’; ഏഷ്യാനെറ്റിനെ വിളിക്കാത്തതില്‍ മുരളീധരന്‍

കേന്ദ്രമന്ത്രിയാണെങ്കിലും താന്‍ ബിജെപി തീരുമാനമാണ് അനുസരിക്കുന്നതെന്ന് വ്യക്തമാക്കി വി മുരളീധരന്‍. വാര്‍ത്താസമ്മേളനത്തിലേക്ക് ഏഷ്യാനെറ്റിനെ വിളിക്കാത്തത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുരളീധരന്‍ ഇത്തരമൊരു മറുപടി നല്‍കിയത്. വി മുരളീധരന്‍ പറഞ്ഞത്: ”ഏഷ്യാനെറ്റിനെ ഞങ്ങള്‍ ബഹിഷ്‌കരിച്ചിട്ടില്ല. അവരോട് നിസഹകരണമാണ്. ഔദ്യോഗികമാണെങ്കിലും അനൗദ്യോഗികമാണെങ്കിലും ഞാന്‍ ബിജെപിയുടെ നേതാവാണ്. കേരള ബിജെപി ഘടകം നിസഹകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഒരു മാധ്യമത്തെ ഞാന്‍ വിളിച്ചിട്ടില്ല. കേന്ദ്രമന്ത്രിയാണെങ്കിലും ഞാന്‍ ബിജെപി തീരുമാനം പാലിക്കുന്നു. കേന്ദ്രമന്ത്രി എന്നത് പൊതുപദവിയാണ്.” ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗത്തില്‍ നിന്ന് താന്‍ പ്രതിഷേധിച്ചിറങ്ങി […]

12 May 2021 5:22 AM GMT

‘കേന്ദ്രമന്ത്രിയാണെങ്കിലും ഞാന്‍ ബിജെപി നേതാവ്’; ഏഷ്യാനെറ്റിനെ വിളിക്കാത്തതില്‍ മുരളീധരന്‍
X

കേന്ദ്രമന്ത്രിയാണെങ്കിലും താന്‍ ബിജെപി തീരുമാനമാണ് അനുസരിക്കുന്നതെന്ന് വ്യക്തമാക്കി വി മുരളീധരന്‍. വാര്‍ത്താസമ്മേളനത്തിലേക്ക് ഏഷ്യാനെറ്റിനെ വിളിക്കാത്തത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുരളീധരന്‍ ഇത്തരമൊരു മറുപടി നല്‍കിയത്.

വി മുരളീധരന്‍ പറഞ്ഞത്: ”ഏഷ്യാനെറ്റിനെ ഞങ്ങള്‍ ബഹിഷ്‌കരിച്ചിട്ടില്ല. അവരോട് നിസഹകരണമാണ്. ഔദ്യോഗികമാണെങ്കിലും അനൗദ്യോഗികമാണെങ്കിലും ഞാന്‍ ബിജെപിയുടെ നേതാവാണ്. കേരള ബിജെപി ഘടകം നിസഹകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഒരു മാധ്യമത്തെ ഞാന്‍ വിളിച്ചിട്ടില്ല. കേന്ദ്രമന്ത്രിയാണെങ്കിലും ഞാന്‍ ബിജെപി തീരുമാനം പാലിക്കുന്നു. കേന്ദ്രമന്ത്രി എന്നത് പൊതുപദവിയാണ്.”

ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗത്തില്‍ നിന്ന് താന്‍ പ്രതിഷേധിച്ചിറങ്ങി പോയെന്ന വാര്‍ത്തകള്‍ നിഷേധിച്ചും മുരളീധരന്‍ രംഗത്തെത്തി. മാധ്യമസ്ഥാപനങ്ങളിലെ സിപിഐഎം അനുഭാവികള്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തയാണിതെന്നും താന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍ പറഞ്ഞത്: ”സിപിഐഎം അനുഭാവികള്‍ എല്ലാ മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സര്‍ക്കാരിന് അനുകൂലമായിട്ടുള്ള വാര്‍ത്തകളാണ് അവര്‍ സൃഷ്ടിക്കുന്നത്. അങ്ങനെയുള്ളവരുടെ സൃഷ്ടിയാണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍. അതിനപ്പുറത്ത് ബിജെപിയുടെ യോഗത്തില്‍ ഈ പറഞ്ഞ രീതിയില്‍ ഒരു കാര്യവും നടന്നിട്ടില്ല. യോഗം ഞാന്‍ ബഹിഷ്‌കരിക്കുന്നത് എന്തിനാണ്. ഞാനും കൂടിയാണ് യോഗം വിളിച്ചത്.”

ബിജെപി സംസ്ഥാന നേതൃത്വം പരാജയമാണെന്നും കേന്ദ്രമന്ത്രിയെ കൊണ്ട് പാര്‍ട്ടിക്കൊരു ഗുണമില്ലെന്നും വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ യോഗത്തില്‍ നിന്ന് മുരളീധരന്‍ ഇറങ്ങിപ്പോയെന്നായിരുന്നു വാര്‍ത്തകള്‍. കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ കൂട്ടത്തോടെ വിമര്‍ശനമുന്നയിച്ചതോടെയായിരുന്നു മുരളീധരന്റെ പ്രതിഷേധം. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച വിമര്‍ശനമായിരുന്നു മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് അദ്ദേഹം ‘ലെഫ്റ്റടി’ക്കുകയായിരുന്നു. കോഴിക്കോട് ജില്ലയില്‍ കനത്ത പരാജയമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. ഒമ്പത് മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോല്‍വിയുടെ ഉത്തരവാദികളെന്നാണ് ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തല്‍.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി അവലോകന യോഗത്തിലും വാക്പോരുണ്ടായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.

Next Story