Top

‘ഇന്ന് മോദി വിരുദ്ധ രാഷ്ട്രീയം പറയാം, നാളെ കള്ളപ്പണം’; ചോദ്യങ്ങളില്‍ ഉരുണ്ട് കളിച്ച് മുരളീധരന്‍

കൊടകര കള്ളപ്പണക്കേസ്, സികെ ജാനുവിന് 10 ലക്ഷം എന്നീ സംഭവങ്ങളെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ചോദ്യങ്ങള്‍ ഉന്നയിച്ചവരോട്, ഇന്ന് നമുക്ക് മോദി വിരുദ്ധ രാഷ്ട്രീയം സംസാരിക്കാം, നാളെ കൊടകര സംഭവത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് ഒഴിഞ്ഞുമാറി കൊണ്ട് മുരളീധരന്‍ പ്രതികരിച്ചത്. സുരേന്ദ്രന്‍ പറഞ്ഞതില്‍ കൂടുതല്‍ തനിക്കിപ്പോള്‍ പറയാനൊന്നുമില്ല. ഇന്നത്തെ വിഷയം കേരള നിയമസഭയിലെ മോദി വിരുദ്ധ രാഷ്ട്രീയമാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് മുരളീധരന്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. മുരളീധരന്‍ പറഞ്ഞത്: […]

3 Jun 2021 6:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇന്ന് മോദി വിരുദ്ധ രാഷ്ട്രീയം പറയാം, നാളെ കള്ളപ്പണം’; ചോദ്യങ്ങളില്‍ ഉരുണ്ട് കളിച്ച് മുരളീധരന്‍
X

കൊടകര കള്ളപ്പണക്കേസ്, സികെ ജാനുവിന് 10 ലക്ഷം എന്നീ സംഭവങ്ങളെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ചോദ്യങ്ങള്‍ ഉന്നയിച്ചവരോട്, ഇന്ന് നമുക്ക് മോദി വിരുദ്ധ രാഷ്ട്രീയം സംസാരിക്കാം, നാളെ കൊടകര സംഭവത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് ഒഴിഞ്ഞുമാറി കൊണ്ട് മുരളീധരന്‍ പ്രതികരിച്ചത്. സുരേന്ദ്രന്‍ പറഞ്ഞതില്‍ കൂടുതല്‍ തനിക്കിപ്പോള്‍ പറയാനൊന്നുമില്ല. ഇന്നത്തെ വിഷയം കേരള നിയമസഭയിലെ മോദി വിരുദ്ധ രാഷ്ട്രീയമാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് മുരളീധരന്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

മുരളീധരന്‍ പറഞ്ഞത്: ”അന്വേഷണസംഘം ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് ഹാജരാകുന്നുണ്ട്. സിപിഐഎമ്മുകാരെ പോലെ ഒളിച്ച് നടക്കുന്നില്ല. കൊടകര സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കില്ലെന്ന് വ്യക്തമാക്കിയതാണ്. അതില്‍ കൂടുതല്‍ ഇന്നെനിക്ക് പറയാന്‍ താല്‍പര്യമില്ല. കാരണം ഇന്നത്തെ വിഷയം കേരള നിയമസഭയിലെ മോദി വിരുദ്ധ രാഷ്ട്രീയമാണ്. അതുകൊണ്ട് ബാക്കി കാര്യങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാം. നമ്മള്‍ നാളെയും മറ്റന്നാളും കാണുന്നുണ്ടല്ലോ. മറ്റ് കാര്യങ്ങള്‍ നാളെ പറയാം. അതൊരു പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണ്. ഇത് മൂന്നര കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. നിങ്ങള്‍ മോദി വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്ക്. കള്ളപ്പണത്തെക്കുറിച്ച് നാളെ സംസാരിക്കാം. ഇന്ന് തന്നെ പറയണമെന്ന് നിര്‍ബന്ധമില്ലല്ലോ. നാളെയും നിങ്ങള്‍ വന്നോ. നമുക്ക് കാണാമല്ലോ. ” തുടര്‍ന്നും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, നമുക്ക് നാളെ കാണാം, നാളെ കാണാം നിങ്ങള്‍ വന്നോ എന്ന മറുപടി മാത്രമാണ് മുരളീധരന്‍ നല്‍കിയത്.

ദില്ലിയിൽ മാധ്യമങ്ങളെ കാണുന്നു

Posted by V Muraleedharan on Wednesday, June 2, 2021

അതേസമയം, കെ സുരേന്ദ്രന്റെയും സികെ ജാനുവിന്റെയും വാദങ്ങള്‍ പൊളിച്ച് ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു രംഗത്തെത്തി. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി ബിജെപി, സികെ ജാനുവിന് കൈമാറിയെന്ന് ബാബു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബാബു പറഞ്ഞു. ജാനുവിന് പണം നല്‍കിയില്ലെന്ന സുരേന്ദ്രന്റെ വാദവും ബാബു തള്ളി. തിരുവനന്തപുരത്ത് അമിത് ഷാ വന്ന ദിവസം സുരേന്ദ്രന്‍ നേരിട്ടാണ് ജാനുവിന് പണം കൈമാറിയതെന്ന് ബാബു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ബാബു പറഞ്ഞത്: ”പണം കൊടുത്തുയെന്നത് സത്യം തന്നെയാണ്. പണം സികെ ജാനു വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നത്. തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രന്‍ നേരിട്ടാണ് പണം കൈമാറിയത്. കാശ് വാങ്ങിയിട്ട് ഇപ്പോള്‍ തന്നിട്ടില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. എല്ലാതിനും തെളിവുകളുണ്ട്. സ്വന്തം ആവശ്യത്തിന് പണം ഉപയോഗിക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പാര്‍ട്ടി. 10 ലക്ഷത്തിന് പുറമെ ബിജെപി 40 ലക്ഷം കൂടി കൈമാറിയിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചിട്ടാണ് ഈ പണം കൈമാറിയത്. കൈയില്‍ കൃത്യമായ തെളിവുകളില്ല. എങ്കിലും പണം കൈപ്പറ്റിയെന്നാണ് സൂചനകള്‍.”

ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം നിഷേധിച്ചാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. പ്രസീത വിളിച്ചിരുന്നുവെന്ന ആരോപണത്തെ പൂര്‍ണ്ണമായി തള്ളാതെയാണ് സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ശബ്ദരേഖ പൂര്‍ണ്ണമല്ലെന്ന് പറയുന്ന സുരേന്ദ്രന്‍ തന്നെ അതിലെ ശബ്ദം തന്റേതല്ലെന്നും ശബ്ദരേഖ വ്യാജമായി നിര്‍മ്മിച്ചതാണെന്നും പറയുന്നു. ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെ വിളിച്ചിട്ടുണാവാമെന്നും ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഓഡിയോ പൂര്‍ണ്ണമായി കേട്ടാലെ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പറയുന്ന സുരേന്ദ്രന്‍ എന്താണ് എഡിറ്റ് ചെയ്തതെന്നോ താന്‍ യഥാര്‍ഥത്തില്‍ എന്താണ് സംസാരിക്കാന്‍ ഉദ്ദേശിച്ചതെന്നോ വ്യക്തമാക്കിയിട്ടുമില്ല. സികെ ജാനുവിന് വ്യക്തിപരമായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. ഒരു രൂപ പോലും സികെ ജാനു തന്നോട് ആവശ്യപ്പെട്ടില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കേസുമായി യാതൊരു പങ്കുമില്ലാത്തതു കൊണ്ടാണ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നതെന്നും രണ്ട് മാസം അന്വേഷിച്ചിട്ടും പൊലീസ് എന്താണ് ബിജെപി നേതാക്കള്‍ക്കെതിരെ കണ്ടെത്തിയതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. കൊടകരയില്‍ നടന്ന ഒരു പണം കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ആസൂത്രിത കള്ള പ്രചരണം നടക്കുന്നത്. പണം ബിജെപിയുടേതാണ്, തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടു വന്നതാണ്, ബിജെപി നേതാക്കളെ മുഴുവന്‍ വിളിച്ച് ചോദ്യം ചെയ്യുന്നു, എന്നിങ്ങനെ. വലിയൊരു പുകമറ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ആ സംഭവം ശ്രദ്ധയില്‍പെട്ട അന്നു തന്നെ പറഞ്ഞിരുന്നു ഈ സംഭവുമായിട്ട് ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പണമാണ് ധര്‍മ്മരാജന്‍ കാറില്‍ കൊണ്ടു പോയതെങ്കില്‍ എന്തിനാണ് കേസു കൊടുക്കുന്നത്.’ സുരേന്ദ്രന്‍ ചോദിച്ചു.

Next Story