Top

കേന്ദ്രമന്ത്രി വി മുരളീധരന് എസ്‌കോട്ടും പൈലറ്റ് വാഹനവും വീണ്ടും അനുവദിച്ചു

ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തിലെത്തിയ മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മന്ത്രി ഗണ്‍മാനെ റോഡില്‍ ഇറക്കിവിട്ടത് വിവാദമായിരുന്നു.

20 Jun 2021 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രമന്ത്രി വി മുരളീധരന് എസ്‌കോട്ടും പൈലറ്റ് വാഹനവും വീണ്ടും അനുവദിച്ചു
X

കേന്ദ്രമന്ത്രി വി മുരളീധരന് കേരളത്തിലെത്തുമ്പോള്‍ നല്‍കിയിരുന്ന സുരക്ഷ വീണ്ടും അനുവദിച്ചു. കേന്ദ്രമന്ത്രിക്ക് എസ്‌കോട്ടും പൈലറ്റ് വാഹനവും അനുവദിക്കാനാണ് തീരുമാനം. രണ്ട് വര്‍ഷമായി വി മുരളീധരന്‍ കേരളത്തിലെത്തുമ്പോഴെല്ലാം എസ്‌കോട്ടും പൈലറ്റും നല്‍കി വന്നിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തിലെത്തിയ മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മന്ത്രി ഗണ്‍മാനെ റോഡില്‍ ഇറക്കിവിട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വീണ്ടും അനുവദിക്കുന്നത്.

ഗണ്‍മാന്‍ ബിജുവിനെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് മുരളീധരന്‍ ഇറക്കിവിട്ടത്. മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചതായാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്രസഹമന്ത്രിക്ക് നല്‍കിയിരുന്നത്. സുരക്ഷ ഒഴിവാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി പ്രതികരിച്ചിരുന്നത്.

എസ്‌കോര്‍ട്ടും പൈലറ്റും പിന്‍വലിച്ചതായി ഗണ്‍മാന്‍ തന്നെയായിരുന്നു മുരളീധരനോട് പറഞ്ഞത്. സുരക്ഷാ ഭീഷണിയുള്ളവര്‍ക്ക് മാത്രമാണ് കാറ്റഗറിയില്‍ പറഞ്ഞിട്ടുള്ള സുരക്ഷ ഒരുക്കേണ്ടത് എന്നാണ് നിര്‍ദ്ദേശമെന്ന് പൊലീസ് അന്ന് വിശദീകരിച്ചിരുന്നു. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തില്‍ തന്നെയായിരുന്നു അന്ന് ഗണ്‍മാനും കയറിയിരുന്നത്.

Next Story