
പട്ടാളത്തടവിലായ മ്യാന്മര് നേതാവ് ഓങ് സാന്‍ സൂചിയേയും കൂട്ടരേയും ഉടന്‍ സ്വതന്ത്രരാക്കണമെന്ന ആവശ്യവുമായി അമേരിക്ക. സൂചിയെ ഉടന്‍ വിട്ടയയ്ക്കണമെന്നും ഇല്ലെങ്കില്‍ വൈറ്റ്ഹൗസ് അതിശക്തമായി പ്രതികരിക്കുമെന്നും അമേരിക്ക മ്യാന്മര് മിലിറ്ററിയെ അറിയിച്ചു. ഇന്ന് വെളുപ്പിനാണ് ഓങ് സാന്‍ സൂചിയും മ്യാന്മര് പ്രസിഡന്റ് വിന് മ്യന്ടും ഉള്‍പ്പെടെയുള്ളവരെ പട്ടാളഅട്ടിമറിനീക്കത്തിന്റെ ഭാഗമായി മിലിറ്ററി പട്ടാളത്തടവിലാക്കിയത്.
തെരഞ്ഞെടുപ്പിനേയും ജനാധിപത്യസംവിധാനങ്ങളേയും അട്ടിമറിക്കാനുള്ള എല്ലാവിധ ശ്രമങ്ങളേയും തങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അമേരിക്ക പറഞ്ഞു. എത്രയും പെട്ടെന്ന് സൂചിയേയും കൂട്ടരേയും വിട്ടയച്ച് ജനാധിപത്യവ്യവസ്ഥ പുനസ്ഥാപിച്ചില്ലെങ്കില്‍ വൈറ്റ് ഹൗസിന് മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അമേരിക്ക മ്യാന്മര് മിലിറ്ററിക്ക് താക്കീത് നല്കി.
‘അമേരിക്ക ബര്മന് ജനതയോടൊപ്പമാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, സമാധാനം, വികസനം എന്നീ മൂല്യങ്ങള്‍ക്കൊപ്പമാണ്. ഇന്ന് തന്നെ തടവിലാക്കിയവരെ വിട്ടയച്ചേ മതിയാകൂ’. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ പറഞ്ഞു. മ്യാന്മര് മിലിറ്ററി നീതിന്യായ വ്യവസ്ഥയെ മാനിക്കാന്‍ തയ്യാറാകണമെന്നും പ്രശ്നങ്ങള്‍ ജനാധിപത്യരീതിയില്‍ പരിഹരിക്കണമെന്നുമായിരുന്നു ആസ്ട്രേലിയയുടെ ഔദ്യോഗിക പ്രതികരണം.
മ്യാന്മര് നേതാവ് ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കെതിരെ മിന്നല്‍ റെയ്ഡ് നടത്തി അവരെ അറസ്റ്റിലാക്കിക്കൊണ്ടാണ് മ്യാന്മറില് അട്ടിമറി നീക്കം നടക്കുന്നത്. ഇന്ന് അതിരാവിലെയാണ് മിലിറ്ററിയുടെ അപ്രതീക്ഷിത നീക്കം.
സൂചി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പട്ടാളത്തടവിലാണെന്നും വാര്‍ത്ത കേട്ട് നിങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്നും മ്യാന്മര് ഭരണകക്ഷിയുടെ വക്താവ് മ്യോ ന്യന്ട് ജനങ്ങളോട് പറഞ്ഞു. സൂചിയെക്കൂടാതെ മ്യാന്മര് പ്രസിഡന്റ് വിന് മ്യന്ട്, നിരവധി പ്രവശ്യാ മുഖ്യമന്ത്രിമാര്‍, ഭരണകക്ഷി അംഗങ്ങള്‍, ആക്റ്റിവിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരും തടവിലാണ്. എന്നാല്‍ മിലിറ്ററിയുടെ ഈ നീക്കത്തെ സമ്പൂര്ണ്ണപട്ടാള അട്ടിമറിയായി കാണാനാകില്ലെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.
സൂചിയുടെ അറസ്റ്റിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലിന്റേയും മ്യാന്മര് റേഡിയോയുടെയും സംപ്രേഷണം നിര്‍ത്തിവെച്ചു. സംപ്രേഷണത്തിന് തടസ്സങ്ങളുണ്ട് എന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചുകൊണ്ടാണ് ചാനല്‍ സംപ്രേഷണം അവസാനിപ്പിച്ചത്. നീണ്ട പട്ടാളഭരണത്തിനുശേഷം 2008 ലാണ് മ്യാന്മര് ജനാധിപത്യത്തിലേക്ക് ചുവടുവെച്ചിരുന്നത്. മ്യാന്മര് സര്‍ക്കാരും മിലിറ്ററിയും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം ഈ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വല്ലാതെ കടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂചിയുടെ അറസ്റ്റിന് മിനിട്ടുകള്‍ക്കുശേഷം തന്നെ സൂചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മര് തെരുവുകളില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.