ഗള്‍ഫ് മേഖലകളിലേക്ക് ഇസ്രായേലിന്റെ അപൂര്‍വ വ്യോമ കവചം; റോക്കറ്റുകള്‍ വരുന്ന വഴി തന്നെ ചിതറും

ഇസ്രായേല്‍ സൈനികായുധങ്ങളിലെ ഏറ്റവും മൂല്യമുള്ള ആയുധങ്ങളിലൊന്ന് ഗള്‍ഫ് മേഖലകളിലേക്ക് ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ അയണ്‍ ഡോം ഇന്റര്‍സെപ്റ്റര്‍ ബാറ്ററികളാണ് മേഖലകളിലേക്ക് വിന്യസിക്കാന്‍ പോവുന്നത്.
ബഹ്റിന്,യുഎഇഉ എന്നീ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെട്ടതിനു പിന്നാലെയാണ് ഇന്റര്‍സെപ്റ്റര്‍ ബാറ്ററികള്‍ മേഖലയിലേക്കെത്തുന്നത്. അതേസമയം ഇസ്രായേല്‍ സൈന്യമല്ല ഇവ മേഖലയില്‍ ഉപയോഗിക്കാന്‍ പോവുന്നത്. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സേനയാണ്.
2019 ഓഗസ്റ്റിലാണ് ഇസ്രായേല്‍ നിര്‍മിത അയണ്‍ ഡോം ഇന്റര്‍സെപ്റ്റര്‍ ബാറ്ററികള്‍ വാങ്ങാന്‍ അമേരിക്ക കരാറിലൊപ്പിട്ടത്. മൂന്നാഴ്ച മുമ്പ് കരാര്‍ പ്രകാരമുള്ള രണ്ടാമത്തെ അയണ്‍ ഡോമും ഇസ്രായേല്‍ പ്രതിരോധ വകുപ്പ് അമേരിക്കന്‍ സേനയ്ക്ക് കൈമാറിക്കഴിഞ്ഞു.
‘ ബാലിസ്റ്റിക്, വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ നിന്ന് അമേരിക്കന്‍ സൈനികരെ ഈ സംവിധാനം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു.
സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി മേഖലകളിലെ ഏതൊക്കെ രാജ്യങ്ങളില്‍ അയണ്‍ ഡോം ബാറ്ററി സിസ്റ്റം വിന്യസിക്കുന്നെന്നത് സംബന്ധിച്ച വിവരം പുറത്തു വിട്ടിട്ടില്ല. എന്നാല്‍ തന്ത്രപരമായാണ് അമേരിക്കയുമായി ഇസ്രായേല്‍ കരാര്‍ വെച്ചത്. മേഖലയില്‍ ഇറാനും സഖ്യ ശക്തികളും നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ സിസ്റ്റം ഉപയോഗിക്കണമെന്ന് ഇസ്രായേല്‍ സൈന്യം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
ഗള്‍ഫ് മേഖലയ്ക്ക് പുറമെ ഈസ്റ്റേണ്‍ യൂറോപ്യന്‍ മേഖലകളിലും അമേരിക്ക അയണ്‍ ഡോം വിന്യസിക്കുന്നുണ്ട്. മേഖലയിലെ അമേരിക്കന്‍ സൈന്യത്തിനു നേരെ റഷ്യന്‍ ആക്രമണണങ്ങള്‍ വന്നാല്‍ തടുക്കാനാണ് ഈ നീക്കം.
എന്താണ് അയേണ്‍ ഡോം ഇന്റര്‍സെപ്റ്റര്‍ ബാറ്ററി
ഇസ്രായേല്‍ നിര്‍മിത വ്യോമസൈനിക പ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം ബാറ്ററി. ഹ്രസ്വ ദൂര റോക്കറ്റുകള്‍, 45 മൈല്‍ ദൂരത്തു നിന്നു വരെ വിന്യസിക്കുന്ന ഷെല്ലുകള്‍ മോര്‍ട്ടറുകള്‍ എന്നിവയെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പ് ഇത് നശിപ്പിക്കുന്നു. ഇസ്രായേല്‍ സൈന്യത്തിലെ അമൂല്യ ആഭരണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബാറ്ററി ഇസ്രായേലിന്റെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് ഈ ഡോം ബാറ്ററികള്‍ നിര്‍മിച്ചത്.
എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്?
തങ്ങളുടെ പരിധിയിലേക്ക് വരുന്ന റോക്കറ്റുകളെ ഒരു റഡാര്‍ ട്രാക്ക് ചെയ്യുന്നു. പിന്നീട് ഈ മിസൈലുകള്‍ വരുന്ന പാത അഡ്വാന്‍സ്ഡ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്തുന്നു. ഇവ ഉപയോഗിച്ച് വരുന്ന പാതയില്‍ വെച്ച് തന്നെ ഈ മിസൈലുകള്‍ക്കു നേരെ ആക്രമണം നടത്തുകയും ആകാശത്തില്‍ വെച്ച് തന്നെ മിസൈല്‍ കഷ്ണങ്ങളായി ചിതറുകയും ചെയ്യുന്നു.
2011 മാര്‍ച്ചിലാണ് ഇസ്രായേല്‍ ആദ്യമായി അയേണ്‍ ഡോം ഉപയോഗിച്ചു തുടങ്ങിയത്. ഗാസയില്‍ നിന്നും വന്ന റോക്കറ്റാക്രമണങ്ങളെ അയേണ്‍ ഡോം ഇന്റര്‍സെപ്റ്ററുകള്‍ തടുക്കുകയായിരുന്നു. 2006 ല്‍ ലെബനനിലെ ഹിസ്ബൊള്ള ഭീകരസേനയുമായി നടന്ന യുദ്ധത്തിനു ശേഷമാണ് ഇത്തരമൊരു സംവിധാനം നിര്‍മിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. നോര്‍ത്തേണ്‍ ഇസ്രായേല്‍ മേഖലയിലേക്ക് 4000 റോക്കറ്റുകളാണ് അന്ന് ഹിസ്ബൊള്ള വിന്യസിച്ചത്. 44 പേര് അന്ന് കൊല്ലപ്പെട്ടു.
വന്‍ തുക അയണ്‍ ഡോം വിന്യസിക്കുന്നതിന് ചെലവാകുന്നതിനാല്‍ ജനവാസ മേഖലകളില്‍ മാത്രമാണ് ഇസ്രായല്‍ ഇവ ഉപയോഗിക്കാറുള്ളത്. ഇത്തരമൊരു സൈനിക സംവിധാനം നിര്‍മ്മിച്ചതിന് ഭാഗികമായി അമേരിക്ക ഇസ്രായേലിന് ഫണ്ട് നല്‍കിയിരുന്നു.
വാങ്ങാനുള്ള സൗദി ശ്രമം
2018 ല്‍ അമേരിക്കയുടെ മധ്യസ്ഥതയോടെ ഈ അയേണ്‍ ഡോം ഇന്റര്സെപ്റ്റേര്സ് ഇസ്രായേലില്‍ നിന്നും വാങ്ങാന്‍ സൗദി ശ്രമം നടത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത്തരമൊരു കച്ചവടത്തിന് ധാരണമായില്ലെന്ന് അന്ന് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് പ്രതികരിച്ചു. അതേസമയം സൗദി അയണ്‍ ഡോമിനായി തങ്ങളെ സമീപിച്ചോ എന്ന ചോദ്യത്തോട് ഇസ്രായേല്‍ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.
2019 ല്‍ സൗദി ദേശീയ എണ്ണ കമ്പനിയായ ആരാംകോയിലേക്ക് ഇറാന് റോക്കാറ്റാക്രമണം നടന്നപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ അയണ്‍ ഡോമിനായി ഇസ്രായേലിനെ സമീപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അതേസമയം ഇപ്പോള്‍ ഗള്‍ഫ് മേഖലകളിലേക്ക് അയേണ്‍ ഡോം വരുന്നതിന് ഇസ്രായേല്‍, യുഎഇ, ബഹറിന്‍ സമാധാന പദ്ധതിയല്ല കാരറമാമെന്നാണ് സൈനികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം 2019 ലാണ് അമേരിക്കയും ഇസ്രായേലും ഈ ആയുധ ഇടപാടിന് ധാരറമായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് അറബ്-ഇസ്രായേല്‍ അനുനയത്തിന്റെ അബ്രാഹാം കരാറില്‍ ഇസ്രായേലും യുഎഇയും ഒപ്പിട്ടത്.