Top

മായം ചേർക്കാൻ കഴുത ചാണകം, വൈക്കോൽ, ആസിഡ് ;സുഗന്ധവ്യഞ്ജന നിർമ്മാണ കേന്ദ്രം റെയ്‌ഡ്‌ ചെയ്ത് ഹത്രാസ് പൊലീസ്

ഫാക്ടറിയിൽ നിന്നും കണ്ടെടുത്ത മായം കലർന്ന വസ്തുക്കളിൽ മല്ലിപൊടി, മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല എന്നിവയും ഉൾപ്പെടുന്നതായി പൊലീസ് പറയുന്നു.

16 Dec 2020 6:38 AM GMT

മായം ചേർക്കാൻ കഴുത ചാണകം, വൈക്കോൽ, ആസിഡ് ;സുഗന്ധവ്യഞ്ജന നിർമ്മാണ കേന്ദ്രം റെയ്‌ഡ്‌ ചെയ്ത് ഹത്രാസ് പൊലീസ്
X

ഉത്തർപ്രദേശിലെ നവിപൂരിൽ മായം ചേർന്ന സുഗന്ധവ്യഞ്ജന കൂട്ടുകൾ നിർമ്മിക്കുന്ന കേന്ദ്രം പൊലീസ് റെയ്‌ഡ്‌ ചെയ്തു. കഴുത ചാണകവും, വൈക്കോലും ആസിഡും ഉപയോഗിച്ചു നിർമ്മിക്കുന്ന പ്രാദേശിക ബ്രാൻഡുകളുടെ സുഗന്ധവ്യഞ്ജന നിർമ്മാണ യൂണിറ്റാണ് ഹത്രാസ് പൊലീസ് കണ്ടെത്തിയത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ ഭാരവാഹിയായ അനൂപ് വർഷ്ണേയുടെ ഉടമസ്ഥതയിലാണ് ഈ നിർമ്മാണ കേന്ദ്രം. പ്രാദേശിക ബ്രാൻഡുകളുടെ പേരിൽ 300കിലോ വരെ വ്യാജ സുഗന്ധവ്യഞ്ജനങ്ങൾ പായ്ക്ക് ചെയ്‌തിരുന്നതായി ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ പറഞ്ഞു.

റെയ്ഡിനിടെ കഴുത ചാണകം, വൈക്കോൽ, ഭക്ഷ്യയോഗ്യമല്ലാത്ത നിറങ്ങൾ, ആസിഡുകൾ നിറഞ്ഞ ഡ്രംസ് എന്നിവയുൾപ്പെടെ വ്യാജ സുഗന്ധവ്യഞ്ജനങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ച നിരവധി ചേരുവകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. യാതൊരു മുന്നറിയിപ്പുകളും നൽകാതെയാണ് ഈ റെയ്‌ഡ്‌ നടത്തിയതെന്ന് പൊലീസ് അറിയിക്കുന്നു

ഫാക്ടറിയിൽ നിന്നും കണ്ടെടുത്ത മായം കലർന്ന വസ്തുക്കളിൽ മല്ലിപൊടി, മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല എന്നിവയും ഉൾപ്പെടുന്നതായി പൊലീസ് പറയുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ഡിപ്പാർട്മെൻറ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ പരിശോധന ഫലം കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കുറ്റകൃത്യം തടയാനുള്ള വകുപ്പ് ചുമത്തി അനൂപ് വർഷ്ണേയെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ വർഷ്ണേക്ക് നിർമ്മാണകേന്ദ്രം നടത്തി കൊണ്ട് പോകാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല എന്നും കണ്ടുകെട്ടിയ ബ്രാൻഡുകളുടെ പേരുകൾ ഉപയോഗിക്കാനുള്ള സമ്മതപത്രം സമർപ്പിക്കാനായില്ല എന്നും പൊലീസ് പറയുന്നു.

Next Story

Popular Stories