Top

രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത് ഇവയൊക്കെ; ധനമന്ത്രി പ്രഖ്യാപിച്ചത് ഇങ്ങനെ; കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങള്‍

രാജ്യത്തെ കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

1 Feb 2021 1:37 AM GMT

രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത് ഇവയൊക്കെ; ധനമന്ത്രി പ്രഖ്യാപിച്ചത് ഇങ്ങനെ; കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങള്‍
X

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ നടക്കുന്ന ബജറ്റ് അവതരണത്തില്‍ എല്ലാവരും കാത്തിരുന്നത് കാര്‍ഷികമേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങള്‍ക്കുവേണ്ടിയായിരുന്നു. കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനിടയിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം ആരംഭിച്ചതുതന്നെ. കാര്‍ഷിക, ആരോഗ്യ മേഖലകളെ സവിശേഷ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താഴെപ്പറയുന്നവയാണ് കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങള്‍.

ഗോതമ്പുസംഭരണത്തിനായി 75,060 കോടിരൂപയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. താങ്ങുവില ഇനത്തില്‍ ഈ വര്‍ഷം 1.72 ലക്ഷം കോടിരൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വായ്പയ്ക്കായി 16.5 ലക്ഷം കോടിരൂപ മാറ്റിവെച്ചിട്ടുണ്ട്. സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടതായും ധനമന്ത്രി പറഞ്ഞു. നെല്ലിന്റേയും ഗോതമ്പിന്റേയും താങ്ങുവിലയുടെ പ്രയോജനം 1.54 കോടി കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കാര്‍ഷികമേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തുന്നതിനിടയിലും പ്രതിപക്ഷം പ്രതിഷേധസ്വരമുയര്‍ത്തി.

ബജറ്റ് അവതരണത്തിന് തൊട്ടുമുന്‍പ് ബജറ്റില്‍ താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പട്ടികപ്പെടുത്തിയിരുന്നു. കര്‍ഷകരേയും മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളേയും സംരക്ഷിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി ഒരു ട്വീറ്റിലൂടെ പറഞ്ഞു. ജീവന്‍ രക്ഷിക്കാനായി ആരോഗ്യമേഖലയിലെ ചെലവ് വര്‍ദ്ധിപ്പിക്കണമെന്നും പ്രതിരോധമേഖലയിലെ ചെലവ് വര്‍ദ്ധിപ്പിക്കണമെന്നുമാണ് രാഹുലിന്റെ മറ്റ് നിര്‍ദ്ദേശങ്ങള്‍.

Next Story