Top

നിയമന അംഗീകാരവും ശമ്പളവും ഇല്ല; എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ സമരത്തിലേക്ക്

നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ സമരത്തിലേക്ക് നീങ്ങുന്നു. ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട അദ്ധ്യാപകര്‍ പാലക്കാട് കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരവും പ്രതിഷേധാത്മക തെരുവ് കച്ചവടവും നടത്തി പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ ആണ് അദ്ധ്യാപക സംഘടനകളുടെ തീരുമാനം. അന്നന്നത്തെ അന്നത്തിനായി തെരുവ് കച്ചവടം നടത്തുന്ന ഇവര്‍ ഭാവി തലമുറക്ക് അറിവ് പകര്‍ന്ന് നല്‍കുന്ന അദ്ധ്യാപകരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പളവും നിയമനാംഗീകാരവും ലഭിക്കാതെ […]

28 Oct 2020 7:48 PM GMT

നിയമന അംഗീകാരവും ശമ്പളവും ഇല്ല; എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ സമരത്തിലേക്ക്
X

നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ സമരത്തിലേക്ക് നീങ്ങുന്നു. ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട അദ്ധ്യാപകര്‍ പാലക്കാട് കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരവും പ്രതിഷേധാത്മക തെരുവ് കച്ചവടവും നടത്തി പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ ആണ് അദ്ധ്യാപക സംഘടനകളുടെ തീരുമാനം.

അന്നന്നത്തെ അന്നത്തിനായി തെരുവ് കച്ചവടം നടത്തുന്ന ഇവര്‍ ഭാവി തലമുറക്ക് അറിവ് പകര്‍ന്ന് നല്‍കുന്ന അദ്ധ്യാപകരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പളവും നിയമനാംഗീകാരവും ലഭിക്കാതെ ജീവിതം വഴിമുട്ടിയതോടെ ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി കേരള നോണ്‍ അപ്രൂവല്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പലക്കാട് കളക്ട്രേറ്റിന് മുന്നില്‍ എത്തിയത്. തങ്ങളുടെ ദയനീയ അവസ്ഥ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്നതിനായാണ് ഇത്തരമൊരു സമരരീതി എന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

കൊവിഡ് കാലമായതിനാല്‍ വില്‍പനക്കായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നതൊക്കെയും ഹാന്‍ഡ് വാഷും, സാനിറ്റൈസറുമാണ്. ഇതെല്ലാം നിര്‍മിച്ചതും അദ്ധ്യാപകര്‍ തന്നെയാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമായി മാറുന്ന നാളുകളില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കുളുകളിലെ അദ്ധ്യാപകര്‍ തെരുവിലാണ്.

പലതവണ വിദ്യാഭ്യാസമന്ത്രി അടക്കമുള്ള ജനപ്രതിനിധികളെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഒരു ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയം ഇത്രയും നീട്ടിക്കൊണ്ട് പോയി അദ്ധ്യാപക സമൂഹത്തേയും ഇല്ലാതാക്കുന്ന അവസ്ഥയാണ് നടക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.
അനുകൂലമായൊരു നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടായില്ല എങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് കടക്കാനാണ് അദ്ധ്യാപക സംഘടനകളുടെ തീരുമാനം.

Next Story