Top

ഉമര്‍ ഫൈസി അഭിമുഖം: മതരാഷ്ട്രവാദികളെ കൂടെ കൂട്ടിയാല്‍ കൂട്ടുന്നവര്‍ നശിക്കും

28 Dec 2020 12:36 PM GMT
എം.പി ബഷീർ

ഉമര്‍ ഫൈസി അഭിമുഖം: മതരാഷ്ട്രവാദികളെ കൂടെ  കൂട്ടിയാല്‍ കൂട്ടുന്നവര്‍ നശിക്കും
X

മുസ്ലിം ലീഗുമായി അകല്‍ച്ചയിലാണോ സമസ്ത ഇപ്പോള്‍?

സമസ്തയും മുസ്‌ലിം ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ചില കാര്യങ്ങളില്‍ പൊതുവായുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ സമയാസമയങ്ങളില്‍ ചര്‍ച്ചചെയ്ത് സമവായത്തിലെത്തി പോകാറുണ്ട്. മുസ്ലിം ലീഗ് സമസ്തയല്ലാത്ത മുസ്ലിംങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. എന്നാലതില്‍ കൂടുതല്‍ അംഗങ്ങള്‍ സമസ്തയില്‍ നിന്നുള്ളവരായതുകൊണ്ടും പാണക്കാട് തങ്ങള്‍മാര്‍ രണ്ടിന്റെയും നേതൃത്വം വഹിക്കുന്നതുകൊണ്ടും
സമസ്തയ്ക്ക് മേല്‍ക്കോയ്മ മുസ്ലിം ലീഗ് നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ സമസ്തയും മുസ്ലിം ലീഗും വളരെ ഒത്തൊരുമയോടെയാണ് പോകാറുള്ളത്.

എന്തെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടപ്പോള്‍ പരസ്പരം കൂടിയാലോചിച്ചാണത് ചെയ്യാറുള്ളത്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തില്‍ അവരുമായി ഒരു നിലയ്ക്കുമുള്ള ബന്ധമുണ്ടാക്കില്ല എന്ന് പാണക്കാട് ഒരുമിച്ചുകൂടിയെടുത്ത ഒരു തീരുമാനമുണ്ടായിരുന്നു. ബഹുമാനപ്പെട്ട തങ്ങള്‍ തന്നെയായിരുന്നു അത് പ്രഖ്യാപിച്ചത്. പ്രാദേശികമായി ചില ധാരണകളുണ്ടാക്കിയെന്ന് പറയപ്പെടുന്നെങ്കിലും സംസ്ഥാന കമ്മിറ്റിക്ക് ഇതുമായി ബന്ധമുണ്ടാകില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ പലയിടത്തും വളരെ രൂക്ഷമായും പ്രകടമായും തന്നെ ഈ കൂട്ടുകെട്ടുണ്ടായി എന്നത് യുഡിഎഫില്‍ തന്നെ അടിപിടിയായി മാറുന്ന സാഹചര്യം വരെ എത്തിയിരിക്കുന്നു. അവരെ കൂടെ കൂട്ടുന്നവര്‍ നശിക്കുമെന്ന് പറയുന്നത് അതുകൊണ്ടാണ്.

ലീഗ് നേതാക്കളായ മജീദ് സാഹബ്, അബ്ദുൽ വഹാബ്, അബ്ദുസമദ് സമദാനി, മുനീര്‍ സാഹബ്, കുഞ്ഞാലിക്കുട്ടി സാഹബ് എന്നിവരും സമസ്ത നേതാക്കളായ ആലിക്കുട്ടി തങ്ങള്‍, ജിഫ്‌റി തങ്ങള്‍, പാണക്കാട് തങ്ങള്‍ എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണ് അങ്ങനെ ഒരു ധാരണയിലെത്തിയത്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ധാരണയുണ്ടാക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ കേട്ടുതുടങ്ങിയതാണ് അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിവെച്ചത്. എന്നാല്‍ അങ്ങനെയൊരു ധാരണയില്ലെന്ന് മുസ്ലിം ലീഗ് നിഷേധിക്കുകയായിരുന്നു. അങ്ങനെയൊരു സാധ്യത തന്നെയില്ലെന്നായിരുന്നു അന്ന് ചര്‍ച്ചചെയ്ത് എത്തിയത്. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ചിലയിടത്തൊക്കെ അത് വളരെ പ്രകടമായി തന്നെയാണ് കാണാന്‍ കഴിഞ്ഞത്.

ജമാഅത്തെ വിഷയത്തില്‍ സമസ്തയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണോ? അതോ ലീഗിന്റെ ഇരട്ടത്താപ്പാണോ ഇത്?

രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് വരുമ്പോള്‍ എങ്ങനെയെങ്കിലും ജയിക്കണമെന്നായിരിക്കും ലക്ഷ്യം. ആ നിലയ്ക്കായിരിക്കാം മുസ്ലിം ലീഗും അത്തരമൊരു കൂട്ടുകെട്ടുണ്ടാക്കിയത്. എന്നാലതിന്റെ ദോഷഫലങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. അവരുമായി ഇടപഴകിയതിന്റെ ഫലം മഹല്ല് കമ്മിറ്റികളിലും നാട്ടിലുമെല്ലാം കാണാവുന്നതാണ്. ജമാഅത്തിന് ഏണിവെച്ചുകൊടുക്കലാണ് മുസ്ലിം ലീഗ് ഇവിടെ നടത്തിയത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതായിരിക്കും മുസ്ലിം ലീഗിന് നല്ലത്- അല്ലെങ്കില്‍ ഇപ്പോഴുണ്ടായ ക്ഷീണം കൂടുതല്‍ ക്ഷീണമാകും എന്ന് ഓര്‍മിപ്പിക്കുക കൂടിയാണ്.

ഞാന്‍ ഒരു രാഷ്ട്രീയക്കാരനോ രാഷ്ട്രീയ വിരോധിയോ അല്ല എന്നാല്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തിന്റെ ചുവ എന്നില്‍ കാണുന്നുണ്ടെങ്കില്‍ അത് പാണക്കാട് തങ്ങളെല്ലാം നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗിനോട് തന്നെയാണ്. എന്നാല്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അവര്‍ ചെയ്യുന്നതെല്ലാം അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല.

അവരെ കൂട്ടിയാല്‍ ബഹുഭൂരിപക്ഷം മുസ്ലിംങ്ങള്‍ കൂട്ടിയവരെ എതിര്‍ക്കും എന്ന അര്‍ഥത്തിലാണോ അവരെ കൂടെകൂട്ടിയാല്‍ നശിക്കുമെന്ന് പറയുന്നത്?

ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. രാഷ്ട്രീയ നേതാക്കള്‍ കരുതുന്നതിലേക്കൊക്കെ അവരെത്തണമെന്നില്ല. അവരെല്ലാം മനസ്സിലാക്കാന്‍ കഴിവുള്ളവരാണെന്ന ബോധം നേതാക്കള്‍ക്ക് നഷ്ടപ്പെടുമ്പോഴാണ് പരാജയമുണ്ടാകുന്നത്. ജനങ്ങളുടെ മനസ് വായിക്കാന്‍ കഴിവുള്ളവരാണ് നേതാക്കളായി വരേണ്ടത്. കോണ്‍ഗ്രസിന് തന്നെ അവരുടെ അനൈക്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും പറയുന്നതുമാണ്. അതെല്ലാം അവര്‍ തീര്‍ക്കേണ്ടതാണ്. എന്നാല്‍ ഇവിടെയിപ്പോള്‍ ഏറ്റവും വലിയ ഭീഷണിയായി നില്‍ക്കുന്നത് ഫാസിസത്തിന്റെ ഭീഷണിയാണ്. അതിന്റെ മുന്നില്‍ യോജിക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനുമുള്ള ഒരു മനസ് കാണിക്കേണ്ടത്. അതിനുപകരം തമ്മിലടിക്കുകയാണ് മുന്നണികള്‍. നമ്മളിപ്പോള്‍ പൊതു ശത്രുക്കളായി കാണേണ്ടത് ആ ഫാസിസത്തെയാണ്.

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് നിയമസഭാതെരഞ്ഞെടുപ്പില്‍ തുടരരുത് എന്ന് ലീഗിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ?

ജമാഅത്തെ ഇസ്ലാമിയെന്നല്ല തീവ്രവാദ- വിഘടനവാദ സ്വഭാവമുള്ള പാര്‍ട്ടികളിലൊന്നിനെയും തന്നെ കൂട്ടുപിടിക്കാന്‍ പാടില്ല. മതേതര മുഖമുള്ള, രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും അത്തരം കൂട്ടുകെട്ടുകള്‍ യോജിച്ചതല്ല. തല്‍ക്കാലത്തേക്ക് ഒന്നോ രണ്ടോ സ്ഥാനങ്ങള്‍ കിട്ടിയാല്‍ തന്നെ അവരുടെ ശുദ്ധമുഖത്തിന് കേടുവരും. എങ്ങനെയെങ്കിലും വിജയിച്ച് അവരുടെ കാലഘട്ടം കഴിഞ്ഞുപോകണം എന്നതില്‍ കവിഞ്ഞ് ആ പാര്‍ട്ടിക്ക് വരുന്ന മാനക്കേടും നഷ്ടവും മനസിലാക്കാതെ എടുത്തുചാട്ടമാകും അത്. ഒരു പാര്‍ട്ടിയോട് ചെയ്യേണ്ട മര്യാദയല്ലത്. നേതാക്കളത് ശ്രദ്ധിക്കണം

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ദില്ലിയില്‍ പോയ ഒരാള്‍ അത് വഴിയിലിട്ടു വരുന്നു എന്നുള്ള വിമര്‍ശനം കുഞ്ഞാലിക്കുട്ടി ലീഗില്‍ നിന്നു തന്നെ നേരിടുന്നു. അതില്‍ സമസ്തയ്ക്കഭിപ്രായമുണ്ടോ?

അതെല്ലാം പാര്‍ട്ടികകത്തെ ആഭ്യന്തര കാര്യങ്ങളാണ്. ആരു നയിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് അവരുതന്നെയാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അഭിപ്രായ സമന്യയത്തിലേക്ക് അവരെത്തണം അല്ലെങ്കില്‍ പാര്‍ട്ടികകത്തുതന്നെ പ്രശ്‌നങ്ങളുണ്ടാകും. കേരളത്തെ സംബന്ധിച്ചിടത്തോളം മുസ്ലിം ലീഗിന് പ്രശ്‌നങ്ങളൊന്നുമില്ല. ദേശീയ തലത്തില്‍ മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കലാണ് ആവശ്യം എന്നു കണ്ടുകൊണ്ടാകണം അതിന് പ്രാപ്തനായ കുഞ്ഞാലിക്കുട്ടി സാഹബിനെ അവിടേക്കയച്ചത്. അദ്ദേഹം അവിടെ അത് നിര്‍വ്വഹിക്കുന്നതിന് പകരം സംസ്ഥാനരാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ അത്രവലിയ കാര്യമായിട്ട് കാണുന്നില്ല. ഒരു സംഘടനാപ്രവര്‍ത്തനമെന്ന നിലയ്ക്ക് അദ്ദേഹം ചെയ്യേണ്ടത് ഉത്തരേന്ത്യയിലെ ശിഥിലമായിക്കിടക്കുന്ന മുസ്ലിം സമൂഹത്തെ ഒന്നിപ്പിക്കാനുള്ള കഴിവ് അദ്ദേഹം അവിടെ ഉപയോഗിക്കുകയാണ്‌.

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ മതേതര ബദല്‍ കേരളത്തില്‍ നിന്നാണ് രൂപികരിക്കുക എന്ന പ്രതീക്ഷയോടെ ദേശീയതലത്തിലേക്ക് പോയ കുഞ്ഞാലിക്കുട്ടിയടക്കമുള്ള പ്രമുഖരുടെ പ്രവര്‍ത്തനത്തില്‍ സമസ്തയ്ക്ക് തൃപ്തിയുണ്ടോ?

കേരളത്തിന് പുറത്ത് സംഘനാശക്തിയും സംഘടനാബോധവും ഇല്ല എന്നുള്ളത് വാസ്തവമാണ്. അവിടെയൊക്കെയാണ് ബിജെപിയുടെ വിധ്വംസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ ശക്തിപ്പെടണം എന്ന ഉദ്ദേശത്തോടുകൂടിയാകണം ലീഗ് പ്രവര്‍ത്തിക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുവേണ്ടി കേരളത്തിലെ എംപിമാരെയാണ് ഉപയോഗിക്കേണ്ടത്.

സമസ്തയും ലീഗുമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന് സാധിക്കുമെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. അങ്ങനെയാവണമെന്നാണ് ഞങ്ങളുടെ താത്പര്യവും. അല്ലാതെ കേരളത്തില്‍ വന്ന് മന്ത്രി കളിക്കാമെന്നതല്ലല്ലോ നമ്മുടെ ലക്ഷ്യം. ഒരു സമുദായത്തിന്റെ സംഘടന എന്ന നിലയ്ക്ക് ക്ഷീണം വരുന്നിടത്ത് പരിഹാരമുണ്ടാക്കാനും ശക്തിപ്പെടുത്തേണ്ടിടത്ത് ശക്തിപ്പെടുത്താനും വേണ്ട ത്യാഗം ചെയ്യുകയാണ് വേണ്ടത്.

കോണ്‍ഗ്രസ് മതേതര നിലപാട് വെച്ചുപുലര്‍ത്തുന്നുണ്ടോ എന്ന സംശയമുണ്ടോ? പലരും സംഘപരിവാര്‍ സര്‍ക്കാരിന് വഴങ്ങുന്നു എന്ന തോന്നല്‍ വ്യാപകമാണ്. സമസ്തയ്ക്കതിലെന്താണ് കാഴ്ചപ്പാട്?

പലയിടങ്ങളിലും അതാണല്ലോ നടക്കുന്നത്, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഓരോരുത്തര്‍ ചേക്കേറിക്കൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ. ഇതൊക്കെ ബിജെപിയോടുള്ള താത്പര്യം കൊണ്ടാകാം, അല്ലെങ്കില്‍ കോണ്‍ഗ്രസിനോടുള്ള വെറുപ്പുകൊണ്ടാകാം. ഇതിലേതായാലും അതിനകത്തെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് കൈകാര്യം ചെയ്യേണ്ടതാണ. അങ്ങനെയൊരു വിശാലമായ കാഴ്ചപ്പാടോടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് അതു ചെയ്യാവുന്നതേയുള്ളൂ.

സംസ്ഥാനസര്‍ക്കാരിന് പൂര്‍ണ പിന്തുണ എന്ന നിലയില്‍ താങ്കള്‍ പ്രതികരിച്ചുവെന്നാണ് ഇന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അങ്ങനെ തന്നെയാണോ താങ്കള്‍ അവിടെ പറഞ്ഞത്?

പൂര്‍ണ പിന്തുണ എന്നതുകൊണ്ട് നല്ല കാര്യങ്ങള്‍ക്ക് പിന്തുണ എന്നാണ് ഉദ്ദേശിച്ചത്. നല്ല കാര്യങ്ങള്‍ ആരു ചെയ്താലും ഇടതു-വലത് വ്യത്യാസം നോക്കാതെ അവര്‍ക്ക് പിന്തുണ നല്‍കും.

ഭരണത്തെ സംബന്ധിച്ച നല്ലതും ചീത്തതുമെല്ലാം ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായ നല്ല പ്രവര്‍ത്തനങ്ങളില്‍ കുറേയൊക്കെ നമ്മള്‍ കണ്ടതും മനസിലാക്കിയതുമാണ്. അവ നല്ല കാര്യങ്ങളാണെന്ന് നമ്മള്‍ പറയുന്നു എന്നല്ലാതെ ഒരു സര്‍ക്കാരിനെ പുകഴ്ത്തി മറ്റൊരു സര്‍ക്കാരിനെ ഇകഴ്ത്തുന്ന ഉദ്ദേശം ഞങ്ങളെ സംബന്ധിച്ചില്ല.

ഞങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്കെല്ലാം മുഖം തന്ന് സ്വീകരിക്കുകയും അതില്‍ ചിലതിനെല്ലാം പരിഹാരം കണ്ടെത്തി തന്നിട്ടുമുണ്ട്. അല്ലാതെ എല്ലാം നൂറുശതമാനവും ഒരു സര്‍ക്കാരിന് ഉണ്ടാക്കി കൊടുക്കാന്‍ കഴിയില്ല എന്നതും ഒരു വസ്തുതയാണല്ലോ.

ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് സമസ്ത കാണുന്നത്?

സംസ്ഥാന സര്‍ക്കാരിന്റെ പലപ്രവര്‍ത്തനങ്ങളും നല്ലതാണെന്നാണ് കാണുന്നത്. പൗരത്വ ഭേദഗതി നിയമം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ആദ്യമായി അതിനെതിരെ പ്രമേയം പാസാക്കിയ ധീരമായ നിലപാടെടുക്കാന്‍, നിയമം ഇവിടെ നടപ്പിലാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കുകഴിഞ്ഞു. അങ്ങനെയൊരു നിലപാടുപറയാനൊരാളുള്ളത് നല്ലതാണ്. ആ പ്രവര്‍ത്തിയെ പുകഴ്ത്തി എന്നതുകൊണ്ട് മറ്റാരെയും ഇകഴിത്തുന്നതിന്റെ പ്രശ്‌നമൊന്നും അതിലില്ല. ആരു വന്നാലും ആ നിലപാടെടുക്കണം എന്നുള്ളതാണ് ആവശ്യം.

മുസ്ലിം ലീഗ് യുഡിഎഫിന്റെ നേതൃത്വം ഏറ്റെടുക്കുന്ന വിധത്തില്‍ ഇപ്പോള്‍ പെരുമാറുന്നു എന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിനെതിരെ മുസ്ലിം ലീഗില്‍ നിന്നുയര്‍ന്ന വ്യാപക പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രി വര്‍ഗ്ഗീയ ദ്രുവീകരണം നടത്തുന്നുവെന്നാണ് ആരോപിച്ചത് അങ്ങനെ താങ്കള്‍ക്കുതോന്നുന്നുണ്ടോ?

അതെല്ലാം രാഷ്ട്രീയക്കാര്‍ തമ്മില്‍ തമ്മിലുള്ള വിഴുപ്പലക്കലാണ് രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയ്ക്ക് മുസ്ലിം ലീഗിനെക്കുറിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മുസ്ലിം ലീഗിന് തിരിച്ചും പറയാം. അത് ഇങ്ങനെ അവസാനം വരെ തുടരും.

മുസ്ലിംലീഗില്‍ മഹാഭൂരിപക്ഷവും മുസ്ലിംങ്ങളായതുകൊണ്ട് പിണറായി വിജയന്റെ അഭിപ്രായത്തിന്‌ മുസ്ലിംങ്ങള്‍ യുഡിഎഫിന്റെ നേതൃത്വം ഏറ്റെടുക്കുന്നു എന്ന വ്യാഖ്യാനം നല്‍കി അതുവഴി പിണറായി വിജയനെ വര്‍ഗ്ഗീയവാദിയാക്കുന്നതില്‍ കാര്യമുണ്ടോ ?

യുഡിഎഫില്‍ മറ്റ് യോഗ്യരായ ആള്‍ക്കാരില്ലെങ്കില്‍ മുസ്ലിംലീഗ് നേതൃത്വമേറ്റൈടുക്കുന്നതില്‍ തരക്കേടൊന്നുമില്ല. അങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ കുഴപ്പമൊന്നുമില്ലല്ലോ. അതില്‍ ദേഷ്യം പിടിക്കാനുള്ള ആവശ്യമെന്താണ്. പിണറായി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കോണിലൂടെ നോക്കുമ്പോള്‍ അദ്ദേഹത്തിനങ്ങനെ തോന്നിയിട്ടായിരിക്കും. അതിന് ലീഗുകാര്‍ നല്‍കുന്ന മറുപടി അവരുടെ ഉത്തരവാദിത്വമാണ്.

താങ്കളുടെ വാക്കുകളില്‍ നിന്ന് ഇടതുപക്ഷത്തോട് ഒരു ചായ്‌വ് അനുഭവപ്പെടുന്നു

നല്ലകാര്യങ്ങളെ അനുകൂലിക്കുന്നു. ഇന്ന പാര്‍ട്ടി ഭരിക്കണം ഇന്ന പാര്‍ട്ടി തോല്‍ക്കണം എന്നൊന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതുവരെ ഒരഭിപ്രായവും നടത്തിയിട്ടില്ല. ഇനിയും ഞങ്ങളുടെ നിലപാട് അങ്ങനെതന്നെയാണ്. പക്ഷേ ഇവിടെ മോശമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുകയും സമുദായത്തെ അവഗണിക്കുകയും ചെയ്യുന്ന സമയത്ത് നിലപാട് പറയേണ്ടപോലെ പറയുക തന്നെ ചെയ്യും. അങ്ങനെ സമൂദായത്തെ അവഗണിക്കുന്ന തരത്തിലുള്ള നിലപാട് പിണറായി വിജയനില്‍ നിന്നുണ്ടായിട്ടില്ല എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.

സമസ്തയെ അനുകൂലിക്കുന്ന മുസ്ലിം വിഭാഗങ്ങളാകെ തന്നെയും ഇങ്ങനെയൊരു നിലപാട് കേട്ട് ഇടത്തേക്ക് ചായാന്‍ സാധ്യതയില്ലേ?

അതെല്ലാം അവര്‍ തന്നെ തീരുമാനിച്ചുകൊള്ളട്ടെ. ഞങ്ങള്‍ക്കങ്ങനെയൊരു ദുരുദ്ദേശമൊന്നുമില്ല, നല്ല ഉദ്ദേശങ്ങള്‍ മാത്രമാണുള്ളത്. മുസ്ലിം വിരുദ്ധ സര്‍ക്കാരാണ് എല്‍ഡിഎഫെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. മുസ്ലിം വിരുദ്ധമായ എന്തെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് ചൂണ്ടികാണിക്കാന്‍ സാധിക്കുന്ന ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടായിരുന്നെങ്കില്‍ അതിനെ നിശിതമായി വിമര്‍ശിക്കുക തന്നെ ചെയ്യുമായിരുന്നു. അക്കാര്യത്തിലാരും പേടിക്കേണ്ടതില്ല.

എല്‍ഡിഎഫ് തുടരുകയാണോ യുഡിഎഫ് വരികയാണോ വേണ്ടത്?

എന്റെ അഭിപ്രായത്തില്‍ യുഡിഎഫും എല്‍ഡിഎഫും രണ്ടായി നില്‍ക്കുന്നതിനുപകരം ഒറ്റസംഘടനയായി ഒറ്റക്കെട്ടായി മുന്നോട്ടുപോയി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, വരാനിരിക്കുന്ന ബിജെപിയുടെ വളര്‍ച്ചയെ തടയാന്‍ എല്ലാവരും ഒന്നിക്കുക എന്ന ഒരു ചിന്ത കേരളത്തില്‍ വരാന്‍ തന്നെ സാധ്യത കുറവാണ്. അങ്ങനെ വന്നാല്‍ ഇവിടെ പാര്‍ട്ടികളില്ലാതായി പോകില്ലേ എന്ന പേടിയാണ് അവര്‍ക്കുള്ളത്. പാര്‍ട്ടികള്‍ നിലനില്‍ക്കണം, അവനനവന്‍ നിലനില്‍ക്കണം എന്നുതന്നെയാണ് ഓരോ പാര്‍ട്ടിക്കാരുടെയും ലക്ഷ്യം അല്ലാതെ ഈ ജനങ്ങളെയൊന്നും ലക്ഷ്യം വയ്ക്കുന്നില്ല എന്നുള്ളതൊരു വസ്തുതയാണ്. അല്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും യോജിച്ചപോലെ ഒരു നിലപാട് എല്ലാ സംസ്ഥാനങ്ങളിലും എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

അല്ലാതെ കേന്ദ്രത്തിലെ ഈ മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കാന്‍ ആര്‍ക്കും കഴിയില്ല. ബിജെപിയുടെ ശക്തി കൂടിവരികയെ ചെയ്യുകയുള്ളൂ. പ്രത്യേകിച്ച് കോണ്‍ഗ്രസിലെ ഒഴുക്കളുടെ വേഗത കൂടാനുള്ള സാധ്യതയാണ് കാണുന്നത്. അതു മനസിലാക്കുന്ന ഒരു ചിന്താഗതിയിലേക്ക് വന്ന് നമ്മുടെ മുഖ്യശത്രു ഫാസിസമാണെന്ന നിലയ്ക്കും നമ്മുടെ പാരമ്പര്യത്തിന് കൊടാലിവെക്കുന്നവരെ തകര്‍ക്കാനായി ഒന്നിക്കണം. പശ്ചിമബംഗാളിനെ മാതൃകയാക്കിക്കൊണ്ട് മുന്നോട്ടുകൊണ്ടു പോകണമെന്ന് ചിന്തിക്കണം. ഇപ്പോള്‍ എല്ലാ ഊര്‍ജവും പരസ്പരം പോരടിച്ച് നശിപ്പിക്കുകയാണ്. യുഡിഎഫിനെ തകര്‍ക്കണം അവരെ ജയിലിലടക്കമെന്ന് എല്‍ഡിഎഫും എല്‍ഡിഎഫിനെ തകര്‍ക്കണം അവരെ ജയിലിലടക്കണം എന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്. അല്ലാതെ ഈ രാജ്യത്തെക്കുറിച്ച് ആര്‍ക്കും നേരമില്ലാത്ത അവസ്ഥയാണ്.

ആ നിലപാട് മാറ്റിയിട്ട് നമ്മളുടെ ലക്ഷ്യമെന്താണെന്ന് തിരിച്ചറിയുകയും ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തണം.

കേരളത്തിലെ മുസ്ലിംങ്ങള്‍ നിലവിലെ ദേശീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ആരെ വരിക്കണമെന്നതിലെ സമസ്തയുടെ നിലപാട് തെരഞ്ഞെടുപ്പിന് മുമ്പ് പറയാനാകുമോ?

ഇതില്‍ ആര് വന്നാലും ദോഷമെന്ന് പറയാനുള്ള ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. യുഡിഎഫ് ഇവിടെ കുറേക്കാലം ഭരിച്ചവരാണല്ലോ അതിനിടെ മുസ്ലിംങ്ങള്‍ക്ക് ദ്രോഹകരമായ എന്തെങ്കിലും ചെയ്‌തെന്ന് പറയാനൊന്നുമില്ല. അതുപോലെ തന്നെ എല്‍ഡിഎഫും അനേകം നല്ല കാര്യങ്ങള്‍ ഇക്കാലയളവില്‍ ചെയ്തിട്ടുണ്ട് എന്നേ പറയുന്നുള്ളൂ. പോരായ്മകള്‍ എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടായിട്ടുണ്ട് എല്ലാം അംഗീകരിക്കാനാവില്ല എന്നല്ലാതെ മറ്റൊന്നുമില്ല.

Next Story