Top

ഉടുമ്പന്‍ചോല: മണിയാശാന്റെ തട്ടകത്തില്‍ എല്ലാവരും അശാന്തര്‍; ഒരുതിട്ടവുമില്ല, ഒന്നിനും

2001 മുതല്‍ സിപിഐഎം സ്ഥാനാര്‍ഥികളാണ് തുടര്‍ച്ചയായി വിജയിക്കുന്നതെങ്കിലും 2016- തെരഞ്ഞെടുപ്പില്‍ വെറും 1109 വോട്ടുകള്‍ക്കാണ് മണ്ഡലം പിടിച്ചുനിര്‍ത്താന്‍ സിപിഐഎമ്മിനായത്.

3 Feb 2021 3:40 AM GMT

ഉടുമ്പന്‍ചോല: മണിയാശാന്റെ തട്ടകത്തില്‍ എല്ലാവരും അശാന്തര്‍; ഒരുതിട്ടവുമില്ല, ഒന്നിനും
X

കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് അരങ്ങാകുന്ന മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല. 2001 വരെയുള്ള തെരഞ്ഞെടുപ്പുകാലത്തിലധികവും യുഡിഎഫിനോട് ചായ്‌വു പ്രകടിപ്പിച്ച മണ്ഡലത്തില്‍ 1967-ല്‍ സിപിഐയും 1986-ല്‍ സിപിഐഎമ്മും എന്ന നിലയില്‍ ഓരോ വിജയങ്ങള്‍ കണ്ടെത്താനേ ഇടതുമുന്നണിക്കായിട്ടുള്ളൂ. ആ തെരഞ്ഞെടുപ്പുകളിലുടനീളം ശക്തമായ പ്രകടനം എല്‍ഡിഎഫ് കാഴ്ചവെച്ചിരുന്നുവെങ്കിലും അവയൊന്നും വിജയത്തിലെത്തിക്കാനാവാതെ പോവുകയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിന് മാറ്റം വരുത്തിയ 2001- മുതലുള്ള രണ്ട് പതിറ്റാണ്ട് കാലമായി സിപിഐഎമ്മാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

നിലവില്‍ കേരളത്തിന്റെ വൈദ്യുതി മന്ത്രി എം എം മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പന്‍ചോലയില്‍ 1109 വോട്ടുകള്‍ക്കായിരുന്നു 2016-ല്‍ അദ്ദേഹം വിജയിച്ചത്. 2021 -ലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് ആരംഭമാകവെ കേരളരാഷ്ട്രീയത്തിലൊന്നിലധികം തവണ പൊട്ടിത്തെറികളുണ്ടാക്കിയ വിവാദനായകന്‍ എം എം മണി തന്നെയായിരിക്കും ഇത്തവണയും മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയെന്നാണ് സൂചന.

1965 മുതല്‍ നിലവിലുള്ള ഉടുമ്പന്‍ചോല 1967-ലാണ് ആദ്യ തെരഞ്ഞെടുപ്പിന് വേദിയാകുന്നത്. അന്ന് സിപിഐ ബാനറില്‍ മത്സരിച്ച കെ ടി ജേക്കബായിരുന്നു മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1970, 1977 , 1980 തെരഞ്ഞടുപ്പുകളില്‍ കേരള കോണ്‍ഗ്രസിനെയും 1982-ലെ തെരഞ്ഞെടുപ്പില്‍ എം ജിനദേവനിലൂടെ സിപിഐഎമ്മിനെയും മണ്ഡലം പിന്തുണച്ചു. 1987-ലെ തെരഞ്ഞെടുപ്പില്‍ ആ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് മാത്യു സ്റ്റീഫനായിരുന്നു വിജയിച്ചത്.

പിന്നീട് 1991-ല്‍ കോണ്‍ഗ്രസ് ബാനറില്‍ മത്സരിച്ച ഇ എം അഗസ്റ്റിയുടെ വിജയത്തോടെ കോണ്‍ഗ്രസിനൊപ്പം നിന്നു മണ്ഡലം. 1996-ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചപ്പോള്‍ ആ തവണ അദ്ദേഹത്തിന് എതിരാളിയായിരുന്നത് ഇന്നത്തെ ഉടുമ്പഞ്ചോല എംഎല്‍എ എം എം മണിയായിരുന്നു. ഈ പരാജയത്തോടെ തെരഞ്ഞെടുപ്പ് മത്സരങ്ങളില്‍ നിന്ന് മാറി നിന്ന അദ്ദേഹം പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പിന്നീട് 2016-ലാണ് മണ്ഡലത്തിലേക്ക് തിരിച്ചെത്തുന്നത്.

2001-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും സിപിഐഎമ്മിലേക്ക് ചാഞ്ഞ ഉടുമ്പന്‍ചോല കെ കെ ജയചന്ദ്രനെ വിജയിപ്പിക്കുകയും പിന്നീടുള്ള മൂന്ന് തെരഞ്ഞെടുപ്പിലും മണ്ഡലചരിത്രത്തിന് വിരുദ്ധമായി ഒരു മുന്നണിയോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതില്‍ 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച കെ കെ ജയചന്ദ്രനാണ് 2006-ലെ 19648 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മണ്ഡലത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. അതിന് മുന്‍പോ പിന്‍പോ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലം മറ്റൊരു സ്ഥാനാര്‍ഥിക്കും നല്‍കിയിട്ടില്ല.

2016 തെരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോലയില്‍ സ്ഥാനാര്‍ഥിയായെത്തിയ എം എം മണിയും മണ്ഡലം കൈവിട്ടുപോകാതെ സിപിഐഎമ്മിനൊപ്പം നിര്‍ത്തി. എന്നാല്‍ എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ സേനാപതി വേണുവിനെ 1109 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ പിന്തള്ളിക്കൊണ്ടായായിരുന്നു ആ ജയം. 1996-ലെ തോല്‍വിക്കുശേഷം ഇടുക്കി ജില്ലാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹം പല പരസ്യ പ്രസ്താവനകളിലൂടെയും വിമര്‍ശിക്കപ്പെട്ടു നിന്നിരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ വിജയവും പിന്നീട് വൈദ്യുത മന്ത്രി പദത്തിലേക്കുള്ള യാത്രയും.

എന്നാല്‍ മന്ത്രിസ്ഥാനമേറ്റെടുത്തതിനുശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ദ്ധിപ്പിച്ചുവെന്ന് നിരീക്ഷിക്കുന്ന സിപിഐഎം ഇത്തവണയും അദ്ദേഹത്തെ തന്നെ കളത്തിലിറക്കി വിജയം നിലനിര്‍ത്താന്‍ ശ്രമിച്ചേക്കുമെന്നാണ് സൂചന. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിലുണ്ടാകില്ല എന്ന് അടുത്തിടെ ഉണ്ടായ അഭ്യൂഹങ്ങള്‍ മന്ത്രി തന്നെ തള്ളുകയും ചെയ്തിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതും ഉടുമ്പഞ്ചോലയില്‍ ഒരു രണ്ടാം വിജയം തേടി ആശാന്‍ ഇറങ്ങിയേക്കുമെന്നതിന്റെ സൂചനയായി കാണാം.

അതേസമയം എക്കാലത്തും അട്ടിമറി സാധ്യതകള്‍ സജീവമായി നില്‍ക്കുന്ന മണ്ഡലത്തില്‍ വിജയം കാണാമെന്ന പ്രതീക്ഷ യുഡിഎഫിനുമുണ്ട്. 2011-ല്‍ ജോസി സെബാസ്റ്റിയനെയും 2016-ല്‍ സേനാപതി വേണുവിനെയും കളത്തിലിറക്കിയ കോണ്‍ഗ്രസ് ഇത്തവണ കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുപുറമെ നാട്ടകം സുരേഷ്, ജോസി സെബാസ്റ്റിയന്‍ എന്നിവരുടെയും പേരുകള്‍ മണ്ഡലത്തിലുയരുന്നുമുണ്ട്. എന്നാല്‍ എം എം മണി തന്നെ മണ്ഡലത്തില്‍ തുടരുകയാണെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടെ രണ്ട് പ്രളയമടക്കമുള്ള ദുരന്തങ്ങളാല്‍ ബാധിക്കപ്പെട്ട ഇടുക്കി ജില്ലയുടെ വികാരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി നയിച്ച മന്ത്രിയൊടൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലായിരിക്കും ഇടതുമുന്നണി.

2011-ല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി 3836 വോട്ടുകളാണ് നേടിയിരുന്നതെങ്കില്‍ 2016-ല്‍ ബിഡിജെഎസ് മണ്ഡലമേറ്റെടുത്തപ്പോള്‍ സ്ഥാനാര്‍ഥി സജി പറമ്പത്ത് ഇരുപതിനായിരത്തിലധികം വോട്ടുകള്‍ പിടിച്ചിരുന്നു. അതിനാല്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് ഇത്തവണയും ബിഡിജെഎസായിരിക്കും തെരഞ്ഞെടുപ്പ് കളത്തിലേക്കെന്നാണ് സൂചന.

Next Story