Top

യുഡിഎഫിനെ കൈവിടാതെ എറണാകുളം; ഇടത് തരംഗത്തിനിടയിലും പതിനാലില്‍ ഒന്‍പത് സീറ്റുകളില്‍ ജയം

സി.പി.ഐ.എം.സംസ്ഥാന സമിതി അംഗവും യുവ നേതാവുമായ എം സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയും, എല്‍ദോ എബ്രഹാം എംഎല്‍എ ആയിരുന്ന മൂവാറ്റുപുഴയുമാണ് യുഡിഎഫ് പിടിച്ചെടുത്തത്.

2 May 2021 9:25 AM GMT

യുഡിഎഫിനെ കൈവിടാതെ എറണാകുളം; ഇടത് തരംഗത്തിനിടയിലും പതിനാലില്‍ ഒന്‍പത് സീറ്റുകളില്‍ ജയം
X

സംസ്ഥാനം മുഴുവന്‍ വന്‍തിരിച്ചടി നേരിട്ടപ്പോഴും എറണാകുളം ജില്ല യുഡിഎഫിനെ കൈവിട്ടില്ല. ജില്ലയിലെ ആകെയുള്ള പതിനാല് സീറ്റുകളില്‍ ഒന്‍പത് സീറ്റുകളില്‍ വിജയിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. എന്നാല്‍ കനത്ത പോരാട്ടം കാഴ്ച്ചവച്ച എല്‍ഡിഎഫിന് കൈവശമുണ്ടായിരുന്ന രണ്ടു സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യുഡിഎഫിന്റ രണ്ടു കോട്ടകളാണ് പുതുതായി എല്‍ഡിഎഫ് നേടിയത്. ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്വന്റി ട്വന്റി ഇരുമുന്നണികളെയും ഒരുപോലെ വിറപ്പിക്കാന്‍ കഴിഞ്ഞു .

സീറ്റ് നിലയില്‍ എറണാകുളത്ത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ നില തന്നെ ആവര്‍ത്തിച്ചു. യുഡിഎഫ് ഒന്‍പത് എല്‍ഡിഎഫ് അഞ്ച്.എന്നാല്‍ ഇത്തവണ മണ്ഡലങ്ങള്‍ മാറി. എല്‍ഡിഎഫിന്റ് രണ്ടു സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ മറുപടിയായി യുഡിഎഫിന്റെ രണ്ട് സീറ്റുകള്‍ എല്‍ഡിഎഫും പിടിച്ചെടുത്തു. സി.പി.ഐ.എം.സംസ്ഥാന സമിതി അംഗവും യുവ നേതാവുമായ എം സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയും, എല്‍ദോ എബ്രഹാം എംഎല്‍എ ആയിരുന്ന മൂവാറ്റുപുഴയുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. പകരത്തിനു പകരം എന്ന കണക്കില്‍ എല്‍ഡിഎഫും തിരിച്ചടിച്ചു. സിറ്റിംഗ് സീറ്റുകള്‍ ആയ കളമശ്ശേരിയും കുന്നത്തുനാടും എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചു വാങ്ങി.വിജയത്തിലും ഭൂരിപക്ഷത്തിലും ഇരുമുന്നണികളും ഒരേ നില പങ്കുവച്ചു. കുന്നത്ത് നാട് ചെറിയ ഭൂരിപക്ഷത്തില്‍ ശ്രീനിജനിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കിയപ്പോള്‍, കെ.ബാബു ഫോട്ടോ ഫിനിഷിലാണ് തൃപ്പൂണിത്തുറയെ വീണ്ടും നേടിയത്. എന്നാല്‍ കളമശ്ശേരിയിലെ പി രാജീവിന്റെ വിജയമാകട്ടെ മിന്നുന്നതും. മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാമിനെ യുഡിഎഫിനായി മാത്യു കുഴല്‍നാടന്‍ തോല്‍പ്പിച്ചതിലും വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാം.

കുന്നത്തുനാട്ടിലും കൊച്ചിയിലും യുഡിഎഫിനെ കുഴപ്പത്തിലാക്കിയത് ട്വന്റി ട്വന്റിയായിരുന്നു. പെരുമ്പാവൂരിലും ട്വന്റി ട്വന്റി പ്രഭാവം പ്രതിസന്ധി ഉയര്‍ത്തി. ജില്ലയിലെ എന്നല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും ആകാംഷ നിറഞ്ഞ മത്സരം തൃപ്പൂണിത്തുറയില്‍ ആയിരുന്നു.കെ ബാബുവും എം സ്വരാജും തമ്മിലുള്ള മത്സരവും ഫോട്ടോ ഫിനിഷിലാണ് അവസാനിച്ചത്. അതിനായി അവസാന പോസ്റ്റല്‍ വോട്ട് എണ്ണി തീരും വരെ കാത്തിരിക്കേണ്ടി വന്നു. കളമശ്ശേരിയില്‍ തന്റെ വിജയം പണാധിപത്യംതിനെത്തിരെയുള്ള വിജയമാണെന്ന പി രാജീവിന്റെ പ്രതികരണം ജില്ലയിലെ എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ വൈകാരിക പ്രതിഫലനമായിരുന്നു. മത്സരിച്ച ഒട്ടുമിക്ക മണ്ഡലങ്ങളിലും ട്വന്റിട്വന്റിയ്ക്ക്് പരമാവധി വോട്ടുകള്‍ സ്വരൂപിക്കാന്‍ കഴിഞ്ഞു. ഇത് മുന്നണികളുടെ വിജയ പരാജയങ്ങള്‍ക്ക് വഴിതെളിച്ചു. എന്നാല്‍ സമാന നിലയില്‍ മത്സര രംഗത്തുണ്ടായിരുന്ന വി ഫോര്‍ കേരള ആവട്ടെ സാന്നിധ്യം പോലും അറിയിക്കാനാവാതെ അവസാനിച്ചു.

Next Story