KERALA ELECTION 2021

‘വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് ഓരോ വര്‍ഷവും 72,000 രൂപ’; യുഡിഎഫ് വാക്ക് നല്‍കുന്നെന്ന് വി ഡി സതീശന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ ന്യായ് വാഗ്ദാന പോസ്റ്റര്‍ പറവൂര്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ന്യായ്…മിനിമം വാര്‍ഷിക വരുമാനം 72,000 രൂപ വീട്ടമ്മമാരുടെ അക്കൗണ്ടില്‍. വാക്ക് നല്‍കുന്നു യുഡിഎഫ്.

യുഡിഎഫ്

നാട് നന്നാകാന്‍ യുഡിഎഫ്, ഐശ്വര്യകേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്, സംശുദ്ധം സദ്ഭരണം എന്നീ ക്യാപ്ഷനുകള്‍ക്കൊപ്പം തൂമ്പയുമായി വയലില്‍ നില്‍ക്കുന്ന സ്ത്രീയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. യുഡിഎഫ് പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തിയെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ‘ഐശ്വര്യ കേരളം ലോകോത്തര കേരളം’ എന്നാണ് യുഡിഎഫ് മാനിഫെസ്റ്റോയുടെ തലവാചകം.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച പദ്ധതിയാണ് ന്യായ്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ന്യായ് പ്രൊജക്ട് തയ്യാറാക്കിയത്. സാമൂഹിക ജനാധിപത്യ (സോഷ്യല്‍ ഡെമോക്രസി) മാതൃകയിലുള്ള പല സമ്പദ് വ്യവസ്ഥകളും നടപ്പാക്കാന്‍ ശ്രമിക്കുന്ന സാര്‍വ്വദേശീയ അടിസ്ഥാന വരുമാന (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം) പരിപാടിയുടെ മാതൃകയിലാണ് ന്യായ് രൂപപ്പെടുത്തിയിട്ടുള്ളത്.

ന്യായ് പദ്ധതി അപ്രായോഗികവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന് വിമര്‍ശനങ്ങളുണ്ട്. പദ്ധതിയ്ക്ക് വേണ്ട വിഭവ സമാഹരണവും യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തലും എളുപ്പമല്ലെന്നാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ആറായിരം രൂപം മാസം ലഭിക്കുന്ന സ്‌കീം ആയതിനാല്‍ ഒട്ടേറെപ്പേര്‍ പദ്ധതിയില്‍ അംഗമാകാന്‍ ശ്രമിക്കും. അതുകൊണ്ട് അര്‍ഹരായ ആളുകളെ കണ്ടെത്തുക എളുപ്പമായിരിക്കില്ല. പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം നല്‍കണമെങ്കില്‍ 7200 കോടി രൂപ വേണ്ടി വരും.

എന്നാല്‍ സര്‍ക്കാര്‍ ഇച്ഛാ ശക്തി കാണിച്ചാല്‍ നടത്തിപ്പ് അസാധ്യമല്ലെന്ന് സാമ്പത്തിക വിദഗ്ധരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. സാധാരണക്കാര്‍ക്ക് നല്‍കുന്ന പണം മുഴുവനായും ചെലവഴിക്കപ്പെടുമെന്നും അത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന 6,000 രൂപയുടെ നല്ലൊരു ശതമാനം നികുതികളായി സര്‍ക്കാരില്‍ തന്നെ തിരിച്ചെത്തുമെന്നും വിദ്ഗധര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest News