വേണു രാജാമണിയെയും മാധ്യമ പ്രവര്‍ത്തകയെയും രംഗത്തിറക്കാന്‍ യുഡിഎഫ്; വട്ടിയൂര്‍ക്കാവിലും കളമശേരിയിലും പ്രമുഖരെ തന്നെ മത്സരിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താരപദവിയുള്ളവരെയും പൊതുസമ്മതരെയും രംഗത്തിറക്കാന്‍ യുഡിഎഫില്‍ ആലോചന. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണി, പ്രമുഖ മാധ്യമ പ്രവര്‍ത്തകയെയും യുഡിഎഫ് കാര്യമായി തന്നെ പരിഗണിക്കുന്നു. അതോടൊപ്പം കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, ജിജി തോംസണ്‍, കെമാല്‍ പാഷ എന്നിവരും ചര്‍ച്ചകളിലിടം നേടിയിട്ടുണ്ട്.

മഹാരാജാസ് കോളേജിലെ ബിരുദ പഠന കാലത്ത് കെഎസ്‌യു സജീവ പ്രവര്‍ത്തകനായിരുന്നു വേണു രാജാമണി. മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. ജെഎന്‍യുവില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡണ്ടായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്‌സഭ മണ്ഡലത്തിലേക്ക് വേണു രാജാമണിയെ പരിഗണിച്ചിരുന്നു. അന്ന് പക്ഷെ ഉദ്യോഗത്തില്‍ നിന്ന് വിമരമിച്ചിരുന്നില്ല.

പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ പേര് ഉടുമ്പഞ്ചോല മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്. മന്ത്രി എംഎം മണിയാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എംഎം മണി ഒരിക്കല്‍ കൂടി ഇവിടെ മത്സരിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

55കാരനായ ബിജു പ്രഭാകര്‍ എംഡിയെന്ന നിലയില്‍ കെഎസ്ആര്‍ടിസി നവീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കവേയാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം നേടിയത്. പരേതനായ കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകര്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും ബിജു പ്രഭാകറിന്റെ പേര് ചര്‍ച്ചകളിലുണ്ടായിരുന്നു.

എന്നാല്‍ മത്സര സാധ്യതയെ തള്ളിക്കളയുകയാണ് ബിജു പ്രഭാകര്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ബിജു പ്രഭാകറിന്റെ പ്രതികരണം.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ സമീപിച്ചിരുന്നു. പക്ഷെ താന്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. കായംകുളത്ത് നിന്നുള്ള പ്രാദേശിക നേതാക്കള്‍ അവിടെ മത്സരിക്കുന്നതിന് വേണ്ടി സമീപിച്ചിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിയുടെ നവീകരണം മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് ബിജു പ്രഭാകറിന്റെ പ്രതികരണം.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരിരുന്നു ജിജി തോംസണ്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ നേതാക്കള്‍ ജിജി തോംസണെ സമീപിച്ചിരുന്നു. മണ്ഡലത്തിലാണ് ജിജി തോംസണ്‍ താമസിക്കുന്നതും.

എന്നാല്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നാണ് ജിജി തോംസണിന്റെ പ്രതികരണം. വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്, വട്ടിയൂര്‍ക്കാവില്‍ നിന്നോ മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നോ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ല. യുവജനങ്ങളെ മത്സരിപ്പിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്നും ജിജി തോംസണ്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Latest News