Top

മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് യുഡിഎഫ് നഗരസഭ; യോഗം നടത്തുമെന്ന് വെല്ലുവിളിച്ച് എല്‍ഡിഎഫ്

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കൊടുവള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടിക്കാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭാ അനുമതി നല്‍കാത്തത്. ബസ് സ്റ്റാന്‍ഡ് കയ്യേറിയാണ് യോഗത്തിനുള്ള സ്‌റ്റേജ് നിര്‍മ്മിച്ചതെന്നാണ് യുഡിഎഫ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. തുടര്‍ന്ന് യോഗത്തിന് അനുമതി നല്‍കില്ലെന്ന് രേഖാമൂലം നഗരസഭാ സെക്രട്ടറി അറിയിക്കുകയായിരുന്നു. അതേസമയം, പരിപാടിക്ക് തൊട്ടുമുന്‍പ് ഏര്‍പ്പെടുത്തിയ തടസത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ആരോപിച്ച് […]

17 March 2021 5:24 AM GMT

മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് യുഡിഎഫ് നഗരസഭ; യോഗം നടത്തുമെന്ന് വെല്ലുവിളിച്ച് എല്‍ഡിഎഫ്
X

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കൊടുവള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടിക്കാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭാ അനുമതി നല്‍കാത്തത്. ബസ് സ്റ്റാന്‍ഡ് കയ്യേറിയാണ് യോഗത്തിനുള്ള സ്‌റ്റേജ് നിര്‍മ്മിച്ചതെന്നാണ് യുഡിഎഫ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. തുടര്‍ന്ന് യോഗത്തിന് അനുമതി നല്‍കില്ലെന്ന് രേഖാമൂലം നഗരസഭാ സെക്രട്ടറി അറിയിക്കുകയായിരുന്നു.

അതേസമയം, പരിപാടിക്ക് തൊട്ടുമുന്‍പ് ഏര്‍പ്പെടുത്തിയ തടസത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ആരോപിച്ച് എല്‍ഡിഎഫ് രംഗത്തെത്തി. എന്ത് സംഭവിച്ചാലും പരിപാടി സമയത്ത് തന്നെ സ്ഥലത്ത് തന്നെ നടത്തുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.

വയനാട്ടിലെ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രചരണപരിപാടികള്‍ നടന്നത്. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്തായിരുന്നു കേരളത്തിന്റെ അവസ്ഥയെന്ന് വയനാട്ടിലെ പരിപാടിയില്‍ മുഖ്യമന്ത്രി ചോദിച്ചു. ദുഷപേര് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നാടിനുണ്ടായിരുന്ന നല്ലപേരും യശസ്സും പോയ്കഴിഞ്ഞിരുന്നു. സമസ്ത മേഖലകളിലും വികസന മുരടിപ്പ്. അതിനൊരു മാറ്റവേണമെന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ ആഗ്രഹിച്ചു. അതിന്റെ ഫലമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇന്ന് രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറി. എല്ലാമേഖലകളിലും നേട്ടമുണ്ടാക്കി തുടര്‍ച്ചയായി നമ്പര്‍ വണ്‍ സംസ്ഥാനമായി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ യശസ് തിരിച്ചുപിടിച്ചു. ഇതെല്ലാം ജനങ്ങളുടെ കണ്‍മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ അതിനെതിരെ നുണപ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും അവര്‍ നയിക്കുന്ന മുന്നണികളും. ആ നുണപ്രചരണത്തെ ചെറുക്കാന്‍ നാടിനാകണം. ഓരോവീട്ടിലും സത്യസന്ധമായ വിവരങ്ങള്‍ എത്തിക്കണം. കിഫ്ബിയെ തകര്‍ക്കുമെന്നാണ് അവര്‍ പറയുന്നത്. കേരളത്തിന് വികസനം സാധ്യമാക്കിയത് കിഫ്ബിയിലൂടെയാണ്. ആ കിഫ്ബിയെ തകര്‍ക്കാന്‍ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു. സ്‌കൂളുകളും പാലങ്ങളും ആശുപത്രികളും ഉയര്‍ന്നു. വലിയ വികസനങ്ങളിലുടെ കേരളം മൊത്തം മാറുകയാണ്. ഈ മാറ്റത്തിനൊപ്പം നില്‍ക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ പോകുന്നവരോട് ഒറ്റ ചോദ്യമേ ഉള്ളൂയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ കോണ്‍ഗ്രസ്സിലായിരുന്നപ്പോള്‍ സിഎഎയെ എതിര്‍ക്കുന്നു എന്ന് പറഞ്ഞവരാണ്. ഇപ്പോള്‍ ബിജെപിയുടെ കൂടെ കൂടിയപ്പോള്‍ നിങ്ങള്‍ക്ക് സിഎഎയെ അനുകൂലിക്കാതെ ഇരിക്കാന്‍ കഴിയുമോ? ഇപ്പോള്‍ കോണ്‍ഗ്രസ്സിലുള്ളതും ഭാവിയില്‍ ബിജെപിയിലേക്ക് പോകാവുന്നവരുമാണ് ഇവിടത്തെ ശരാശരി കോണ്‍ഗ്രസ് നേതാക്കള്‍ എന്നിരിക്കെ എന്തു കണ്ടിട്ടാണ് കോണ്‍ഗ്രസ്സിന്റെ സിഎഎ നിലപാടിനെ ജനങ്ങള്‍ വിശ്വസിക്കേണ്ടത്? യുഡിഎഫ് ഘടക കക്ഷികള്‍ എങ്ങനെയാണ് കോണ്‍ഗ്രസ്സിനെ വിശ്വസിക്കുക? കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയിട്ടില്ല എന്ന് ഓര്‍ക്കണം. വര്‍ഗീയ രൂപങ്ങള്‍, ചിഹ്നങ്ങള്‍, അടയാളങ്ങള്‍ സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്. അതുമായി സമരസപ്പെടുകയാണ്. കേരളത്തിലും അതിന്റെ രൂപങ്ങള്‍ വരികയാണിപ്പോളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story