എല്‍ഡിഎഫ് വഴിയേ യുഡിഎഫും; ജനകീയ മാനിഫെസ്റ്റോയുടെ കരട് അവതരിപ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനകീയ പ്രകടന പത്രിക തയാറാക്കാന്‍ ഒരുങ്ങി യുഡിഎഫ്. ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നല്‍കുക. ഐശ്വര്യ കേരളം, സംശുദ്ധ സദ്ഭരണം എന്നാതാണ് മുദ്രാവാക്യം എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു മുഴം മുന്‍പേ എറിയുവാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. പ്രകടന പത്രികയുടെ കരട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ അവതരിക്കുമ്പോള്‍ ബഡ്ജറ്റില്‍ ഉള്‍പ്പടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്താനിരിക്കുന്ന പ്രഖ്യാപനങ്ങളെ മുന്നില്‍ കണ്ടു കൊണ്ടായിരുന്നു യുഡിഎഫ് നീക്കം. ജനക്ഷേമ പദ്ധതികള്‍ എല്‍ഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം സമ്മാനിച്ചതോടെ ആ വഴി തന്നെയാണ് യുഡിഎഫും ലക്ഷ്യമിടുന്നത്. റബ്ബറിന് താങ്ങുവില ഏര്‍പ്പെടുത്തുമെന്നും, തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം ഉയര്‍ത്തുമെന്നും രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനങ്ങള്‍ ഇതിന് അടിവരയിടുന്നതാണ്.

പ്രകടന പത്രിക തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ബെന്നി ബഹനാനും കന്‍വീണര്‍ സിപി ജോണുമാണ്. കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടനപത്രിക തയാറാക്കുന്നത്. ലൈഫ് മിഷനെതിരായ പരാമര്‍ശങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു എന്ന തിരിച്ചറിവില്‍ ജാഗ്രതയോടെയാണ് നേതാക്കള്‍ പ്രതികരിച്ചത്. യുഡിഎഫ് തന്നെ അധികാരത്തിലേറുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. ജനകീയ മാനിഫെസ്റ്റോ ഇതിന് അടിത്തറയിടുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

Latest News