‘യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കള്‍’; കണ്ണൂരിലെ സമാധാനയോഗം ബഹിഷ്ക്കരിച്ച് യുഡിഎഫ്

കണ്ണൂരിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗം ബഹിഷ്കരിച്ച് യുഡിഎഫ്. കേസില്‍ പൊലീസ് ഏകപക്ഷീയമായ രീതിയിലാണ് ഇടപെടുന്നതെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്കരിച്ചത്. സിപിഐഎമ്മാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി അറിയാം. കേസിലെ യാഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ അവര്‍ തയ്യാറാകുന്നില്ല. പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കളാണെന്നും അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും പറഞ്ഞുകൊണ്ടാണ് യുഡിഎഫ് യോഗം ബഹിഷ്കരിച്ചത്.
അതേസമയം, സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ 21 മുസ്ലീംലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 20ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. രാവിലെ പെരിങ്ങത്തൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ച പാര്‍ട്ടി ഓഫീസുകള്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും സന്ദര്‍ശിച്ചിരുന്നു. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നാണ് പാര്‍ട്ടി അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സംബന്ധിച്ച് സിപിഐഎം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് എംവി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിത കലാപത്തിനാണ് ലീഗിന്റെ അക്രമികള്‍ ശ്രമിച്ചത്. എട്ടു ഓഫീസുകള്‍, കടകള്‍, വായനശാലകള്‍, സ്റ്റുഡിയോ, വീടുകള്‍ ഇതെല്ലാം തകര്‍ത്തതില്‍ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും എംവി ജയരാജന് പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് സിപിഐഎം ഓഫീസുകള്‍ക്ക് നേരെ അക്രമങ്ങളുണ്ടായത്. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനും കീഴ്മാടം, കൊച്ചിയങ്ങാടി, പാനൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കും ലീഗുകാര്‍ തീവച്ചു. പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായി. പാനൂരില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂരില്‍നിന്ന് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
ബോംബേറില്‍ കാല്‍മുട്ടിലേറ്റ ഗുരുതര പരുക്കാണ് മന്‍സൂറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുട്ട് ചിതറിപ്പോയ അവസ്ഥയിലായതിനാല്‍ ആദ്യം പ്രവേശിപ്പിച്ച തലശ്ശേരിയിലെയും പിന്നീട് എത്തിച്ച വടകരയിലെയും ആശുപത്രികളില്‍ വെച്ച് മുറിവ് തുന്നിച്ചേര്‍ക്കാന്‍ പറ്റിയിരുന്നില്ല. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ചത്. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.