ഊബര്‍ ഡ്രൈവറിന്റെ കൊലപാതകം; പിന്നില്‍ കഞ്ചാവ് സംഘങ്ങളുടെ കുടിപ്പകയെന്ന് സൂചന; കേസില്‍ കുടുക്കിയതിന്റെ പ്രതികാരം
ചില ലഹരി സംഘങ്ങളെ പൊലീസിന് കാട്ടിക്കൊടുത്തതിന്റെ പ്രതികാരമാകാം സമ്പത്തിന്റെ കൊലയിലേക്ക് പ്രതികളെ നയിച്ചതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച വിവരം.
28 Jun 2021 1:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ടാക്സി ഡ്രൈവര്‍ സമ്പത്തിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കഴുത്തിലും കാലിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.39 വയസായിരുന്നു. കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ചില ലഹരി സംഘങ്ങളെ പൊലീസിന് കാട്ടിക്കൊടുത്തതിന്റെ പ്രതികാരമാകാം സമ്പത്തിന്റെ കൊലയിലേക്ക് പ്രതികളെ നയിച്ചതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച വിവരം.
പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരും സമ്പത്തിന്റെ സുഹൃത്തുക്കളായിരുന്നു. സജാദ്, സനല്‍ എംന്നിവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായത്. സജാദ് മുന്‍പ് ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. സജാദിന്റെ കൈവശം ലഹരി മരുന്നുണ്ടെന്ന് വിവരം പൊലീസ് ഒറ്റിക്കൊടുത്തത് സമ്പത്താണെന്ന് കസ്റ്റഡിയിലുള്ള രണ്ടുപേരും സംശയിച്ചിരുന്നു. ഇന്നലെ പേട്ടയിലുള്ള സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണപ്പൊതിയുമായി സമ്പത്ത് വാടകവീട്ടിലേക്ക് പോകുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാകാം കൃത്യം നടന്നിരിക്കുക എന്നാണ് പൊലീസിന്റെ നിഗമനം.
കസ്റ്റഡിയിലെടുത്ത രണ്ടുപേരുടേയും ക്രമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിച്ചുവരികയാണ്. കഞ്ചാവ് സംഘത്തിലെ കൂടുതല്‍ അംഗങ്ങള്‍ പൊലീസ് പിടിയിലായേക്കുമെന്നും സൂചനയുണ്ട്.