വനിതകളെ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യ അറബ് രാജ്യമാകാനൊരുങ്ങി യുഎഇ
നോറ അല്‍ മത്രൂഷി പര്യാടനം പൂര്‍ത്തിയാക്കുന്നതോടെ അറബ് ലോകത്തു നിന്നും ബഹിരാകാശത്തേക്ക് വനിതയെ അയക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതി യുഎഇക്ക് സ്വന്തമാകും.
6 Dec 2021 11:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വനിതകളെ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യ അറബ് രാജ്യമാകാനൊരുങ്ങി യുഎഇ. നാസ നടത്തുന്ന പരിശീലന പരിപാടിയിലേക്ക് നാലായിരത്തലധികം അപേക്ഷകരില്‍ നിന്ന് ഒരു വനിതയേയും ഒരു പുരുഷനേയും യുഎഇ തെരഞ്ഞെടുത്തു. നോറ അല്‍ മത്രൂഷി, മൊഹമ്മദ് അല്‍ മുല്ല എന്നിവരെയാണ് ബഹിരാകാശയാത്രയ്ക്കുളള പരിശീലനത്തിനായി യുഎഇ തെരഞ്ഞെടുത്തത്.
ഇരുപത്തിഏഴുകാരിയായ നോറ അല്‍ മത്രൂഷി മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലിചെയ്യുകയാണ്, മുഹമ്മദ് അല്‍ മുല്ല ദുബൈ പൊലീസിന്റെ മുന്‍ ഹെലികോപ്റ്റര്‍ പൈലറ്റായി ജോലി ചെയ്തിരുന്നു. നോറ അല്‍ മത്രൂഷി പര്യാടനം പൂര്‍ത്തിയാക്കുന്നതോടെ അറബ് ലോകത്തു നിന്നും ബഹിരാകാശത്തേക്ക് വനിതയെ അയക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതി യുഎഇക്ക് സ്വന്തമാകും.
നാസ നല്കുന്ന രണ്ടുവര്‍ഷത്തെ പരിശീലന പരിപാടി ഹൂസ്റ്റണില്‍ വെച്ച് ജനുവരിയില്‍ നടക്കും. 1400 എമിറാത്തി വനിതകള്‍ ഉള്‍പ്പെട്ട 4305 അപേക്ഷകരില്‍ നിന്നാണ് യുഎഇയുടെ ബഹിരാകാശസംഘത്തിലേക്ക് രണ്ടുപേരെ തെരഞ്ഞെടുത്തത്. ഒമ്പത് പുരുഷമാരും അഞ്ച് സ്ത്രീകളുമുള്‍പ്പെട്ട പട്ടികയില്‍ നിന്നാണ് നോറ അല്‍ മത്രൂഷിയേയും മുഹമ്മദ് അല്‍ മുല്ലയ്ക്കും അവസരം ലഭിച്ചത്.