Top

ജോലിയില്ലാത്തവർക്കും രാജ്യത്ത് പ്രവേശിക്കാം, താമസിക്കാം; പ്രവാസികൾക്കായി ഏഴ് വിസകൾ പരിചയപ്പെടുത്തി യുഎഇ

യുഎഇയിലെ ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്കീം.

22 Aug 2022 8:58 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജോലിയില്ലാത്തവർക്കും രാജ്യത്ത് പ്രവേശിക്കാം, താമസിക്കാം; പ്രവാസികൾക്കായി ഏഴ് വിസകൾ പരിചയപ്പെടുത്തി യുഎഇ
X

അബുദാബി: പുതിയ വിസ സ്കീം പ്രഖ്യാപിച്ച് യുഎഇ സർക്കാർ. തൊഴിൽ വിസക്കു പുറമെ ഏഴു വിസകളാണ് സർക്കാർ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. യുഎഇയിലെ ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്കീം.

ഹബീബ് അൽ മുല്ല ആൻഡ് പാർട്‌ണേഴ്‌സിന്റെ പങ്കാളിയും തൊഴിൽ മേധാവിയുമായ ജോവാന മാത്യൂസ് ടെയ്‌ലറാണ് പുതിയ വിസകളെ കുറിച്ച് ഖലീജ് ടൈംസിനോട് വിശദീകരിച്ചത്. യുഎഇയിൽ ജോലിയില്ലാതെ പ്രവേശിക്കാനും താമസിക്കാനും പ്രവാസികളെ അനുവദിക്കുന്ന വിസ വിഭാഗങ്ങളാണ് പരിചയപ്പെടുത്തിയത്.

പുതിയ ഏഴു വിസകൾ

1.​ഗോൾഡൻ വിസ: കുറഞ്ഞത് രണ്ട് മില്യൺ ദിർഹം നിക്ഷേപമുള്ള പ്രോപ്പർട്ടി നിക്ഷേപകർ, സംരംഭകർ, മികച്ച വിദ്യാർത്ഥികളും ബിരുദധാരികളും, മനുഷ്യവകാശ സംഘടനകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ, ശാസ്ത്രജ്ഞർ ,കൊവിഡ്-19 മുൻനിര പ്രവർത്തകർ, വിവിധ മേഖലയിൽ കഴിവു തെളിയിച്ചവർ എന്നിവർക്കാണ് ​ഗോൾഡൻ വിസ അനുവദിക്കുന്നത്.

2.റിമോർട്ട് വർക്ക് വിസ: ഒരു വർഷത്തേക്കാണ് ഈ വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കുന്ന ആളുകൾക്ക് ജോലിയോ സ്പോൺസറയുടെയോ ആവശ്യമില്ല. വിദേശ തൊഴിലുടമയ്‌ക്കായി യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുന്നവർക്കുമാണ് ഈ വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കാൻ വിദേശ തൊഴിലുടമയുമായിട്ടുള്ള ഒരു വർഷ കരാറിന്റെ രേഖ സമർപ്പിക്കണം. വിദേശ തൊഴിലുടമക്ക് കുറഞ്ഞത് 5000 ഡോളർ ശമ്പളം ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.

3. ​ഗ്രീൻ വിസ: രണ്ട് മുതൽ അഞ്ച് വർഷം വരെയാണ് ഈ വിസകൾ ലഭിക്കുക. നിക്ഷേപകർ ,ഫ്രീലാൻസർമാർ/സ്വയം തൊഴിൽ ചെയ്യുന്നവർ, വിദ്യാർത്ഥികൾ, വിദ്യാർത്ഥികളുടെ ബന്ധുക്കൾ എന്നിവർക്കാണ് വിസ അനുവദിക്കുന്നത്. ഫ്രീലാൻസർമാർ/സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ നിന്നുള്ള പെർമിറ്റ് ഉണ്ടായിരിക്കണം. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സ്വയം തൊഴിലിൽ നിന്നുള്ള വാർഷിക വരുമാനം 360,000 ദിർഹത്തിൽ കുറയാത്തതും കൂടാതെ യു.എ.ഇ.യിൽ താമസിക്കുമ്പോൾ സാമ്പത്തിക ഭദ്രത തെളിയിക്കേണ്ടതുമാണ്. വിദ്യാർത്ഥികൾക്ക് ലൈസൻസുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് സ്പോൺസർ ഉണ്ടാകുകയും സർവകലാശാലയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വിസ സ്പോൺസർഷിപ്പ് ഉണ്ടായിരിക്കുകയും വേണം.

4.റിട്ടയർമെന്റ് വിസ: 55 വയസോ അതിൽ കൂടുതൽ ഉള്ളവർക്കോ ഇതിന് അപേക്ഷിക്കാം. ഭൂസ്വത്തിനായി 2 ദശലക്ഷം ദിർഹം നിക്ഷേപിച്ചിട്ടുള്ളവർക്കോ, ഒരു ദശലക്ഷം ദിർഹത്തിൽ കുറയാത്ത സമ്പാദ്യം ഉള്ളവർക്കോ, അല്ലെങ്കിൽ പ്രതിമാസം 20,000 ദിർഹത്തിൽ കുറയാത്ത വരുമാനം ഉള്ളവരോ ആയിരിക്കണം അപേക്ഷകർ.

5.ജോബ് എക്സ്പ്ലോറേഷൻ വിസ: വിദേശ പൗരന്മാർക്ക് തൊഴിൽ അഭിമുഖങ്ങൾ, മീറ്റിംഗുകൾ, ബിസിനസ്സ് അവസരങ്ങൾ എന്നിവ നടത്തുന്നതിന് നൽകുന്ന 60 ദിവസത്തെ വിസ നൽകും. ഈ വിസക്കായി അപേക്ഷിക്കുന്നവർ ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് ബിരുദം നേടിയവരായിരിക്കണം.

6.വിവാഹമോചിതരും / വിധവകളായ സ്ത്രീകളും അവരുടെ കുട്ടികൾക്കുമായുള്ള വിസ: വിവാഹമോചനമോ വിധവയോ ആയവർക്ക് ലഭിക്കുന്ന വിസയാണിത്. ഭർത്താവിന്റെ വിസയിലുണ്ടായിരുന്ന യുഎഇയിൽ താമസിക്കുന്ന വിവാഹമോചനമായതോ വിധവയോ ആയ സ്ത്രീകൾക്ക് ഒരു വർഷത്തേക്ക് വിസ നീട്ടി കിട്ടുന്നു. മരണത്തിന്റെയോ വിവാഹമോചനത്തിന്റെയോ തീയതി മുതലാണ് വിസ കാലവധി നീട്ടുന്നത്. ഒരു തവണ മാത്രമേ വിസ പുതുക്കാൻ കഴിയൂ. ഇതിന് സ്‌പോൺസറുടെ ആവശ്യമില്ല. മരിക്കുമ്പോഴോ വിവാഹമോചനം നേടുമ്പോഴോ സ്ത്രീയുടെയും കുട്ടികളുടെയും വിസകൾ സാധുവായിരിക്കണം. വിവാഹമോചനത്തിന്റെയോ മരണത്തിന്റെയോ തെളിവുകൾ, ഉപജീവനത്തിനുള്ള മാർ​ഗം, സ്ത്രീയുടെയും 18 വയസ്സിന് മുകളിലുള്ള കുട്ടികളുടെയും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്ത്രീയുടെ എമിറേറ്റ്സ് ഐഡി കാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ എന്നിവ സമർപ്പിക്കണം.

7. മാനുഷികമായ ഇളവുകൾ: എമിറാത്തി ഭർത്താവ് മരിക്കുകയും അവർക്ക് ഒന്നോ അതിലധികമോ കുട്ടികളോ ഉള്ളതുമായ സ്ത്രീകൾക്കാണ് ഈ വിസ അനുവദിച്ചിരിക്കുന്നത്. വിദേശ പാസ്‌പോർട്ടുള്ള യുഎഇ പൗരന്മാരുടെ രക്ഷിതാക്കൾക്കോ ​​കുട്ടികൾക്കോ, ജിസിസി പൗരന്മാരുടെ ഭാര്യയ്ക്കും കുട്ടികൾക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വിസ അനുവദിക്കും.

STORY HIGLIGHTS: UAE seven visas for expats to enter or live in the country without a job

Next Story