പ്ലാസ്റ്റിക് കുപ്പി നൽകിയാൽ ബസിൽ സൗജന്യ യാത്ര ചെയ്യാം; പുതിയ ഓഫറുമായി യുഎഇ
ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ പിന്നീട് ബസിന്റ് ചാർജ് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കും.
29 March 2022 4:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി: സർക്കാർ ബസുകളിൽ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ സൗജന്യ യാത്ര ഓഫർ ചെയ്ത് യുഎഇ ഭരണകൂടം.അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) ആണ് പുതിയ പദ്ധതിയുമായി കൊണ്ടുവന്നത്. ശൂന്യമായ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ യാത്രക്കാർക്ക് സൗജന്യ യാത്ര നടത്താം. ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ പിന്നീട് ബസിന്റ് ചാർജ് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കും.
ആദ്യഘട്ടത്തിൽ, അബുദാബിയിലെ ബസ് സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് നിക്ഷേപ യന്ത്രങ്ങൾ സ്ഥാപിക്കും. കൂടുതല്‍ പോയിന്റുകൾ നേടുന്നതിനായി യാത്രക്കാർക്ക് ഈ യന്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെ കൈമാറ്റത്തിനും ഇത് യാത്രക്കാരെ സഹായിക്കും. ഇനിപ്പറയുന്ന രീതിയിലാണ് പോയിന്ർറുകള് കണക്കാക്കുന്നത്, ഓരോ ചെറിയ കുപ്പിക്കും (600 മില്ലി അല്ലെങ്കിൽ അതിൽ കുറവ്) 1 പോയിന്റ് ലഭിക്കും, അതേസമയം വലിയ കുപ്പികൾ അല്ലെങ്കിൽ 600 മില്ലിയിൽ കൂടുതലുള്ള കുപ്പികൾക്ക് 2 പോയിന്റ് ലഭിക്കും. ഇത് പത്ത് പോയിന്റായാല്‍ ഒരു ദിർഹത്തിന് തുല്യമാകും.
അബുദാബിയിലെ പരിസ്ഥിതി ഏജൻസിയും അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്ററായ തദ്വീർ, ഡിഗ്രേഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. യാത്രക്കാർക്ക് ലഭിച്ച പോയിന്റുകൾ സമാഹരിച്ച് ഐടിസി ഓട്ടോമേറ്റഡ് പേയ്മെന്റ് സംവിധാനമായ "ഹാഫിലാറ്റ്" എന്ന വ്യക്തിഗത ബസ് കാർഡിലേക്ക് മാറ്റാം. യാത്രയ്ക്ക് ആവശ്യമായ നിരക്ക്, കാർഡുപയോഗിച്ച് ബസുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പുറത്തേക്ക് കടക്കുന്ന ഭാഗത്തും സ്ഥാപിച്ചിട്ടുളള താരിഫ് മെഷീനുകൾ വഴി അടയ്ക്കാവുന്നതാണ്.
STORY HIGHLIGHTS: UAE provide free trips on public buses in exchange of empty plastic bottles