Top

യുഎഇ ദേശീയ ദിനം; 870 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിറക്കി ഭരണകൂടം

ശിക്ഷാ സമയത്ത് നല്ല പെരുമാറ്റം പ്രകടിപ്പിച്ച തടവുകാര്‍ക്കാണ് മാപ്പുനല്‍കാന്‍ ധാരണയായത്.

29 Nov 2021 5:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇ ദേശീയ ദിനം; 870 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിറക്കി ഭരണകൂടം
X

യുഎഇയുടെ 50- ാം ദേശീയ ദിനം പ്രമാണിച്ച് 870 തടവുകാരെ വിട്ടയക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കടബാധ്യതകളും പിഴയും അടച്ചുതീര്‍ക്കുമെന്നും സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.

ഇതിന്‍പ്രകാരം അജ്മാനില്‍ 43 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു. മാപ്പുനല്‍കിയ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുമുള്ള ഷെയ്ഖ് ഹുമൈദിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ശിക്ഷാ സമയത്ത് നല്ല പെരുമാറ്റം പ്രകടിപ്പിച്ച തടവുകാര്‍ക്കാണ് മാപ്പുനല്‍കാന്‍ ധാരണയായത്. അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ അല്‍ നുഐമി നടപടിയെ സ്വാഗതം ചെയ്യുകയും അജ്മാന്‍ ഭരണാധികാരിക്ക് നന്ദി അറിയിക്കുകയും ചെയ്തു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Next Story