Top

പവറുണ്ട്,പണവുമുണ്ട്; 50 ന്റെ നിറവിൽ 'അൺസ്റ്റോപ്പബിൾ' യുഎഇ

2 Dec 2021 6:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പവറുണ്ട്,പണവുമുണ്ട്; 50 ന്റെ നിറവിൽ അൺസ്റ്റോപ്പബിൾ യുഎഇ
X

ഗള്‍ഫ് രാജ്യമായ യുഎഇ ഇന്ന് 50ാം ദേശീയ ദിനം ആഘോഷിക്കുകയാണ്. രാജ്യത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ആഴ്ചകള്‍ക്ക് മുമ്പേ നടക്കുന്നത്. രാജ്യത്തെ ഇന്ത്യന്‍, മലയാളി പ്രവാസികളും തങ്ങളുടെ സ്വപ്‌നങ്ങള്‍ പൂവണയിച്ച രാജ്യത്തിന്റെ പിറന്നാളില്‍ ആഘോഷത്തിലാണ്. ജീവിതം കരപിടിപ്പിക്കാനായി പുറം രാജ്യത്തേക്ക് പോവാനാഗ്രഹിക്കുന്ന മലയാളികളുടെ പരമ്പരാഗത സ്വപ്‌ന ഭൂമിയാണ് യുഎഇ.

34 ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎഇയിലുണ്ടെന്നാണ് കണക്ക്. അതില്‍ തന്നെ മലയാളികള്‍ മാത്രം 17 ലക്ഷത്തോളം. പ്രവാസികള്‍ക്ക് എത്രത്തോളംപ്രധാനപ്പെട്ടതാണോ യുഎഇ അതു പോലെ തന്നെ മികവുറ്റ പ്രവാസികള്‍ കടല്‍ കടന്നെത്തേണ്ടത് യുഎഇയെ സംബന്ധിച്ചും പരമപ്രധാനമാണ്. ഇന്ന് രാജ്യത്തിന്റെ അവിസ്മരണീയമായ വളര്‍ച്ചയ്ക്ക് പിന്നില്‍ താഴേത്തട്ട് മുതലുള്ള പ്രവാസികള്‍ വഹിച്ച പങ്ക് വളരെ പ്രധാനമാണ്. യുഎഇയുടെ ജനസംഖ്യ ഒരു കോടി ഇതുവരെ തികഞ്ഞിട്ടില്ല. രാജ്യത്തെ ആകെ ജനങ്ങളുടെ നാലിലൊന്നു പോലും സ്വദേശികളിലില്ല. രാജ്യത്തെ സമ്പദ് മേഖലയുടെ ചലനത്തിനും വളര്‍ച്ചയ്ക്കും പ്രവാസികള്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്.

എന്നാല്‍ ഇതൊന്നും യുഎഇക്ക് ആരും മുന്നറിയിപ്പ് നല്‍കേണ്ട കാര്യമില്ല. എല്ലാം മുന്‍കൂട്ടി കാണാനും അതിനുസരിച്ച് തീരുമാനങ്ങളെടുക്കാനും അതിന് വരുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനും അസാമാന്യ കഴിവ് യുഎഇ ഭരണ നേതൃത്വത്തിനുണ്ടെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ യുഎഇയുടെ നീക്കങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണെന്ന് ആഗോള തലത്തില്‍ നിരീക്ഷിക്കപ്പെടുന്നു.

സാമ്പത്തികം, വിദേശ നയതന്ത്രം, സുരക്ഷ, നിയമ സംവിധാനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും യുഎഇ ഭരണ നേതൃത്വത്തിന് ഒരു മുഴം മുന്നേ എറിയാനുള്ള കഴിവുണ്ട്. അറബ് ലോകത്ത് സൗദി അറേബ്യക്ക് പിന്നിലുള്ള രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് യുഎഇ. ഒപെകിലെ ഏറ്റവും വലിയ എണ്ണ ഉദ്പാദകരിലൊന്ന്. 1970 കള്‍ മുതലുള്ള രാജ്യത്തിന്റൈ സാമ്പത്തിക വളര്‍ച്ചയ്ക്ക് എണ്ണ, ഗ്യാസ് വരുമാനം വഹിച്ച പങ്ക് വലുതാണ്.

സാമ്പത്തിക മേഖലയെ എണ്ണ മേഖലയുടെ മേലുള്ള ആശ്രിതത്വത്തില്‍ നിന്നും മാറ്റേണ്ടതുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതും അതിനു വേണ്ട നീക്കങ്ങള്‍ നടത്തുകയും ചെയ്ത ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇന്ന് സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഇന്ന് ഈ പാത പിന്തുടരുന്നു.

യുഎഇയുടെ സമ്പദ് മേഖലയുടെ പ്രധാന ഘടകങ്ങളിലൊന്ന് ടൂറിസമാണ്. അറബ് ലോകത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇന്ന് ദുബായ്. രാജ്യത്ത് വിദേശ നിക്ഷേപം വരേണ്ടതിനു വേണ്ട നടപടികളോരോന്നായി യുഎഇ സ്വീകരിച്ചു. റിയല്‍ എസ്‌റ്റേറ്റ്, ലോജിസ്റ്റിക്, ട്രാന്‍സ്‌പോര്‍ട്ട്, വിദ്യാഭ്യാസം, സാങ്കേതികം, നിര്‍മാണം തുടങ്ങിയ മേഖലകള്‍ രാജ്യത്ത് കുത്തനെ വളര്‍ന്നു.

ഇന്ന് ഒട്ടനവധി അന്താരാഷ്ട്ര കമ്പനികളുടെ അറബ് മേഖലയുടെ ആസ്ഥാനം യുഎഇയാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഈ കുതിപ്പിന് കാര്യമായ കോട്ടം തട്ടിയില്ല. ദുബായ് എക്‌സ്‌പോ 2020 ലൂടെ ടൂറിസവും നിക്ഷേപവും വീണ്ടും ശക്തമായി തിരിച്ചു വരുമെന്നാണ് യുഎഇ കണക്കാക്കുന്നത്. ദുബായ് എക്‌സ്‌പോ യുഎഇയുടെ വാര്‍ഷിക ജിഡിപി 1.5 ശതമാനം ഉയര്‍ത്തുമെന്നാണ് കണക്കുകള്‍ പ്രവചിക്കുന്നത്.

കൊവിഡ് പ്രതിസന്ധി മൂലം യുഎഇ എണ്ണ ഇതര സമ്പദ് വ്യവസ്ഥ 2020 ല്‍ 6.1 ശതമാനം ഇടിഞ്ഞതിനു ശേഷം 2021 ല്‍ 2.2 ശതമാനവും 2022 ല്‍ 3 ശതമാവനുമായി വീണ്ടും വികസിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കു കൂട്ടുന്നത്. ദുബായ് എക്‌സോയാണ് ഈ ചലനത്തിന് ആക്കം കൂട്ടുന്നത്.

വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം പ്രാദേശിക കമ്പനികളുടെ ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമങ്ങള്‍, മറ്റ് സംരഭക നിയമ പരിഷ്‌കാരങ്ങള്‍, മികവുറ്റ പ്രവാസികള്‍ക്ക് പൗരത്വം നല്‍കല്‍ തുടങ്ങിയ നിയമ ഭേദഗതിതകളും യുഎഇ അടുത്തിടെ കൊണ്ട് വന്നിട്ടുണ്ട്.

രാജ്യത്തിന്റെ വിദേശ നയവും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. യാഥാസ്ഥിതിത കാഴ്ചപ്പാടുകളും പരമ്പരാഗത നയവും യുഎഇയുടെ നയതന്ത്ര ബന്ധത്തെ ബാധിക്കാറില്ല. 2020 ല്‍ ഇസ്രായേലുമായി യുഎഇ ഔദ്യോഗിക ബന്ധം സ്ഥാപിച്ചത് മുസ്ലിം രാജ്യങ്ങളില്‍ വലിയ വിവാദമായപ്പോഴും യുഎഇ തീരുമാനത്തില്‍ ഉറച്ചു നിന്നു. ചര്‍ച്ചയും സമവായവും പരസ്പരം മനസ്സിലാക്കലുമാണ് ആവശ്യമെന്ന് യുഎഇ അന്ന് വ്യക്തമാക്കി. ഇസ്രായേലുമായുള്ള ബന്ധത്തെക്കുറിച്ച് അടുത്തിയ യുഎഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പറഞ്ഞതിങ്ങനെയാണ്,

''ഞങ്ങളിതിനെ അപൂര്‍വമായ ഒരു അവസരമായാണ് കണ്ടത്. ഔദ്യോഗിക നയതന്ത്ര ബന്ധം ഉണ്ടാവണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പല കാരണങ്ങളാല്‍ ഇതൊരു പ്രധാനപ്പെട്ട തീരുമാനമായിരുന്നു. ഒന്നാമത്തെ കാരണം പാലസ്തീനികള്‍ തന്നെ. രണ്ടാമത്തേത് ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നല്‍കല്‍. മൂന്നാമത്തെ കാരണം ഞങ്ങളുടെ സ്ഥാപകന്‍, വിടപറഞ്ഞ ശൈഖ് സയീദും. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കട്ടെ. യുഎഇയുടെ ആരംഭ കാലം മുതല്‍ അദ്ദേഹം സമാധാനവും അനുകമ്പയും ഉള്ള മനുഷ്യനായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഞങ്ങള്‍ ആ പാതയോട് പ്രതിജ്ഞാ ബന്ധരാണ്,'' ശൈഖ് മുഹമ്മദ് പറഞ്ഞു.


Next Story