Top

'പ്രവാചക നിന്ദ'; അപലപിച്ച് യുഎഇ

6 Jun 2022 3:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാചക നിന്ദ; അപലപിച്ച് യുഎഇ
X

അബുദാബി: ബിജെപി വക്താക്കൾ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ യുഎഇയും അപലപിച്ചു. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചതിനെ നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി വ്യക്​തമാക്കി.

ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യുഎഇ നിരസിക്കുന്നു. മതചിഹ്നങ്ങൾ ബഹുമാനിക്കപ്പെടുകയും അവ അക്രമിക്കപ്പെടാതിരിക്കുകയും വേണം. വിദ്വേഷ പ്രസംഗത്തെയും ആക്രമണങ്ങളെയും തടയപ്പെടണം. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ മതാനുയായികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ തടയുന്നതിന്​ യോജിച്ച്​ പ്രവർത്തിക്കണമെന്നും പ്രസ്താവനയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.

ചാനല്‍ ചര്‍ച്ചയിലെ ബിജെപി നേതാക്കളുടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിന് പിന്നാലെ അറബ് ലീഗും ഇറാനും പാകിസ്താനും ഖത്തറും ഒമാനും കുവൈറ്റും ജോർദാനും രംഗത്തെത്തിയിരുന്നു. ഖത്തറും കുവൈത്തും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയായിരുന്നു അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ചത്.

ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിംകള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിരുന്നു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഖേദപ്രകടനത്തില്‍ നുപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

STORY HIGHLIGHTS: UAE condemns insulting statements on the Prophet by bjp leaders

Next Story