കുരങ്ങു പനി: ക്വാറന്റീൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു എ ഇ
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
30 May 2022 6:39 PM GMT
റിപ്പോർട്ടർ മിഡില് ഈസ്റ്റ്

അബുദാബി: യു എ ഇയിൽ മൂന്ന് കുരങ്ങു പനി കൂടി റിപ്പോർട്ട് ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ യു എ ഇ ആരോഗ്യമന്ത്രാലയം സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണം. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രോഗബാധിതർ വീട്ടിൽ ക്വാറൻ്റീനിൽ കഴിയണം. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഉറപ്പുവരുത്തണം. രോഗം ബാധിച്ചവരുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെയും ആരോഗ്യനില അധികൃതർ നിരീക്ഷിക്കുകയും ചെയ്യണം. രോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ഭീതിയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
മേയ് 24നാണ് യു എ ഇയിൽ ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിയിലാണ് രോഗം കണ്ടെത്തിയത്. യുഎസിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. നിലവിൽ നാല് കേസുകളാണ് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്.
പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവയാണ് കുരങ്ങു പനിയുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്. രോഗം ഗുരുതരമായാൽ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. കൂട്ടികളിൽ രോഗം കൂടുതൽ ഗുരുതരമാകാറുണ്ടെന്നും പഠനങ്ങൾ പറയുന്നു.
STORY HIGHLIGHTS: UAE announce quarantine norm Against monkey pox