സ്വദേശിവല്‍ക്കരണം കടുപ്പിക്കാന്‍ യുഎഇ; മലയാളികളെ ബാധിക്കും
വര്‍ഷത്തില്‍ രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കി 2026ഓടെ പത്ത് ശതമാനമായി ഉയര്‍ത്താനാണ് യുഎഇയുടെ ലക്ഷ്യം
11 May 2022 8:26 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബി: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ. വര്‍ഷത്തില്‍ രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കി 2026ഓടെ പത്ത് ശതമാനമായി ഉയര്‍ത്താനാണ് യുഎഇയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 50 പേരില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തിലെ വിദഗ്ത ജോലികളില്‍ രണ്ട് ശതമാനം സ്വദേശിവല്‍ക്കരിക്കാനാണ് മന്ത്രിസഭാ തീരുമാനം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സ്വദേശിവല്‍ക്കരണം സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്. സ്വദേശിവല്‍ക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം രണ്ട് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി ഉയര്‍ത്താന്‍ മറ്റൊരു ദേശീയ പദ്ധതി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമെ യുഎഇയും സ്വദേശിവല്‍ക്കരണം ശക്തമാക്കുമ്പോള്‍ മലയാളികളുള്‍പ്പടെയുള്ള പ്രവാസികളെയാവും ഇത് കാര്യമായി ബാധിക്കുക.
ഇതോടൊപ്പം ജോലിയില്ലാത്ത സ്വദേശികള്‍ക്ക് നിശ്ചിത കാലത്തേക്ക് തൊഴിലില്ലാ വേതനം നല്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്കി. ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം ലഭ്യമാക്കും. കുടുംബ ഭദ്രത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Story highlights: To intensify indigenization; It will affect Malayalees
- TAGS:
- UAE
- Malayalees
- Indigenization