ഹൃദയം തൊടുന്ന അനുകമ്പ; ജനപ്രിയനായി ഷെയിഖ് ഹംദാന്‍
കാലങ്ങളായി ലോക നേതാക്കള്‍ പിന്തുടരുന്ന രീതികളില്‍ നിന്ന് വ്യത്യസ്തനാണ് ഷെയിഖ് ഹംദാന്‍. ഏതൊരു നല്ല പ്രവര്‍ത്തിയും കൈയ്യടി നേടാതെ പോകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്
1 Aug 2022 11:01 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായ്: സ്വന്തം പരിതസ്ഥിതികള്ക്കുള്ളില് നിന്നുകൊണ്ടാണ് മനുഷ്യര്‍ ജീവിക്കുന്നത്. ചുറ്റുമുള്ള പരിചിതരല്ലാത്ത മനുഷ്യരെക്കുറിച്ച് ചിന്തിക്കാന്‍ പോലും പലപ്പോഴും നമുക്ക് കഴിയുന്നില്ല. എന്നാല്‍ സ്നേഹപൂര്‍വ്വമുള്ള ഒരു നോട്ടത്തിനോ, ചിരിക്കോ പോലും അന്യരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ കഴിയും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതിനൊരു ഉത്തമ ഉദാഹരണമാണ്.
കാലങ്ങളായി ലോക നേതാക്കള്‍ പിന്തുടരുന്ന രീതികളില്‍ നിന്ന് വ്യത്യസ്തനാണ് ഷെയിഖ് ഹംദാന്‍. ഏതൊരു നല്ല പ്രവര്‍ത്തിയും കൈയ്യടി നേടാതെ പോകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. കഴിഞ്ഞ ദിവസമാണ് ദുബായിലെ ഒരു റോഡില്‍ നിന്നും യാത്രക്കാര്‍ക്ക് തടസമായ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്ത ഡെലിവറി ബോയിയെ പ്രശംസിച്ച് ഷെയിഖ് ഹംദാന്‍ രംഗത്തെത്തിയത്. നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണെന്നാണ് ഷെയ്ഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചത്. കൂടാതെ ഇയാളെ ബന്ധപ്പെടാനുളള കൂടുതല്‍ വിവരങ്ങളും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
'ദുബായിലെ നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണ്. ആരെങ്കിലും എന്നെ ഈ മനുഷ്യനിലേക്ക് എത്തിക്കുമോ?' എന്നാണ് ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റിന് പിന്നാലെ തന്നെ ഷെയ്ഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അബ്ദുള്‍ ഖഫൂര്‍ എന്ന ഡെലിവറി ബോയിയെ കണ്ടെത്തിയതായി അറിയിച്ചു. 'ആ നല്ല മനുഷ്യനെ കണ്ടെത്തി. നന്ദി അബ്ദുള്‍ ഗഫൂര്‍, നമ്മള് ഉടനെ കാണുമെന്നും' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വീല്‍ചെയറിലെത്തിയ വ്യക്തിയെ ഷെയിഖ് ഹംദാന്‍ കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വെടിയേറ്റ് ഗുരുതര നിലയിലായ ഗ്രേസ് എന്ന നായയ്ക്ക് ചികിത്സ ലഭ്യമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഒരിക്കല്‍ നെറ്റ്ഫ്ളിക്സില്‍ കാണാന്‍ പറ്റിയ ചിത്രങ്ങള്‍ നിര്‍ദേശിക്കാന്‍ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രസകരമായ രീതിയിലും ഷെയിഖ് ഹംദാന്‍ ജനങ്ങളുമായി സംവദിക്കാറുണ്ട്.
സമൂഹത്തിലെ എല്ലാ തട്ടിലും ജീവിക്കുന്ന മനുഷ്യരുമായി ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. തന്റെ പ്രവര്‍ത്തികളിലൂടെ അദ്ദേഹം ജനങ്ങള്‍ക്ക് നല്കുന്ന പരിഗണന പ്രശംസനീയമാണ്. തനിക്ക് ചുറ്റുമുള്ള മനുഷ്യരില്‍ സ്വാധീനം ചെലുത്തി അവരുടെ മനസ്സ് നിറയ്ക്കാനും സംതൃപ്തരാക്കാനും എല്ലാ നേതാക്കള്‍ക്കും കഴിയില്ല. ഷെയിഖ് ഹംദാനില്‍ നിന്നുമുള്ള പരിഗണന വലിയൊരു അംഗീകാരമായാണ് ജനങ്ങള്‍ കാണുന്നത്. കായിക പ്രേമിയായ ഷെയിഖ് ഹംദാന്‍ നല്ലൊരു അത്ലറ്റ് കൂടിയാണ്.
Story Highlights: The Kindness of Sheikh Hamdan A Leader Who Connects With the People
- TAGS:
- Dubai
- UAE
- Sheikh Hamdan