Top

യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; പളളികളില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറികള്‍ തുറക്കും

ഇംഗ്ലീഷിലും അറബിയിലും ഉറുദുവിലും കൊവിഡ് മുന്‍കരുതല്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പളളികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.

10 Nov 2021 4:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; പളളികളില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറികള്‍ തുറക്കും
X

കൊവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന സ്ത്രീകളുടെ പ്രാര്‍ത്ഥാനമുറികള്‍ തുറക്കുന്നതുള്‍പ്പടെ പളളികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ ഭരണകൂടം. സ്ത്രീകളുടെ നമസ്‌കാര മുറികള്‍, അംഗശുദ്ധി വരുത്തുന്ന സ്ഥലം, ശൗച്യാലയം, തുടങ്ങിയവയും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് രാജ്യത്തെ പളളികള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനത്തോടെ തുറന്നു നല്‍കിയിരുന്നുവെങ്കിലും സ്ത്രീകളുടെ പ്രാര്‍ത്ഥാനമുറികള്‍ക്കുളള നിയന്ത്രണങ്ങള്‍ നീക്കിയിരുന്നില്ല. ഷാര്‍ജയില്‍ കഴിഞ്ഞ വാരം നിയന്ത്രണങ്ങള്‍ മാറ്റിയിരുന്നു.

1.5 മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടെയുളള മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനം എന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നു. ഓരോ പ്രാര്‍ത്ഥനയ്ക്ക് ശേഷവും അണുനശീകരണം നടത്തണം. ഇംഗ്ലീഷിലും അറബിയിലും ഉറുദുവിലും കൊവിഡ് മുന്‍കരുതല്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പളളികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.

പ്രാര്‍ത്ഥനയ്ക്ക് ശേഷം പളളികള്‍ അടച്ചിടണമെന്നതുകൂടി ഓര്‍മ്മിപ്പിക്കുകയാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ഡോ സെയ്ഫ് അല്‍ ദഹേരി പറഞ്ഞു. ഇമാമുമാര്‍ കൊവിഡിനെതിരെ വാക്‌സീന്‍ സ്വീകരിച്ചവരായിരിക്കണം. എല്ലാ 14 ദിവസത്തിലും പിസിആര്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുകയും വേണമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു.

Next Story