Top

ആരോഗ്യപരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കല്‍; കൂട്ടയോട്ടം സംഘടിപ്പിച്ച് ദുബൈ കിരീടാവകാശി

വനിതകളും കുട്ടികളുമടക്കം വിവിധ രാജ്യക്കാരായ പതിനായിരങ്ങളാണ് ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായത്.

26 Nov 2021 4:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോഗ്യപരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കല്‍; കൂട്ടയോട്ടം സംഘടിപ്പിച്ച് ദുബൈ കിരീടാവകാശി
X

ജനങ്ങളില്‍ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂംന്റെ നേതൃത്വത്തില്‍ ദുബൈയില്‍ ഫിറ്റ്‌നസ് ചെലഞ്ച് സംഘടിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഷെയ്ഖ് സായിദ് റോഡിലൂടെ കൂട്ടയോട്ടം നടത്തിയത്. വനിതകളും കുട്ടികളുമടക്കം വിവിധ രാജ്യക്കാരായ പതിനായിരങ്ങളാണ് ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായത്.

കുടുംബങ്ങള്‍ക്കായി അഞ്ചുകിലോമീറ്റര്‍ ഓട്ടത്തിനാണ് സൗകര്യമൊരുക്കിയത്. പ്രൊഫഷണല്‍ കായികതാരങ്ങള്‍ക്ക് 10 കിലോമീറ്റര്‍ ഓടാന്‍ ഉള്ള സൗകര്യവും ഒരുക്കിയിരുന്നു. ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായി ശൈഖ് സായിദ് റോഡിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട്‌ബോട്ട്, ദുബൈ മാള്‍ ബ്രിഡ്ജിലെ ആദ്യ ഇന്റര്‍ചേഞ്ച് ഭാഗത്തും ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡിലും പുലര്‍ച്ചെ നാല് മണി മുതല്‍ രാവിലെ 10 മണി വരെ വാഹന ഗതാഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയി ദുബൈ മെട്രോയുടെ റെഡ് ലൈനും ഗ്രീന്‍ ലൈനും പുലര്‍ച്ചെ 3 30 മുതല്‍ പ്രവര്‍ത്തനസജ്ജം ആയിരുന്നു. യുഎഇ യുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ജനപങ്കാളിത്തം കൊണ്ട് ഫിറ്റ്‌നസ് ചലഞ്ച് നടത്തിയ കൂട്ടയോട്ടം വമ്പിച്ച വിജയം കൈവരിച്ചു.

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ജനങ്ങളുടെ കൂടെ ഓട്ടത്തിന് ഉണ്ടായിരുന്നു. ദുബൈ ആരോഗ്യമുള്ളവരുടെ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആണ് ഇത്തരം പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി എല്ലാ പ്രായക്കാര്‍ക്കും ഒരു മാസത്തോളം സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകളും പരിശീലനങ്ങളും ലഭ്യമാക്കുമെന്ന് ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീടൈല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. ദുബൈയിയെ ഏറ്റവും ചലനാത്മകമായ നഗരം ആക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story