Top

യുഎഇയിലെ സ്വകാര്യമേഖലയിൽ 3000 തൊഴിലവസരങ്ങൾ ഒരുങ്ങുന്നു; വിദേശികൾക്ക് അവസരമുണ്ടാവില്ല

28 Jun 2022 6:12 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിലെ സ്വകാര്യമേഖലയിൽ 3000 തൊഴിലവസരങ്ങൾ ഒരുങ്ങുന്നു; വിദേശികൾക്ക് അവസരമുണ്ടാവില്ല
X

അബുദാബി: രാജ്യത്തെ സ്വകാര്യമേഖലയിൽ 3000 തൊഴിലവസങ്ങൾ ഒരുങ്ങുന്നു. എമറാത്തി ടാലന്റ് കോമ്പിറ്റിറ്റീവ്‌നസ് കൗൺസിലും അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ തുടർന്നാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇത്രയും തൊഴിൽ സാധ്യതകൾ ഉയരുമ്പോഴും പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതല്ല വാർത്ത. പൂർണമായും സ്വദേശികളെയാണ് തൊഴിലിനായി പരി​ഗണിക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കരാർ അടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ 2025ഓടെ പൂർത്തിയാവുന്നതാണ്. വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (എഡിഎൻഒസി)മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറും മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുൾറഹ്‌മാൻ അൽ അവർ എമറാത്തി ടാലന്റ് കോമ്പിറ്റിറ്റീവ്‌നസ് കൗൺസിൽ(എൻഎഎഫ്‌ഐഎസ്) സെക്രട്ടറി ജനറൽ ഗന്നം അൽ മസ്റൂയിയും എഡിഎൻഒസി പീപ്പിൾ, ടെക്നോളജി ആൻഡ് കോർപ്പറേറ്റ് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾമുനിം അൽ കിൻദിയുമാണ് കരാറിൽ ഒപ്പുവച്ചിട്ടുള്ളത്.

ഈ കരാർ പ്രദേശികമായി തൊഴിൽ സാധ്യത ഉയർത്തുന്നതും തൊഴിൽ നൈപുണ്യം വളർത്തുന്നതിനും സഹായിക്കുന്നതാണ്. യുഎഇ അടുത്ത 50 വർഷത്തേക്കുള്ള പദ്ധതികൾക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സുപ്രധാന സംഭാവനകൾ നൽകുന്നത് തുടരാനാവും. പൗരന്മാരെ പ്രാപ്തരാക്കുന്നതിലൂടെ സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ സമ്പദ്വ്യവസ്ഥയെ എമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നസ് കൗൺസിൽ പിന്തുണയ്ക്കുന്നുണ്ട്. സ്വകാര്യമേഖലയിൽ നിലവിലുള്ളതും പുതിയതുമായ മേഖലകളിൽ പൗരന്മാരെ സംയോജിപ്പിക്കാനും എമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നസ് കൗൺസിൽ ശ്രമിക്കുന്നുണ്ട്.

ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും അവരുടെ സംഭാവന വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെയാണ് കരാർ പിന്തുണയ്ക്കുന്നത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഊർജ്ജം, വ്യാവസായിക, നിർമ്മാണം എന്നീ മേഖലകളെ പ്രയോജനപ്പെടുത്തുന്നതിലൂടെ വൻകിട കമ്പനികളിലെ തൊഴിലവസരങ്ങളുമായി കഴിവുള്ള എമിറാത്തി പ്രൊഫഷണലുകളെ കണ്ടെത്തുന്നതിനുള്ള സെഷനുകൾ സംഘടിപ്പിച്ച് സ്വദേശികൾക്ക് പിന്തുണ നൽകും. 300 ലധികം പ്രാദേശിക പങ്കാളികളും 11 പ്രമുഖ കമ്പനികളും പങ്കെടുക്കുന്ന ആദ്യ സെഷൻ നടത്തിയിട്ടുണ്ട്.

അബുദാബി ഓയിൽഫീൽഡ് സർവീസസ് കമ്പനി, അൽ ഗൈത്ത് ഓയിൽഫീൽഡ് സപ്ലൈസ് ആൻഡ് സർവീസസ് കോ, അലി ആൻഡ് സൺസ് ഓയിൽ-ഫീൽഡ് സപ്ലൈസ് ആൻഡ് സർവീസസ്, അൽ മൻസൂരി, അൽ മസഊദ് ഓയിൽ ഇൻഡസ്ട്രി സപ്ലൈസ് ആൻഡ് സർവീസസ്, ബേക്കർ ഹ്യൂസ്, ഗൾഫ് ഓട്ടോമേഷൻ സർവീസസ് ആൻഡ് ഓയിൽഫീൽഡ് സപ്ലൈസ്, ഹാലിബർട്ടൺ, ഹാലിബർട്ടൺ, വെതർഫോർഡ്. ടെക്‌നിപ്എഫ്എംസി എന്നിവയെല്ലാം ഈ സഹകരണത്തിന്റെ ഭാഗമാവുന്നുണ്ട്.

Story highlights: private sector in the UAE is creating 3,000 jobs; Foreigners will not have the opportunity

Next Story