Top

ദുബായിൽ വിഷുവിന് ചക്കയ്ക്ക് ഡിമാൻഡ്; ഇറക്കുമതി ചെയ്യുന്നു; കേരളത്തിൽ നിന്നല്ല

9 April 2022 12:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായിൽ വിഷുവിന് ചക്കയ്ക്ക് ഡിമാൻഡ്; ഇറക്കുമതി ചെയ്യുന്നു; കേരളത്തിൽ നിന്നല്ല
X

ദുബായിലേക്ക് അസമില്‍ നിന്നും ചക്കയും പച്ചമുളകും കയറ്റുമതി ചെയ്യുന്നു. അസമില്‍ നിന്നും ദുബായിലേക്കുള്ള ആദ്യ ചക്ക കയറ്റുമതിക്ക് വെള്ളിയാഴ്ച തുടക്കമിട്ടു. അസമിലെ ദുബ്രി ജില്ലയില്‍ നിന്നാണ് കയറ്റുമതി നടന്നത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍പമുതന്‍ എംപി ചക്കയും പച്ചമുളകും കയറ്റിയ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. 1500 കിലോ ചക്കയും 500 കിലോ പച്ചമുളകുമാണ് കയറ്റുമതി ചെയ്തത്. ഇത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ വഴി ഗള്‍ഫ് മാര്‍ക്കറ്റിലെത്തിക്കും.

വിഷു അടുത്തതോടെ കണിവെക്കാനും മറ്റുമായി ചക്കയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. ചക്കയ്ക്കും പച്ചമുളകിനും ആവശ്യമായ ഉപഭോക്താക്കളെ ലഭിച്ചാല്‍ ധൂബ്രിയില്‍ നിന്ന് കയറ്റുമതി തുടരുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ രവികുമാര്‍ പറഞ്ഞു. അസമിലെ അഗ്രികള്‍ച്ചര്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഏകോപനത്തിലാണ് കയറ്റുമതി.

ഗുവാഹത്തിയില്‍ എപിഇഡിഎ സംഘടിപ്പിച്ച ഒരു എക്‌സിബിഷനാണ് ദുബായിലേക്കുള്ള അസം കയറ്റുമതിക്ക് വഴി തെളിച്ചത്. ദുബ്രി ജില്ലയുടെ കാര്‍ഷിക, സാമ്പത്തിക മേഖലയെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണിതെന്നാണ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍പമുതന്‍ എംപി പറഞ്ഞത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചക്കയുല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് തൊട്ടു പിന്നിലാണ് അസം. ഒഡീഷയാണ് ചക്കയുല്‍പാദനത്തില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 312.18 ടണ്‍ ചക്കയാണ് ഒഡീഷയില്‍ ഉല്‍പാദിപ്പിച്ചത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. 263 ടണ്‍ ചക്കയാണ് കേരളമുല്‍പാദിപ്പിച്ചത്. മൂന്നാം സ്ഥാനത്താണ് അസം. ബംഗാള്‍, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളും ചക്ക ഉല്‍പാദനത്തില്‍ മുന്നിലാണ്.

STORY HIGHLIGHT: jack fruit and green chilli exported to uae to india

Next Story