Top

പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർ‌ക്കായി യുഎഇയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രത്യേക ക്യാമ്പ്; ആ​ഗസ്റ്റ് 28 വരെ തുടരും

നിരവധിയാളുകൾക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പാസ്‍പോര്‍ട്ടുകളും ഉള്‍പ്പെടെ പ്രളയത്തില്‍ നഷ്ടമായി.

9 Aug 2022 9:29 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർ‌ക്കായി യുഎഇയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രത്യേക ക്യാമ്പ്; ആ​ഗസ്റ്റ് 28 വരെ തുടരും
X

അബുദാബി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടമാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തവർക്കായി യുഎഇയിൽ ക്യാമ്പ് തുറന്നു. ഇന്ത്യൻ കോൺസുലേറ്റാണ് പ്രവാസികളുടെ ആവശ്യം കണക്കിലെടുത്ത് ക്യാമ്പ് തുറന്നത്. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് സെന്ററുകളിൽ കോൺസുലേറ്റ് സംഘടിപ്പിച്ച ക്യാമ്പുകളില്‍ കോണ്‍സുലേറ്റിന് 80 അപേക്ഷകള്‍ ലഭിച്ചു. ആ​ഗസ്റ്റ് 28 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. കോൺസുലേറ്റിൽ നിന്നുളള ഉദ്യോ​ഗസ്ഥർ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു.

യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് ആളുകള്‍ക്കാണ് സ്വന്തം താമസ സ്ഥങ്ങള്‍ വിട്ട് താത്കാലിക അഭയ കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറേണ്ടി വന്നത്. നിരവധിയാളുകൾക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പാസ്‍പോര്‍ട്ടുകളും ഉള്‍പ്പെടെ പ്രളയത്തില്‍ നഷ്ടമായി. മറ്റ് രാജ്യങ്ങളിൽ നിന്നുളള പ്രവാസികൾക്കായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

STORY HIGHLIGHTS: Indian Consulate Start Camp for Receive Application Passport Lost Damaged in UAE Flood

Next Story