Top

'യുഎഇയില്‍ മുട്ടയ്ക്കും ചിക്കനും വില വര്‍ധിക്കും'; 13 ശതമാനം വില വര്‍ധനവിന് ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി

രാജ്യത്ത് മുട്ട, ചിക്കന്‍ എന്നിവയുടെ വില മുന്‍കൂട്ടി മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ ഉയര്‍ത്താനാവില്ല

19 March 2023 9:00 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയില്‍ മുട്ടയ്ക്കും ചിക്കനും വില വര്‍ധിക്കും; 13 ശതമാനം വില വര്‍ധനവിന് ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി
X

അബുദാബി: യുഎഇയില്‍ മുട്ടയ്ക്കും കോഴിത്തീറ്റ ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കും. കോഴി വളര്‍ത്തലിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ക്കും മുട്ടക്കും പരമാവധി പതിമൂന്ന് ശതമാനം വില വര്‍ധിക്കും. യുഎഇ ധനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. ശനിയാഴ്ച്ചയാണ് വിലവര്‍ധനവിന് യുഎഇ ധനകാര്യമന്ത്രാലയം അംഗീകാരം നല്‍കിയത്. അതേസമയം ആറുമാസത്തിന് ശേഷം വില വര്‍ധന പിന്‍വലിച്ചേക്കുമെന്നും മന്ത്രാലയം പറഞ്ഞു. വില വര്‍ധിക്കാനിടയായ സാഹചര്യം വിലയിരുത്തിയാണ് മുട്ട, കോഴിവളര്‍ത്തലിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധനവ് പിന്‍വലിക്കുകയെന്നും ചൂണ്ടിക്കാട്ടി.

രാജ്യത്തെ കോഴി വളര്‍ത്തല്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുട്ടക്കും കോഴി വളര്‍ത്തല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചതെന്ന് യുഎഇ ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഉല്‍പ്പാദന, ഷിപ്പിങ് മേഖലകളില്‍ നേരിട്ട വില വര്‍ധനവാണ് വില ഉയര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്. കോഴി വളര്‍ത്തലിന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്ത്തുക്കളായ കാലിത്തീറ്റ ഉള്‍പ്പടെയുള്ളവയ്ക്ക് വില വര്‍ധിച്ചതാണ് ഇത്തരത്തില്‍ വില ഉയര്‍ത്തേണ്ട സാഹചര്യത്തിലേക്ക് നയിച്ചതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്ത് മുട്ട, ചിക്കന്‍ എന്നിവയുടെ വില മുന്‍കൂട്ടി മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ ഉയര്‍ത്താനാവില്ല. അന്താരാഷ്ട്ര, പ്രാദേശിക തലത്തില്‍ മുട്ട, ചിക്കന്‍ ഉല്‍പ്പന്നങ്ങളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യായീകരിക്കാവുന്ന വില വര്‍ധനവാണ് ഏര്‍പ്പെടുത്തിയതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

റഷ്യ-യുക്രെയിന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോഴി വളര്‍ത്തലിന് ആവശ്യമായ കാലിത്തീറ്റയുള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കും ഇന്ധനം, വാക്‌സിനേഷന്‍, എന്നിവക്കുമാണ് വന്‍തോതില്‍ വില വര്‍ധിച്ചത്. ഷിപ്പിങ് ചാര്‍ജിലും ഉല്‍പ്പാദനത്തിനും ഉയര്‍ന്ന വില വര്‍ധനവാണ് പ്രകടമായത്. കോഴി വളര്‍ത്തലിന് ആവശ്യമായ ധാന്യങ്ങളുടെ ആഗോളതലത്തിലെ ഏറ്റവും വലിയ വിതരണക്കാരാണ് റഷ്യയും യുക്രെയിനും.

STORY HIGHLIGHTS: In the UAE, the prices of products including eggs and chicken will increase

Next Story