Top

യുഎഇയിൽ മഴ ശക്തമാകുന്നു; റാസൽഖൈമയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെളളത്തിൽ മുങ്ങി

മഴ തുടരുന്നതിനാൽ യുഎഇ നിവാസികളോട് വീട്ടിൽ തന്നെ തുടരാനും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ബന്ധപ്പെട്ട അധികൃതർ അഭ്യർത്ഥിച്ചു.

27 July 2022 9:38 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിൽ മഴ ശക്തമാകുന്നു; റാസൽഖൈമയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെളളത്തിൽ മുങ്ങി
X

അബുദാബി: യുഎഇയിലും മഴ ശക്തമാകുന്നു. വിവിധ പ്രദേശങ്ങളിൽ വെളളം കയറി. ഫുജൈറ, ഉമ്മുൽഖുവൈൻ, ദുബൈയിലെ ഹത്ത, ഖോർഫക്കാൻ, കൽബ, റാസൽഖൈമ, ഷാർജയുടെയും അബുദബിയിലെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. ഫുജൈറയിലും റാസൽഖൈമയിലും റോഡുകളും, താഴ്ന്ന പ്രദേശങ്ങളും വെളളത്തിൽ മുങ്ങി.

യുഎഇയുടെ ചില ഭാ​ഗങ്ങളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. ഇതുവരെ അപകടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ല. മഴ തുടരുന്നതിനാൽ യുഎഇ നിവാസികളോട് വീട്ടിൽ തന്നെ തുടരാനും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ബന്ധപ്പെട്ട അധികൃതർ അഭ്യർത്ഥിച്ചു.

മഴക്കാല ദുരിത പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻസിഇഎംഎ)യുമായി പൊലീസ് ടീമുകളേയും, സിവിൽ ഡിഫൻസ് അധികാരികളേയും ആഭ്യന്തര മന്ത്രാലയം ഏകോപിപ്പിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിൽ പെയ്ത പേമാരിയുടെ ഫലമായി ഏത് അടിയന്തര സാഹചര്യത്തിലും പ്രതികരിക്കാൻ രാജ്യം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

നാശനഷ്ടങ്ങൾ വിലയിരുത്താൻ യുഎഇ കാബിനറ്റ് അടിയന്തര സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും രാജ്യത്തെ എല്ലാ എമിറേറ്റുകളിലെയും സുരക്ഷാ, പൊലീസ് അധികാരികളുമായും മുനിസിപ്പാലിറ്റികളുമായും ഏകോപിപ്പിച്ച് സ്വത്തും ജീവനും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉടൻ ആരംഭിക്കാനും മന്ത്രിസഭാ സമിതിയോട് നിർദ്ദേശിച്ചു.

അടുത്ത നാലുദിവസവും മഴ തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യമെമ്പാടും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്​. ബുധനാഴ്ച റാസൽഖെമയിലെ ജബൽജൈസിൽ 17 ഡിഗ്രിയാണ്​ താപനില രേഖപ്പെടുത്തിയത്​. ഫുജൈറയിലെ മലയോര മേഖലകളിൽ കനത്ത വെള്ളച്ചാട്ടം തന്നെ രൂപപ്പെട്ടു. ഇതി​ന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. പ്രതികൂല കാലാവസ്​ഥ തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

STORY HIGHLIGHTS: heavy rain in uae flooded roads in ras al-khaimah

Next Story