രുചിക്കൂട്ടുകളുമായി ഗള്‍ഫുഡ് ഇന്ന് ആരംഭിക്കും
ഈ മാസം 17 വരെയാണ് മേള ഒരുക്കിയിട്ടുള്ളത്.
12 Feb 2022 5:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രുചിയുടെ ആഗോള സംഗമത്തിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ന് കലവറയൊരുങ്ങും. രുചിഭേദങ്ങളുടെ സംഗമ വേദിയായ ഗള്ഫുഡിനാണ് തുടക്കമാകുന്നത്. വേള്‍ഡ് ട്രേഡ് സെന്ററിലെ 21 ഹാളുകളിലായി ഈ മാസം 17 വരെയാണ് മേള ഒരുക്കിയിട്ടുള്ളത്.
120 രാജ്യങ്ങളിലെ രുചിക്കൂട്ടുകളാണ് മേളയില്‍ ഒരുക്കുന്നത്. പ്രശസ്ത ഷെഫുമാരായ ആന്റണി ദിമിത്രി, അന്റോണിയോ ബാച്ചര്‍, നിക്ക് ആല്‍വിസ്, ഇമാറാത്തി ഷെഫ് ഖാലിദ് അല്‍ സാദി തുടങ്ങിയവര്‍ മേളയുടെ രുചി കൂട്ടാനെത്തും.
പുതിയ ഉത്പന്നം ലോകത്തിന് പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമെല്ലാം ഗള്ഫുഡിലെത്തും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അഞ്ച് ലക്ഷം പേരെങ്കിലും സന്ദര്‍ശിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പുതിയ സ്വാദുകള്ക്കു പുറമെ നിരവധി സമ്മാനങ്ങളും സന്ദര്‍ശകര്‍ക്കായി മേളയില്‍ ഒരുക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ വ്യാപാര ഇടപാടുകള്‍ക്കാണ് ഓരോ ഗള്ഫുഡും സാക്ഷ്യം വഹിക്കുന്നത്. മേളയിലേക്കുള്ള പ്രവേശന പാസ് ഗള്‍ഫുഡിന്റെ വെബ്സൈറ്റ് വഴി ലഭിക്കും.