Top

ദുബായ് എക്സ്പോ 2020; 'കേരളവാരം' പവലിയൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളവാരത്തിൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെക്കുറിച്ചും, അടിസ്ഥാനസൗകര്യ മേഖലകളെക്കുറിച്ചും പരിചയപ്പെടുത്തും.

5 Feb 2022 10:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായ് എക്സ്പോ 2020; കേരളവാരം പവലിയൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
X

എക്സ്പോ 2020 ദുബായിലെ കേരള പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'കേരളവാരം' എന്നു പേരിട്ടിരിക്കുന്ന പവലിയനിലൂടെ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തും. 10 വരെയാണ് കേരളവാരം പവലിയനുളളത്. എക്സ്പോയിൽ ഇന്ത്യൻ പവലിയന് കീഴിലാണ് കേരളാ പവലിയനും. യുഎഇ സാംസ്കാരിക, സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പുതിയ കാലത്തിന്റെ സാധ്യതകളെ ഉപയോ​ഗപ്പെടുത്തി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കെ റെയിൽ, കെ ഫോൺ എന്നീ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി ചടങ്ങിൽ വിശദീകരിച്ചു. ഈ രണ്ടു പദ്ധതികളും കേരളത്തിന് നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.വ്യാവസായിക നവീകരണത്തിനുള്ള മികച്ച ഉത്തേജകമാണ് ദുബായ് എക്‌സ്‌പോ 2020. പ്രതീക്ഷയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരോധശേഷിയുടെയും ഉജ്ജ്വല ഉദാഹരണം കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളവാരത്തിൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെക്കുറിച്ചും, അടിസ്ഥാനസൗകര്യ മേഖലകളെക്കുറിച്ചും പരിചയപ്പെടുത്തും. സംസ്ഥാനം ഐടി മേഖലയിൽ കൈവരിച്ച പുരോ​ഗതിയും എക്സ്പോയിൽ പരിചയപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ നിക്ഷേപ അവസരങ്ങൾ, നിക്ഷേപ മാർ​ഗങ്ങൾ‌, സ്റ്റാർട്ടപ്പ് വൈദഗ്ധ്യം എന്നിവയും കേരളവാരത്തിൽ അവതരിപ്പിക്കും.

വിദേശ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളേയും സ്വകാര്യ കമ്പനികളേയും കേരളത്തിലേക്ക് ക്ഷണിക്കുകയാണ്. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നവർക്ക് സുതാര്യമായരീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നിയമ,വ്യവസായ മന്ത്രി പി രാജീവ് ഉറപ്പുനൽകി.

യുഎഇ അന്താരാഷ്ട്ര വ്യാപാര മന്ത്രി താനി ബിൻ അഹ്മദ് അൽ സെയൂദി, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം) എപിഎം മുഹമ്മദ് ഹനീഷ്, നോർക്കയുടെയും അബുദാബി ചേംബർ ഓഫ് കൊമേഴ്സിന്റെയും വൈസ് ചെയർമാൻ എംഎ യൂസഫലി, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എംജി രാജമാണിക്യം, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Next Story

Popular Stories