അബുദാബിയില്‍ നിരത്തിലിറങ്ങാന്‍ ഡ്രൈവറില്ലാ ടാക്സികള്‍; ആദ്യ സര്‍വീസ് യാസ് ഐലന്റില്‍
ഈ മാസംതന്നെ ടാക്‌സികള്‍ അബുദാബി നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്ന് ജി42-ന്റെ കീഴിലുള്ള ബയാനത് കമ്പനി അറിയിച്ചു.
24 Nov 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബി നിരത്തുകളില്‍ ഡ്രൈവര്‍രഹിത ടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടമാരംഭിക്കുന്നു. അബുദാബി സ്മാര്‍ട്ട് സമ്മിറ്റിന്റെ ഭാഗമായി യാസ് ഐലന്റിലാണ് മേഖലയിലെ ആദ്യത്തെ ഡ്രൈവര്‍ രഹിത ടാക്‌സികള്‍ സര്‍വീസ് നടത്തുക. അബൂദാബി സ്മാര്‍ട്ട് സിറ്റി ഉച്ചക്കോടിയില്‍ വെച്ചാണ് ഡ്രൈവര്‍ രഹിത സര്‍വീസിന് തുടക്കംകുറിച്ചത്.
ഈ മാസംതന്നെ ടാക്‌സികള്‍ അബുദാബി നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്ന് ജി42-ന്റെ കീഴിലുള്ള ബയാനത് കമ്പനി അറിയിച്ചു. വൈകാതെ മറ്റ് എമിറേറ്റുകളിലേക്കും സേവനം സജീവമാക്കാനാണ് പദ്ധതി.
മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് ബയാനതുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണിത്. യാസ് ഐലന്റിലെ ഒമ്പത് ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ച് ടാക്‌സികളാണ് പ്രാരംഭഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുകയെന്ന് ബയാനത് സി.ഇ.ഒ. ഹസന്‍ അല്‍ ഹൊസാനി പറഞ്ഞു.
മൂന്ന് ഇലക്ട്രിക് കാറുകളും രണ്ട് ഹൈബ്രിഡ് കാറുകളുമായിരിക്കും സര്‍വീസ് നടത്തുക. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, മാളുകള്‍ എന്നിവയെ ബന്ധപ്പെടുത്തിയാണ് സര്‍വീസ് നടത്തുക. സ്വയംനിയന്ത്രിത കാറുകളുടെ യാത്രാവഴികള്‍ സമഗ്ര ഗതാഗത കേന്ദ്രമാണ് ചിട്ടപ്പെടുത്തുന്നത്. സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായതായി അധികാരികള്‍ വ്യക്തമാക്കി. ഡ്രൈവറില്ലാ ടാക്‌സി സര്‍വീസിന്റെ പരീക്ഷണയോട്ടത്തിന് നേതൃത്വം നല്‍കാന്‍ ബയാനത്തുമായി മുന്‍സിപ്പാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നേരത്തെ കരാറൊപ്പിട്ടിരുന്നു.
- TAGS:
- Abu Dhabi
- Driverless taxis
- UAE