Top

നാട്ടിലേക്കുള്ള ടിക്കറ്റ് തയ്യാര്‍; ഷെയ്ഖ് ഹംദാനെ കാണാതെ എങ്ങോട്ടുമില്ലെന്ന് അബ്ദുള്‍ ഗഫൂര്‍

നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായി നാട്ടില്‍ പോയി കുടുംബത്തെ കാണാന്‍ ടിക്കറ്റെടുത്ത് നല്‍കിയിരിക്കുകയാണ് ഗഫൂറിന്റെ കമ്പനി

2 Aug 2022 10:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാട്ടിലേക്കുള്ള ടിക്കറ്റ് തയ്യാര്‍; ഷെയ്ഖ് ഹംദാനെ കാണാതെ എങ്ങോട്ടുമില്ലെന്ന് അബ്ദുള്‍ ഗഫൂര്‍
X

ദുബായ്: ലാഭേച്ഛയില്ലാതെ ചെയ്ത സല്‍പ്രവൃത്തിക്ക് അംഗീകാരം ലഭിക്കുന്നത് സന്തോഷകരമാണ്. എന്നാല്‍ ആ അംഗീകാരത്തിന് ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞാലോ? ദുബായില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന പാകിസ്താന്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ കാത്തിരിക്കുകയാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരില്‍ കാണാന്‍. റോഡില്‍ കിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്തതിന് ഷെയ്ഖ് ഹംദാന്റെ പ്രശംസ നേടിയതിലൂടെയാണ് അബ്ദുള്‍ ഗഫൂര്‍ പ്രശസ്തനാകുന്നത്. ഷെയ്ഖ് ഹംദാന്‍ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിന് പിന്നാലെ അബ്ദുള്‍ ഗഫൂര്‍ ജോലി ചെയ്യുന്ന സ്ഥാപനവും അംഗീകാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായി നാട്ടില്‍ പോയി കുടുംബത്തെ കാണാന്‍ ടിക്കറ്റെടുത്ത് നല്‍കിയിരിക്കുകയാണ് ഗഫൂറിന്റെ കമ്പനി. എന്നാല്‍ ഷെയ്ഖ് ഹംദാനെ നേരില്‍ കാണാതെ എങ്ങോട്ടുമില്ല എന്ന ഉറച്ച നിലപാടിലാണ് ഈ 27കാരന്‍. കഴിഞ്ഞ ദിവസം ഷെയ്ഖ് ഹംദാന്‍ നേരിട്ട് വിളിച്ച് ഗഫൂറിനെ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്തിന് പുറത്താണെന്നും തിരിച്ചെത്തിയാല്‍ ഉടനെ കാണാമെന്നും അദ്ദേഹം ഗഫൂറിനോട് പറഞ്ഞു. കൊട്ടാരത്തില്‍ നിന്നും വിളി വരുന്നതിനായി കാത്തിരിക്കുകയാണിപ്പോള്‍ അബ്ദുള്‍ ഗഫൂര്‍.

റോഡില്‍ യാത്രക്കാര്‍ക്ക് തടസ്സമായി കിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ ഗഫൂര്‍ നീക്കം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയ്ഖ് ഹംദാന്‍ അബ്ദുള്‍ ഗഫൂറിനെ പ്രശംസിച്ച് രംഗത്തെത്തിയതാണ് വഴിത്തിരിവായത്. നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണെന്നാണ് ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തത്. കൂടാതെ ഗഫൂറിനെ ബന്ധപ്പെടാനുളള കൂടുതല്‍ വിവരങ്ങളും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. 'ദുബായിലെ നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണ്. ആരെങ്കിലും എന്നെ ഈ മനുഷ്യനിലേക്ക് എത്തിക്കുമോ?', എന്നാണ് ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റിന് പിന്നാലെ തന്നെ ഷെയ്ഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റാ സ്റ്റോറിയില്‍ ഗഫൂറിനെ കണ്ടെത്തിയതായി അറിയിച്ചു. 'ആ നല്ല മനുഷ്യനെ കണ്ടെത്തി. നന്ദി അബ്ദുള്‍ ഗഫൂര്‍, നമ്മള്‍ ഉടനെ കാണുമെന്നും അദ്ദേഹം പറഞ്ഞു

Story Highlights: Delivery Boy from Viral Video is Waiting to Meet Sheikh Hamdan

Next Story