Top

യുഎഇയില്‍ ഇന്ന് 2902 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

518300 സാമ്പിളുകളാണ് പരിശോധിച്ചത്.

19 Jan 2022 1:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയില്‍ ഇന്ന് 2902 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

യുഎഇയില്‍ ഇന്ന് 2902 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 518300 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1285 പേര്‍ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 813931 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 763664 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 2200 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

അതേസമയം, യാത്രാവശ്യങ്ങള്‍ക്കായി വ്യാജ കൊവിഡ് പിസിആര്‍ പരിശോധനഫലമുണ്ടാക്കുന്നവര്‍ക്കെതിരെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പരാതി നല്‍കി. ആസ്റ്ററിന്റേതടക്കമുളള ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളുടെ പേരില്‍ വ്യാജ റിസല്‍റ്റുണ്ടാക്കി യാത്രാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോയതെന്നാണ് വിവരം.

നെഗറ്റീവ് റിസല്‍ട്ട് എന്ന രീതിയില്‍ എഡിറ്റ് ചെയ്തും വ്യാജമായിതന്നെ റിസല്‍ട്ടുണ്ടാക്കിയുമാണ് പലരും തട്ടിപ്പ് നടത്തുന്നത്. ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുളളിലെടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം ആവശ്യമാണ്. ട്രാവല്‍ ഏജന്റുമാരടക്കം അറിഞ്ഞുകൊണ്ടാണ് പലപ്പോഴും വ്യാജമായി പിസിആര്‍ പരിശോധനാഫലം യാത്രാക്കാര്‍ക്ക് നല്‍കുന്നത്.

യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ അംഗീകൃതകേന്ദ്രങ്ങളില്‍ നിന്ന് പിസിആര്‍ പരിശോധന നടത്തിവേണം യാത്ര നടത്താനെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പൊതു അറിയിപ്പില്‍ അഭ്യര്‍ത്ഥിച്ചു. 50 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെയാണ് യുഎഇയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ പിസിആര്‍ പരിശോധനയുടെ നിരക്ക്.

Next Story