മണല്‍ ചുഴിയില്‍ കുടുങ്ങിയ ഒട്ടകത്തിന് തുണയായി ദമ്പതികള്‍; കുഞ്ഞാടിനെയും പക്ഷികളെയും സമ്മാനിച്ച് ഉടമ
ദുബായില്‍ താമസിക്കുന്ന അയര്‍ലന്‍ഡ് ദമ്പതികളായ ഇയാന്‍ മര്‍ഫി, ക്രിസ്റ്റ്യന്‍ വില്‍സണ്‍ എന്നിവരാണ് ഒട്ടകത്തിനെ രക്ഷിച്ചത്.
7 May 2022 6:12 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായ്: മരുഭൂമിയിലെ മണല്‍ ചുഴിയില്‍ കുടുങ്ങിയ ഒട്ടകത്തിന് തുണയായി ദമ്പതികള്‍. ദുബായില്‍ താമസിക്കുന്ന അയര്‍ലന്‍ഡ് ദമ്പതികളായ ഇയാന്‍ മര്‍ഫി, ക്രിസ്റ്റ്യന്‍ വില്‍സണ്‍ എന്നിവരാണ് ഒട്ടകത്തിനെ രക്ഷിച്ചത്. ദുബായിലെ റസല്ഖൈമയിലായിരുന്നു സംഭവം.
ഡോഗ് പാര്‍ക്കിലേക്കുള്ള യാത്രക്കിടയിലാണ് ഇവര്‍ ഒട്ടകം മണലില്‍ പൂണ്ടുകിടക്കുന്നത് കണ്ടത്. കാല്‍ഭാഗം പൂര്‍ണമായും മണ്ണിനടിയിലായ നിലയിലായിരുന്നു ഒട്ടകം. ഉടന്‍ തന്നെ മണല്‍ മാറ്റി ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇതു കണ്ട സമീപത്തുണ്ടായിരുന്ന പതിനഞ്ചോളം ആളുകളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഒട്ടകത്തിന്റെ മുന്‍കാലുകള്‍ തളര്‍ന്ന നിലയിലായിരുന്നു. ആവശ്യമായ പരിചരണം നല്‍കിയശേഷം ഒട്ടകത്തെ ഈ സംഘം വിട്ടയച്ചു. ഈ ഭാഗത്ത് ഒട്ടകങ്ങള്‍ക്കുള്ള പാതയില്ലാത്തതുകൊണ്ട് ഇത് വഴിതെറ്റി വന്നതാണെന്നാണ് നിഗമനം.
സംഭവ സ്ഥലത്തെത്തിയ ഒട്ടകത്തിന്റെ ഉടമകള്‍ ഒരു കുഞ്ഞാടിനെയും രണ്ടു പക്ഷികളെയും ദമ്പതികള്‍ക്ക് സമ്മാനിച്ചു.എന്നാല്‍, തങ്ങള്‍ മ്യഗങ്ങളെ വളര്‍ത്താറില്ലെന്ന് പറഞ്ഞ് ഇവര്‍ സമ്മാനം നിരസിച്ചെങ്കിലും ഉടമകള്‍ നിര്‍ബന്ധിച്ചതോടെ ദമ്പതികള്‍ ഇവരുടെ സല്‍ക്കാരം സ്വീകരിക്കാന്‍ തയാറായി.
Story highlights: Couple helping a camel trapped in a sand dune; The owner presents the lamb and the birds