Top

ചീഫ് ജസ്റ്റിസ് എൻ വി രമണ യുഎഇയിൽ; പ്രതികളുടെ കൈമാറ്റം സംബന്ധിച്ച ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു

പ്രതികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 175 ഉത്തരവുകളും 105 അപേക്ഷകളും തന്റെ പരിഗണനയ്ക്ക് എത്തിയെന്ന് എൻ വി രമണ വ്യക്തമാക്കി.

18 March 2022 5:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചീഫ് ജസ്റ്റിസ് എൻ വി രമണ യുഎഇയിൽ; പ്രതികളുടെ കൈമാറ്റം സംബന്ധിച്ച ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു
X

അബുദാബി: ചീഫ് ജസ്റ്റിസ് എൻ വി രമണ യുഎഇ സന്ദർശിച്ചു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികൾ ചേര്‍ന്ന് അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ചീഫ് ജസ്റ്റിസിന് സ്വീകരണം നൽകി. ഇന്ത്യയും യുഎഇയും തമ്മില്‍ കോടതി വിധികള്‍ നടപ്പാക്കുന്നതിലും, പ്രതികളുടെ കൈമാറ്റത്തിലും, സിവില്‍ - ക്രിമിനല്‍ വിഷയങ്ങളിലെ നിയമ സഹായത്തിലും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെച്ചു. ഉഭയകക്ഷി കരാറുകള്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് എൻ വി രമണ പറഞ്ഞു.

പ്രതികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 175 ഉത്തരവുകളും 105 അപേക്ഷകളും തന്റെ പരിഗണനയ്ക്ക് എത്തിയെന്ന് എൻ വി രമണ വ്യക്തമാക്കി. ഇന്ത്യയും യുഎഇയും തമ്മിലുള്ള വലിയ സഹകരണം നിലനില്‍ക്കെ ഇത്തരം കരാറുകള്‍ ഏറെ പ്രധാനപ്പെട്ടതും മൂല്യമുള്ളതുമാണ്. നാടുകടത്തലുമായി ബന്ധപ്പെട്ട ഉത്തരവുകൾ വേ​ഗത്തിലാക്കുന്നതിനായി യുഎഇ നിയമ മന്ത്രാലയവുമായി സംസാരിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും നിയമസഹായം ആവശ്യമുള്ള എഴുപത് ശതമാനം ജനതയ്ക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ സൗജന്യമായി നിയമ പരിരക്ഷ ഉറപ്പാക്കി വരുന്നു. നിയമ സഹായം ആവശ്യമുളളവരെ സഹായിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ഒരു നിയമസഹായ കേന്ദ്രം സ്ഥാപിക്കണം. ഇതിനായി ഇന്ത്യൻ ലീ​ഗൽ സർവീസ് അതോറിറ്റി എല്ലാ സഹായവും നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം വരും നാളുകളില്‍ കൂടുതല്‍ വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻവി രമണയേയും ജസ്റ്റിസ് ഹിമ കോഹ്ലിയേയും ആദരിച്ചു. യുഎഇ ഫെഡറൽ സുപ്രീംകോടതി പ്രതിനിധികളുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി.

STORY HIGHLIGHTS: Chief Justice NV Ramana in UAE Bilateral Agreement Was Signed

Next Story