Top

അബുദാബി വിമാനത്താവളം സ്വാ​ഗതമരുളിയത് രണ്ടര ദശലക്ഷത്തിലധികം യാത്രക്കാരെ; മുന്നിൽ ഇന്ത്യയും പാകിസ്ഥാനും

ലോകമെമ്പാടും കൊവിഡ് അനുബന്ധ യാത്രാവിലക്കുകൾ നീങ്ങിയതും, വിപണികൾ ഉണർന്നതും യാത്രക്കാരുടെ എണ്ണത്തിൽ പ്രതിഫലിച്ചിട്ടുണ്ട്

12 May 2022 4:25 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബി വിമാനത്താവളം സ്വാ​ഗതമരുളിയത് രണ്ടര ദശലക്ഷത്തിലധികം യാത്രക്കാരെ; മുന്നിൽ ഇന്ത്യയും പാകിസ്ഥാനും
X

അബുദാബി: 2022 ലെ ആദ്യപാദത്തിൽ തന്നെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്ന് വ്യക്തമാക്കി അബുദാബി വിമാനത്താവളം. കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ മാത്രം 2.56 ദശലക്ഷം അതിഥികളെ സ്വാ​ഗതം ചെയ്തുകഴിഞ്ഞതായി എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചത്. കഴിഞ്ഞ വർഷം ഇതേസമയത്ത് കണ്ടതിനെക്കാൾ മൂന്നിരട്ടി വർധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടും കൊവിഡ് അനുബന്ധ യാത്രാവിലക്കുകൾ നീങ്ങിയതും, വിപണികൾ ഉണർന്നതും യാത്രക്കാരുടെ എണ്ണത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.



കഴിഞ്ഞവർഷം ആദ്യപാദത്തിൽ 8,07,310 യാത്രക്കാരെ സ്വീകരിച്ചയിടത്ത് 218 ശതമാനം ഉയർന്ന് ഈ വർഷം 2,563,297 യാത്രക്കാരാണ് അബുദാബി വിമാനത്താവളത്തിലെത്തിയത്. യാത്രാവിമാനങ്ങളുടെ എണ്ണത്തിലും ഈ വർധനവ് തെളിഞ്ഞുകാണുന്നുണ്ട്. 2021 കാലയളവിൽ 16,351 യാത്രാവിമാനങ്ങളാണ് സർവീസ് നടത്തിയതെങ്കിൽ ഈ വർഷം ആദ്യപാദത്തിൽ 38.8 ശതമാനം ഉയർന്ന് 22,689 വിമാനങ്ങളാണ് പറന്നിറങ്ങിയത്.



വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണം പരി​ഗണിച്ചുള്ള ആദ്യ അഞ്ച് സ്ഥാനക്കാരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഈ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത് ഇന്ത്യയാണ്. 515,927 ഇന്ത്യക്കാരാണ് ഈ കാലയളവിൽ അബുദാബി വിമാനത്താവളത്തിലെത്തി മടങ്ങിയത്. 253,874 പേരുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഇന്ത്യൻ യാത്രക്കാരെ പരി​ഗണിച്ചാൽ ഇത് വളരെ താഴെയാണ്. യുണെെറ്റഡ് കിങ്ഡം (170,620), കിങ്ഡം ഓഫ് സൗദി അറേബ്യ (137,582), ഈജിപ്ത് (127,009) എന്നിവരാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.

ഏറ്റവും തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങളിൽ ആദ്യസ്ഥാനത്ത് ലണ്ടനും, പിറകിലായി ഡൽഹി, ഇസ്ലാമാബാദ്, കൊച്ചി, ധാക്ക എന്നിവയും ഉൾപ്പെടുന്നു.



ഇതേസമയം, വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് സേവന നിലവാര റേറ്റിം​ഗും അബു​ദാബി വിമാനത്താവളം ഉറപ്പുവരുത്തുന്നുണ്ട്. 2022 ലെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രം എയർപോർട്ട് ശുചിത്വത്തിൽ 98.4 ശതമാനവും, യാത്രക്കാരുടെ സംരക്ഷിതത്വത്തിലും സുരക്ഷിതത്തിലും 98.2 ശതമാനവും, ഹാപ്പിനസ് ഇൻഡക്സിൽ 96.4 ശതമാനവും, ആരോ​ഗ്യ സുരക്ഷയിൽ 98.4 ശതമാനവും അബു​ദാബി വിമാനത്താവളത്തിന് റേറ്റിം​ഗും ലഭിച്ചുകഴിഞ്ഞു.

Story Highlights: Abu Dhabi Airport welcomed more than 2.5 million passengers in first quarter of this year; India and Pakistan in Top list

Next Story

Popular Stories