Top

അബുദാബിയില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് മരണം, 120ലേറെ പരുക്ക്

കണ്ണൂര്‍, കോഴിക്കോട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് റെസ്‌റ്റോറന്റ്

23 May 2022 9:05 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബിയില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് മരണം, 120ലേറെ പരുക്ക്
X

അബുദാബി: അബുദാബി അല്‍ ഖാലിദിയയില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. 120ല്‍ ഏറപ്പേര്‍ക്ക് പരുക്ക്. ഇതില്‍ 56 പേരുടെ നില ഗുരുതരമാണ്. 64 പേരുടെ പരുക്ക് നിസാരമാണെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് റെസ്‌റ്റോറന്റ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് തവണയായി വലിയ പൊട്ടിത്തെറി ശബ്ദങ്ങള്‍ കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. തൊട്ടടുത്ത കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരിസരത്തെ ആറു കെട്ടിടങ്ങളുടെ മുന്‍ഭാഗം തകര്‍ന്നു. പൊട്ടിത്തെറിയില്‍ തകരാര്‍ സംഭവിച്ച ആറ് താമസ കെട്ടിടങ്ങളില്‍ നിന്നും അവിടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു.

മരിച്ചവരേക്കുറിച്ചും പരിക്കേറ്റവരെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: Abu Dhabi gas explosion in Malayali owned restaurant Two dead, 120 injured

Next Story