Top

'വെല്ലുവിളികളുണ്ടായിരുന്നു, പക്ഷെ നേട്ടങ്ങൾ അതിനേക്കാൾ വലുതായിരുന്നു'; ഇസ്രായേൽ ബന്ധത്തെക്കുറിച്ച് അബുദാബി കിരീടാവകാശി

20 Nov 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെല്ലുവിളികളുണ്ടായിരുന്നു, പക്ഷെ  നേട്ടങ്ങൾ അതിനേക്കാൾ വലുതായിരുന്നു; ഇസ്രായേൽ ബന്ധത്തെക്കുറിച്ച് അബുദാബി കിരീടാവകാശി
X

അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന് അമേരിക്കയിൽ നിന്നും പുരസ്കാരം. ഇസ്രായേലുമായി സമാധാന ബന്ധം സ്ഥാപിച്ചതിന്റെ ബഹുമതിയായാണ് വാഷിം​ഗ് ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ സ്കോളർ സ്റ്റേറ്റ്സ് മാൻ അവാർഡ് ലഭിച്ചത്. ന്യൂയോർക്ക് സിറ്റിയിൽ വെച്ചാണ് ചടങ്ങ് നടന്നത്.

എന്നാൽ ചില അത്യാവശ്യങ്ങളാൽ ശൈഖ് മുഹമ്മദിന് യുഎസിലെത്താനാവാത്തതിനെ തു‌ടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂ‌ട്ടീവ് ഡയരക്ടർ ഡോ റോബർട്ട് സാറ്റ്ലൊഫ് കഴിഞ്ഞ മാസം അബുദാബിയിലെത്തി ശൈഖ് മുഹമ്മദിന് പുരസ്കാരം കൈമാറിയിരുന്നു.‌ അന്ന് ന‌ടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് ഇസ്രായേൽ-യുഎഇ ബന്ധത്തിനു പിന്നിലെ കാരണങ്ങളെ പറ്റി സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടു.

''ഞങ്ങളിതിനെ അപൂർവമായ ഒരു അവസരമായാണ് കണ്ടത്. ഔദ്യോ​ഗിക നയതന്ത്ര ബന്ധം ഉണ്ടാവണമെന്ന് ഞങ്ങൾ തീരുമാനിച്ചു. പല കാരണങ്ങളാൽ ഇതൊരു പ്രധാനപ്പെട്ട തീരുമാനമായിരുന്നു. ഒന്നാമത്തെ കാരണം പാലസ്തീനികൾ തന്നെ. രണ്ടാമത്തേത് ഞങ്ങൾ സമാധാനം ആ​ഗ്രഹിക്കുന്നവരാണെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നൽകൽ. മൂന്നാമത്തെ കാരണം ഞങ്ങളുടെ സ്ഥാപകൻ, വിടപറഞ്ഞ ശൈഖ് സയീദും. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകട്ടെ. യുഎഇയുടെ ആരംഭ കാലം മുതൽ അദ്ദേഹം സമാധാനവും അനുകമ്പയും ഉള്ള മനുഷ്യനായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഞങ്ങൾ ആ പാതയോട് പ്രതിജ്ഞാ ബന്ധരാണ്,'' ശൈഖ് മുഹമ്മ​ദ് പറഞ്ഞു.

എല്ലാ തീരുമാനങ്ങൾക്കും വെല്ലുവിളികളുണ്ടാവുമെന്നും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചപ്പോഴും പ്രതിബന്ധങ്ങൾ മുന്നിൽ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് വരാനുള്ള നേട്ടങ്ങൾ ഈ പ്രതിബന്ധങ്ങളേക്കാൾ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.



Next Story