അമ്പതാമത് ദേശീയദിനാഘോഷം; പുതിയ 50 ദിര്‍ഹം നോട്ട് പുറത്തിറക്കി യുഎഇ
കാഴ്ചാപരിമിതര്‍ക്ക് പുതിയ നോട്ട് തിരിച്ചറിയുന്നതിനായി ബ്രെയിന്‍ ലിപി ചിഹ്നങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ചേര്‍ത്തിട്ടുണ്ട്.
8 Dec 2021 3:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അമ്പതാമത് ദേശീയദിനത്തോടനുബന്ധിച്ച് പുതിയ അമ്പത് ദിര്‍ഹം നോട്ട് പുറത്തുവിട്ട് യുഎഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും മുന്‍കാല ഭരണാധികാരികള്‍ക്കുമുള്ള ആദരവിന്റെ ഭാഗമായാണ് പുതിയ നോട്ട് പുറത്തിറക്കിയത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികള്‍, കിരീടാവകാശികള്‍ എന്നിവരടങ്ങിയ ചടങ്ങില്‍വെച്ചാണ് പുതിയ 50 ദിര്‍ഹം നോട്ടുകള്‍ പരിചയപ്പെടുത്തിയത്.
കാഴ്ചാപരിമിതര്‍ക്ക് പുതിയ നോട്ട് തിരിച്ചറിയുന്നതിനായി ബ്രെയിന്‍ ലിപി ചിഹ്നങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ചേര്‍ത്തിട്ടുണ്ട്. നോട്ടുകള്‍ ഇനിമുതല്‍ ബാങ്ക് എടിഎമ്മുകളില്‍ ലഭ്യമാകും. നിലവിലുളള 50 ദിര്‍ഹം നോട്ടുകള്‍ തുടര്‍ന്നും ഉപയോഗത്തിലുണ്ടാകും. കളളപ്പണത്തെ തടയാനുളള സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.
പോളിമര്‍ ഉപയോഗിച്ചാണ് നോട്ട് നിര്‍മ്മിച്ചിട്ടുളളത്. വലതു വശത്ത് ശൈഖ് സായിദിന്റെ വലിയ ചിത്രവും യൂണിയനായതിന് ശേഷം വിവധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ ദേശീയപതാകയ്ക്കുകീഴില് നില്ക്കുന്ന ചിത്രവുമാണ് നോട്ടിലുളളത്. ഇടതുവശത്ത് രക്തസാക്ഷി സ്മാരകമായ വാഹത് അല്‍ കറാമയുടെ ചിത്രവും മറുഭാഗത്ത് ശൈഖ് സായിദിന്റെ ചിത്രവും യുഎഇ രൂപവത്കരണത്തിന് സാക്ഷിയായ ഇത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രവുമാണുളളത്.
- TAGS:
- UAE
- 50- Dirham