Top

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റിന് 300ദിര്‍ഹം; ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

നിലവിലെ ടിക്കറ്റ് നിരക്ക് മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ധനയിലാണെന്ന് ഗലാധരി അന്താരാഷ്ട്ര ട്രാവല്‍ സര്‍വീസ് മാനേജര്‍ രാജാ മിര്‍ വസിമിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി

14 Sep 2022 7:10 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റിന് 300ദിര്‍ഹം; ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
X

അബുദാബി: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് നിലവില്‍ 300 ദിര്‍ഹമാണ് ഈടാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ വേനല്‍ക്കാല അവധിക്കുശേഷം യുഎഇയില്‍ തിരിച്ചെത്തിയ സമയത്താണ് വിമാനടിക്കറ്റ് നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇന്ത്യയിലെ പല നഗരങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് 300 ദിര്‍ഹത്തിലെത്തി നിൽക്കുകയാണ്. അതേസമയം മടക്കയാത്രാ ടിക്കറ്റിനുള്ള നിരക്ക് 1000 ദിര്‍ഹമായി ഉയരാന്‍ സാധ്യതയുള്ളതായും പ്ലൂട്ടോ ട്രാവല്‍സ് ഉടമ അവിനാശ് അധാനി വിശദീകരിച്ചു. ദുബായില്‍ നിന്നും പാകിസ്താനിലേക്കുള്ള വിമാനടിക്കറ്റും 400 ദിര്‍ഹത്തില്‍ താഴെയാണ്.

ഇന്ത്യയില്‍ ഹോളിഡേ സീസണ്‍ തുടങ്ങുന്നതോടെ യാത്രാനിരക്കില്‍‍ വന്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത. അടുത്തമാസം മധ്യത്തോടെ യാത്രാനിരക്ക് അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒക്ടോബര്‍ 24ന് ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയുണ്ടായേക്കാം.

സെപ്തംബര്‍ അവസാനത്തോടെ തന്നെ വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ഒക്ടോബര്‍ മധ്യത്തോടെ വിമാനടിക്കറ്റ് നിരക്ക് അതിന്റെ ആധിക്യത്തിലെത്തുമെന്നും അവിനാശ് അധാനിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിലവിലെ ടിക്കറ്റ് നിരക്ക് മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ധനയിലാണെന്ന് ഗലാധരി അന്താരാഷ്ട്ര ട്രാവല്‍ സര്‍വീസ് മാനേജര്‍ രാജാ മിര്‍ വസിമിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൊവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ടിക്കറ്റ് നിരക്ക് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. യാത്രകള്‍ കുറവായതിനാലാണ് ഇക്കാലയളവില്‍ ടിക്കറ്റ് നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതെന്നും ഗലാധരി മാനേജര്‍ പറഞ്ഞു. യുഎഇ ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ ഇനിയും വര്‍ധനവ് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: 300 dirhams for flight ticket from UAE to India Lowest rate of the year

Next Story