മധ്യപ്രദേശിലെ പള്ളി ആക്രമണം; പ്രതിഷേധമറിയിച്ച് യുഎഇ രാജകുമാരി

മധ്യപ്രദേശില്‍ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ച് നടത്തിയ പണം പിരിക്കലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മുസ്ലിം പള്ളി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് യുഎഇ രാജകുടുംബാഗംമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി. മാധ്യമപ്രവര്‍ത്തകയായ റാണ അയ്യുബ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് രാജകുമാരി പ്രതിഷേധം അറിയിച്ചത്.
രൂക്ഷമായ ഭാഷയിലാണ് റാണ അയ്യുബിന്റെ ട്വീറ്റ്. പള്ളിയില്‍ അതിക്രമിച്ചു കയറിയ ദൃശ്യങ്ങള്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നെന്നും എന്നിട്ടും ഈ സംഭവങ്ങളെ നാസി ജര്‍മ്മനിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചില സുഹൃത്തുക്കള്‍ പ്രകോപിതരാവുന്നെന്നും റാണ അയ്യുബിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.
യുഎഇ രാജകുമാരി റീ ട്വീറ്റ് ചെയ്ത റാണ അയ്യുബിന്റെ ട്വീറ്റ്
സംഘപരിവാര്‍ സംഘടനകള്‍ മധ്യപ്രദേശില്‍ നടത്തിയ റാലിക്കിടെയായായിരുന്നു പള്ളിയിലേക്ക് ആക്രമണം നടന്നത്. ഡിസംബര്‍ 29 നാണ് സംഭവം നടന്നത്.
ഇന്‍ഡോറിലെ ചന്ദന്ഖേദ് ഗ്രാമത്തിലെ മുസ്ലി പള്ളിക്ക് മുന്നില്‍ 200 ഓളം പേര് ഹനുമാന് ചലിസ ജപിച്ച് പള്ളി നശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആക്രമണം നടത്തിയ യുവാക്കള്‍ പള്ളിക്ക് മുകളില്‍ കയറി കാവിക്കൊടി നാട്ടിയ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഒരു ക്യാമ്പയിന് പോലെ ഇത് ഏറ്റെടുക്കുകയും വിദ്വേഷ ട്വീറ്റുകളിട്ട നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.