‘പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടെതാണെങ്കില്‍ പോലും മുസ്ലീംകള്‍ക്ക് കുത്തിവെയ്ക്കാം’; കൊവിഡ് വാക്‌സിനില്‍ യുഎഇ ഫത്‌വ കൗണ്‍സിലിന്റെ മതവിധി

പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടതാണെങ്കിലും കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ മുസ്ലീംകള്‍ക്ക് കുത്തിവെയ്ക്കാമെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍. മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ പോര്‍ക്ക് ജെലാറ്റിന്‍ ഉള്‍പ്പെട്ട വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യ മത വിധിയില്‍ വ്യക്തമാക്കി.

പന്നിയുടെ കൊഴുപ്പ് ഔഷധമായാണ് ഉപയോഗിക്കുന്നത്. ഭക്ഷണമായിട്ട് അല്ല.

യുഎഇ ഫത്‌വ കൗണ്‍സില്‍

കൊറോണ വൈറസില്‍ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പോര്‍ക്ക് കൊഴുപ്പ് കലര്‍ന്ന വാക്‌സിന്‍. ഇസ്ലാമില്‍ പോര്‍ക്കിനുള്ള ഹറാം അതിനേക്കാള്‍ മുഖ്യവിഷയമല്ല. സമൂഹത്തിനെയാകെ അപായത്തിലാക്കുന്ന അതിവേഗം പടരുന്ന പകര്‍ച്ചവ്യാധിയാണ് കൊവിഡ്. അതിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടെന്നും ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യ ചൂണ്ടിക്കാട്ടി. ചില വാക്‌സിനുകളില്‍ പോര്‍ക്ക് ജെലാറ്റിനുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വിശ്വാസികളില്‍ ഒരു വിഭാഗം ആശങ്കയിലായിരുന്നു. ഇത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കെയാണ് എമിറേറ്റ്‌സിലെ പരമോന്നത ഇസ്ലാമിക് അതോറിറ്റിയായ ഫത്‌വ കൗണ്‍സിലിന്റെ വിശദീകരണമെത്തിയിരിക്കുന്നത്.

ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യ

വാക്‌സിനുകളിലെ സാധാരണ ചേരുവകളിലൊന്നാണ് പോര്‍ക്ക് ജെലാറ്റിന്‍. ഇസ്ലാം മത നിയമപ്രകാരം പന്നിയുടെ മാംസം ഭക്ഷിക്കുന്നത് നിഷിദ്ധമാണ്. പന്നി വൃത്തികുറഞ്ഞ മൃഗമാണെന്നും മാംസത്തില്‍ രോഗാണുക്കള്‍ ഉണ്ടെന്നും അതിനാല്‍ മനുഷ്യരില്‍ രോഗകാരണമാകുമെന്നും മതപണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബ്രിട്ടനില്‍ ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയതിനേത്തുടര്‍ന്ന് ആശങ്കയിലാണ് പ്രവാസലോകം. മിക്ക് ഗള്‍ഫ് രാജ്യങ്ങളും അന്താരാഷ്ട്ര വ്യോമപാതകള്‍ അടച്ചിട്ടിരിക്കുകയാണ്. ജനിതക മാറ്റം വന്ന വൈറസിന് 70 രോഗവ്യാപന വേഗത കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍കരുതലായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് സൗദി ഭരണകൂടം അറിയിച്ചു. എട്ട് മാസമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം ഒക്ടോബര്‍ നാലിനാണ് പുനരാരംഭിച്ചത്.

ഒമാനില്‍ ഞായറാഴ്ച്ച മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. അരോഗ്യമന്ത്രിയാണ് ആദ്യ ഡോസ് സ്വീകരിക്കുക. കൊവിഡ് ലോക് ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് കുവൈത്ത്. വിപണിക്ക് ഇനിയൊരു കര്‍ഫ്യൂ താങ്ങാനുള്ള കരുത്തില്ലെന്ന വിലയിരുത്തലിനേത്തുടര്‍ന്നാണിത്. ഖത്തറില്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ക്വാറന്റീന്‍ ഹോട്ടലുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

Latest News